1980 കളിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. കാത്തിരിക്കുക… വരുവാന്‍ പോകുന്നത് വറുതിയുടെ നാളുകള്‍.

Print Friendly, PDF & Email

“അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിന് കാര്‍മികത്വം വഹിച്ചതാണ് ശക്തനായ പ്രധാനമന്ത്രി എന്നത് കൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് എങ്കില്‍ – കരുത്തിന്റെ അളവുകോല്‍ അതാണ് എങ്കില്‍ – ഈ രാജ്യത്തിന് അത്തരത്തില്‍ ഒരു കരുത്ത് വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്‍റെ ദുരന്തമായിരിക്കും… മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ ചരിത്രം എന്നോട് ദയ കാണിക്കും’’ – മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ‘ദ ഹിന്ദു’വിന് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇവ. മന്‍മോഹന്‍സിങ്ന്‍റെ ഈ വാക്കുകള്‍ ഇപ്പോള്‍ അച്ചിട്ടാവുകയാണ്. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞ് സ്വാതന്ത്രാനന്തര കാലഘട്ടത്തിലെ ജിഡിപി നിരക്കിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദന രംഗത്ത്(GDP) ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപിയില്‍ 23.9 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ആകട്ടെ മൈനസില്‍ എത്തിയിരിക്കുന്നു. ഇതില്‍ നിന്ന് പെട്ടെന്നുള്ള തിരിച്ചു വരവിനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധര്‍ കാണുന്നില്ല. 1996 മുതല്‍ പ്രസിദ്ധപ്പെടുത്തുന്ന ത്രൈമാസ കണക്കുകളില്‍ ഏറ്റവും മോശം പ്രകടനമാണ് ഈ പാദത്തിലേത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. [ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിനുള്ളിൽ നിർമ്മിച്ച എല്ലാ പൂർത്തീകരിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി ആയി കണക്കാക്കുന്നത്. ജിഡിപി ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്നാപ്പ്ഷോട്ട് നൽകുന്നു, ഇത് ഒരു സമ്പദ്‌വ്യവസ്ഥയുടെ വലുപ്പവും വളർച്ചാ നിരക്കും കണക്കാക്കാൻ ഉപയോഗിക്കുന്നു.]

‘ചരിത്രം മന്‍മഹന്‍സിങ്നോട് ദയകാണിച്ചെന്നിരിക്കും. പക്ഷെ,
നരേന്ദ്ര മോദിയോട് ഒരിക്കലും കാണിക്കുകയില്ല’

നോട്ടു നിരോധനം എന്ന ഇരുട്ടടിക്കും യാതൊരു തയ്യാറെടുപ്പും കൂടാതെ നടപ്പിലാക്കിയ ജി.എസ്.ടിക്കും പിന്നാലെ അനവസരത്തില്‍ നടപ്പാക്കിയ ലോകത്തെ തന്നെ ഏറ്റവുംവലിയ അടച്ചിടിലിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് മോദിസര്‍ക്കാര‍്‍ ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ടരമാസം നീണ്ടുനിന്ന സംമ്പൂര്‍ണ്ണ ലോക്‍ഡൗണിനെ തുടര്‍ന്ന് ജിഡിപിയില്‍ 18 ശതമാനം ഇടിവുണ്ടാകുo എന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ച് ആഭ്യന്തര ഉല്‍പാദനം നാലിലൊന്ന് കുറഞ്ഞു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപിയില്‍ 23.9 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. അതായത് കഴിഞ്ഞ 12 മാസത്തിനുള്ളിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ നാലിലൊന്ന് ഇല്ലാതാക്കി എന്നര്‍ത്ഥം. 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി വരെ എങ്കിലും ഇതിന്‍റെ പ്രത്യാഘാതം പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് വിലിയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദന മേഖലയിലുള്ള ഈ തകര്‍ച്ച 2021 മുഴുവനും തുടരുo എന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. ഇന്ത്യയുടെ പരിമിതമായ സാമ്പത്തിക സാഹചര്യത്തില്‍ അതിനുള്ള സാധ്യതയാണ് ഏറേയും…

സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായ ഉപഭോക്തൃ ചെലവിടല്‍ ശേഷിയില്‍ 31.2ശതമാനമാണ് ഇടിവുണ്ടായത്. മൂലധന നിക്ഷേപത്തിലാകട്ടെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 47.9ശതമാനമാണ് കുറവുണ്ടായത്. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീമേഖലയിലും കനത്ത തിരിച്ചടിയുണ്ടായി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ‌എസ്‌ഒ) യുടെ കണക്കനുസരിച്ച്, കാർഷിക മേഖല ഒഴികെയുള്ള എല്ലാ പ്രധാന മേഖലകളും സങ്കോചങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നിർമാണത്തിൽ 50.3 ശതമാനം കുറവുണ്ടായപ്പോൾ നിർമ്മാണ വ്യവസായം 39.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.  വ്യാവസായിക വളര്‍ച്ച മൈനസ് 38.1 ശതമാനമാണ്. ഖനന മേഖലയില്‍ മൈനസ് 23.3 ശതമാനവും. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവ 7 ശതമാനം ഇടിഞ്ഞു. വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ 47.0 ശതമാനം ചുരുങ്ങി. കാർഷിക, വനം, മത്സ്യബന്ധന വ്യവസായം മാത്രമാണ് ജൂൺ പാദത്തിൽ 3.4 ശതമാനം വളർച്ച കൈവരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒരു സമ്പദ്‌വ്യവസ്ഥയിൽ ഉൽ‌പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ അളവായ ജിവിഎ(gross value added – GVA) സർക്കാർ കണക്കനുസരിച്ചു തന്നെ, അടിസ്ഥാന വിലയിൽ മൊത്ത മൂല്യവർദ്ധിത (ജി‌വി‌എ) 22.8 ശതമാനമാണ് ഇടിഞ്ഞത്. ജിഡിപി കൂപ്പുകുത്തിയതിന് ഒപ്പം 150 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് ഏകദേശ കണക്ക്. അതിനൊപ്പം രാജ്യത്തെ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കാനുള്ള ശേഷി പോലും സര്‍ക്കാറിന് ഇല്ലാതിയിരിക്കുന്നു.  ഇതെല്ലാം കാണിക്കുന്നത് കഴിഞ്ഞ മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിഘോഷിച്ചു പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് യാതൊരു ഫലവും കണ്ടില്ല എന്നുതന്നെയാണ്.

ലോകത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആണ് കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ മൈനസ് 23.9 ശതമാനമാണ് ജിഡിപി വളര്‍ച്ച എങ്കില്‍ ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളായ ജി-7 രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതി ഇങ്ങനെയാണ്. യുകെ -20.04%, ഫ്രാന്‍സ് -13.8%, ഇറ്റലി -12.4%, കനഡ -12%, ജര്‍മനി -10.1%, യുഎസ് -9.5%, ജപ്പാന്‍ -7.5%, ചൈന – 3.2%. ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ് എന്ന് ചുരുക്കം. കോവിഡിനെതിരെ പ്രഖ്യാപിക്കപ്പെട്ട അശാസ്ത്രീയ ലോക്ക്ഡൗണാണ് അതിവേഗതയിലുള്ള ഈ തകര്‍ച്ചക്ക് കാരണം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാമ്പത്തിക തളര്‍ച്ചയ്ക്കു പിന്നിലെ അടിയന്തര കാരണം മാത്രമാണ് കോവിഡ് മഹാമാരിയും അതേത്തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണും. യഥാര്‍ത്ഥത്തില്‍, ഇതിനു മുമ്പു തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുര്‍ബലമായി കഴിഞ്ഞിരുന്നു. കൊട്ടി‌ഘോഷിച്ച് നടപ്പാക്കിയ നോട്ടുനിരോധനം മുതലാണ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച താഴോട്ടു പോകാന്‍ തുടങ്ങിയത്. 2018 മുതല്‍ മാത്രമുള്ള കണക്കുകള്‍ ഇങ്ങനെയാണ്. 2018-19ലെ രണ്ടാം പാദത്തില്‍ 7.1 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. മൂന്നാം പാദത്തില്‍ അത് 6.6 ശതമാനമായി മാറി. നാലാം പാദത്തില്‍ 5.8 ശതമാനവും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ അഞ്ചു ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച. രണ്ടാം പാദത്തില്‍ അത് 4.5 ശതമാനവും മൂന്നാം പാദത്തില്‍ 4.7 ശതമാനവുമായി. നാലാം പാദത്തില്‍ 3.1 ശതമാനവും. അതാണ് ഇപ്പോള്‍ മൈനസിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ജിഡിപി ഇടിവ് സംഭവിച്ചാല്‍ 1980കളിലെ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അത് സംഭവിച്ചു കഴിഞ്ഞു. 1947ല്‍ ബ്രട്ടീഷ് കൊളോണിയില്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും മോശം സാഹചര്യമാണ് ഇപ്പോള്‍ തന്നെ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍; ദശലക്ഷക്കണക്കിന് ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് ഇത് തള്ളിവിടുമെന്നാണ് വലിയൊരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കൊയ്ത്തു കഴിഞ്ഞ നെല്‍ പാടങ്ങളില്‍ നിന്ന് നെല്‍മണികള്‍ പെറുക്കിയും കപ്പകാലകളില്‍ നിന്ന് പൊടിക്കപ്പകള്‍ പെറുക്കിയും വിശപ്പടക്കിയ ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അക്കാലത്തിലേക്കാണ് രാജ്യത്തിന്‍റെ അതിവേഗത്തിലുള്ള പ്രയാണം…

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും യാഥാര്‍ത്ഥ്യം കാണുവാനോ അംഗീകരിക്കുവാനോ കേന്ദസര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ പി‌ടി‌ഐയോട് പറഞ്ഞത്, “ആഗോളതലത്തിൽ അനുഭവപ്പെട്ട ഒരു ആഘാതം മൂലമാണ് രാജ്യത്തിന്‍റെ സാമ്പത്തിക പ്രകടനം മോശമായത് എന്നാണ്. 1870 ന് ശേഷം പ്രതിശീർഷ ജിഡിപി ഏറ്റവും കുറയുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക കണക്കുകള്‍ ഉയർത്തിക്കാട്ടി – ഒന്നര നൂറ്റാണ്ടില്‍ ഒരു തവണ സംഭവിക്കുന്ന പ്രതിഭാസമാണ് ഇതെന്നും, ഇതിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്” എന്നുമാണ്. ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമനാകട്ടെ ഒരു പടികൂടി കടന്ന് “എല്ലാം ദൈവ നിശ്ചയം” എന്നു പറഞ്ഞ് എല്ലാം ദൈവത്തിന്‍റെ തലയില്‍ കെട്ടിവച്ച് രക്ഷപെടുവാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് രാജ്യം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍റെ ആഭ്യന്തര ഉത്പാദനം 40 വര്‍ഷം പുറകിലേക്ക് തള്ളി നീക്കി – സ്വാതന്ത്രാനന്തര കാലഘട്ടത്തിനു സമാനമായ സാഹചര്യത്തിലേക്ക് എത്തിച്ച് – ജനങ്ങളെ കൊടിയ പട്ടിണിയിലാക്കിയതിന് ഉത്തരവാദിത്വം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പിടിപ്പുകേടിനും ആസൂത്രണമില്ലായ്മക്കും മാത്രമാണ്. പാട്ടകൊട്ടിയും വിളക്കു തെളിച്ചും പുഷ്പവൃഷ്ടി നടത്തിയും രാജ്യത്തിന്‍റെ സമ്പത്ത് മേഖലക്ക് ഉണര്‍വ്വുണ്ടാക്കാമെന്ന മോഹത്തിലാണ് ഇപ്പോഴും മോദിയും കൂട്ടരും. ഇവരുടെ ഈ വ്യാമോഹം രാജ്യത്തെ ജനങ്ങളെ കൊണ്ടെത്തിക്കുവാന്‍ പോകുന്നത് കൊടിയ ദാരിദ്ര്യത്തിലേക്കാണ്. കാത്തിരിക്കുക… വറുതിയുടെ നാളുകളാണ് ഇനി വരുവാന്‍ പോകുന്നത്.
To Read Another Story: ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച ദൈവ നിശ്ചയം – നിര്‍മ്മല സീതാരാമന്‍. https://www.pravasabhumi.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%a4%e0%b4%95/

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *