ആശ്വസിക്കുവാന്‍ ആയിട്ടില്ല. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണ്ണായകം…

Print Friendly, PDF & Email

കോവിഡ് – 19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെല്ലാം തന്നെ രോഗവ്യാപനത്തിന് ഒരു പാറ്റേണുണ്ട്. രോഗം ആരംഭിക്കുക… സാവധാനം പടരുക… പെട്ടന്ന് അതിന്‍റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തുക… തുടര്‍ന്ന് രോഗവ്യാപനത്തിന്‍റെ തീവ്രത കുറയുക. ഇന്ത്യ രോഗവ്യാപനത്തിന്‍റെ പരമാവധിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നും രാജ്യത്ത് കൊവിഡ് കേസുകൾ ഏപ്രില്‍ അവസാന വാരത്തോടെ തീവ്രവ്യാപനത്തിന്‍റെ സ്റ്റേജിലേക്ക് കടക്കുന്നതിനാല്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇനി ആശങ്കാജനകമായ രീതിയിൽ വർധിക്കുമെന്നുമാണ് ആരോഗ്യ രംഗത്തുള്ളവര്‍ നല്‍കുന്ന മുന്നറിയിപ്പ്. മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തിയതിനു ശേഷം പോസിറ്റീവ് കേസുകൾ കുറയുമെന്നുമാണ് വിലയിരുത്തൽ. നിലവിൽ 14,352 പേർക്കാണ് ഇന്ത്യയിൽ വൈറസ് സ്ഥിരീകരിച്ചത്. 486 പേർ മരണപ്പെട്ടു. വരും ദിവസങ്ങളിൽ ഈ സംഖ്യകളിൽ വലിയ വർധനവുണ്ടായേക്കുമെന്നാണ് സൂചന.

വൈറസ് മാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു സാഹചര്യത്തെ കുറിച്ചുള്ള ചർച്ച ഉയർന്നുവന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ഒരാഴ്ച വളരെ നിർണായകമാണ്. രോഗവ്യാപനത്തിന്‍റെ തീവ്രതയെ നേരിടണമെങ്കില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കാതെ തരമില്ല. ശ്വാസ സംബന്ധമായി ബുദ്ധിമുട്ടുള്ള എല്ലാവരേയും പരിശോധിക്കുമെന്നും ആരോഗ്യവകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ വ്യക്തമാക്കുന്നത് .അതോടെ രോഗികളുടെ എണ്ണവും കൂടും. നിലവില്‍ രാജ്യമൊട്ടാകെ (കേരളമൊഴികെ) ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വരുന്ന ഏതാനും ദിവസങ്ങളിൽ രാജ്യത്തെ കേസുകളിൽ വലിയ വർധനവ് സർക്കാർ പ്രതീക്ഷിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രോഗവ്യാപനം കുറയാൻ വലിയ സഹായകരമായെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ കരുതുന്നത്. നേരത്തെതന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതായും സർക്കാർ വൃത്തങ്ങൾ പറയുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആദ്യഘട്ടത്തില്‍ തന്നെ ലോക്ക്ഡൗൺ നടപ്പിലാക്കുവാനോ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുവാനോ തയ്യാറായില്ല. വൈകിയാണ് ഈ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ തയ്യാറായത്. അതാണ് ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നു ചൂണ്ടിക്കാണിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •