രാജ്യം കോവിഡുമായി പകിട കളിയില്‍, ‘അകാലപിറവി’ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത് വന്‍വില…

Print Friendly, PDF & Email

ഒരു ദശലക്ഷത്തിലധികം കോറോണ പോസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തി വെള്ളിയാഴ്ച രാവിലെ രാജ്യം ഒരു നാഴികക്കല്ല് പിന്നിടുമ്പോള്‍; പല സംസ്ഥാനങ്ങളും നഗരങ്ങളും വീണ്ടും പൂട്ടികൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഓരോ ദിവസവും 30,000ത്തിലേറെ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നു – അമേരിക്കയും ബ്രസീലും ഒഴികെയുള്ള മറ്റേതൊരു രാജ്യത്തേക്കാളും, കൂടുതലാണ് ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം. 1,003,832 കേസുകളും 25,602 മരണങ്ങളുമാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിമിതമായ പരിശോധന സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള കണക്കാണിതെന്ന് ഓര്‍ക്കണം. യഥാര്‍ത്ഥ കണക്ക് ഇതില്‍ എത്രയോ വലുതായിരിക്കും. വർഷാവസാനത്തോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുള്ള രാജ്യമാകുമെന്നാണ് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ കണക്കാക്കുന്നത്

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ വിദഗ്ധരുടെയും അക്കാദമിക് വിദഗ്ധരുടെയും സംഘടനയായ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ ശ്രീനാഥ് റെഡ്ഡി പറയുന്നു, “നമ്മള്‍ അലസതയ്ക്ക് ഒരു വില നൽകി,”. ഈ വിലയാണ് ഇന്ന് ഇന്ത്യ കൊടുത്തുകൊണ്ടിരിക്കുന്നത്. തികച്ചും പ്രസക്തമായ ഒരു വിലയിരുത്തല്‍. ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം രണ്ടരമാസത്തോളം നിശബ്ദമായിരുന്നിട്ട് വളരെ പെട്ടെന്നെടുത്ത ലോക്‍ഡൗണ്‍ പ്രഖ്യാപനവും തുടര്‍ന്നുള്ള പാട്ടകൊട്ടലും, തിരിതെളിക്കലും, പുഷ്പവൃഷ്ടിയുമൊന്നും ലോകത്തിനു മുന്പില്‍ ഇന്ത്യയെ അപഹാസ്യരാക്കിയതല്ലാതെ യാതൊരു നേട്ടവും ഉണ്ടാക്കിയില്ല എന്ന് ഇന്നു നാം തിരിച്ചറിയുന്നു. ഈ ലോക്‍ഡൗണ്‍ മൂലം രോഗവ്യാപനത്തെ തടയുവാനായില്ല പക്ഷെ താല്‍കാലികമായി മാറ്റി നിര്‍ത്തുവാന്‍ കഴിഞ്ഞു. പക്ഷെ, അത് ഇന്ത്യന്‍ ജനതക്കു സമ്മാനിച്ചത് കടുത്ത പീഢനങ്ങള്‍. സ്വാതന്ത്യത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ കൂട്ട പാലായനത്തിന് ഇന്ത്യ സാക്ഷിയായി.

വീണ്ടും തുറക്കാനുള്ള വ്യക്തമായ പദ്ധതികളില്ലാതെ മാർച്ച് മുതൽ സ്കൂളുകളും സർവ്വകലാശാലകളും വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടി, 278 ദശലക്ഷം വിദ്യാർത്ഥികൾക്ക് തുടര്‍പഠനം ദുഷ്കരമാക്കി. 100 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. പാൻഡെമിക്കിന് മുമ്പ്തന്നെ ആഴത്തിലുള്ള വിള്ളലുകൾ കാണിച്ചിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, തകര്‍ന്ന് തരിപ്പണമായി.ഏപ്രിൽ 1 ന് ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിൽ വളര്‍ച്ച നിരക്ക് 9.5 ശതമാനം വരെ ചുരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ ദശകത്തിൽ ലോകത്തിലെ ഏറ്റവും വാഗ് ദത്ത ബിസിനസ്സ് ഭൂമികയായിരുന്ന ഒരു രാജ്യത്തിന്‍റെ ഏറ്റവും മോശമായ തലത്തിലേക്കുള്ള കൂപ്പുകുത്തല്‍.

പകർച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിവേഗ നടപടി സ്വീകരിച്ചു. മാസ്കുകളും സാമൂഹിക അകലവും അദ്ദേഹം ഉപദേശിച്ചു. ഇന്ത്യയിൽ 500 ൽ താഴെ അണുബാധകൾ മാത്രം ഉണ്ടായിരുന്ന ഒരു സമയത്ത് രാജ്യ വ്യാപകമായി കടുത്ത ലോക്ക്ഡൗൺ അദ്ദേഹം ചുമത്തി, അത് മൂന്ന് മാസത്തോളം നീണ്ടു നിന്നു.

വർഷങ്ങളായി നഗരങ്ങളിലെ ജോലികളിലേക്ക് ആകർഷിക്കപ്പെട്ട ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ അതിജീവനത്തിനായി നഗരങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് തിരിച്ചുപോയി. സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടപാലായനം. ഈ പ്രക്രിയയിൽ, ഇന്ത്യയുടെ എല്ലാ കോണുകളിലേക്കും കൊറോണ വൈറസ് അണുബാധ പടര്‍ന്നു. യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിച്ച ലോക്‍ഡൗണിന്‍റെ യാഥാര്‍ത്ഥ നേട്ടം..!. ചെറിയ നീര്‍ചാലുകളില്‍ അണകെട്ടി വന്‍ ജലസംഭരണിയാക്കി മാറ്റി പെട്ടന്ന് തുറന്നു വിടുന്ന അവസ്ഥ. അതാണ് രാജ്യത്ത് സംഭവിച്ചത്.

ആദ്യകാല ലോക്ഡൗൺ “അകാലത്തായിരുന്നു, അന്ന് ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല” കാരണം ആ സമയത്ത് വൈറസ് പടർന്നിട്ടില്ല. പറയുന്നത് ന്യൂഡൽഹി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എപ്പിഡെമിയോളജി പ്രൊഫസർ ഡോ. ആനന്ദ് കൃഷ്ണൻ. തികച്ചും അകാലപക്വമായ ഒരു എടുത്തുചാട്ടമായിരുന്നു മോദിയുടേത്. ജനങ്ങള്‍ക്ക് കൊടിയ ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച ഒരു അകാലപിറവി. കോവിഡിനെ നേരിടാന്‍ രാജ്യത്തിന് സാവകാശം ഇതു മൂലം ലഭിച്ചു എന്ന് മോദിഭക്തര്‍ സ്തുതി പാടുമ്പോള്‍ രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമുള്ള രണ്ടര മാസകാലം എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം ചോദ്യമായിതന്നെ അവശേഷിക്കുന്നു. അന്ന് യാതൊരു സാമൂഹിക അകലവും പാലിക്കാതെ അഞ്ചു ലക്ഷം പേരെ സംഘടിപ്പിച്ചുകൊണ്ട് നമസ്തെ ട്രംമ്പ്‌ സംഘടിപ്പിക്കുന്നതിന്‍റെ തിരക്കിലായിരുന്നു എന്നത് ഇതിനൊരു ന്യായീകരണമല്ല.

“മോദി മുന്‍കൂട്ടി ചെയ്തു…!. എന്നാല്‍, പ്രതിസന്ധി രൂക്ഷമാകുന്നതു വരെ കാത്തിരിക്കണമായിരുന്നു” എന്ന് രാജ്യത്തെ പൊതു ജന ആരോഗ്യ വിദഗ്ധര്‍ ഒന്നടങ്കം പറയുന്നത് അതുകൊണ്ടാണ്. “The early lockdown was premature and it did nothing because the virus hadn’t spread at the time. Now is the time to impose such drastic public health measures.” പറയുന്നത് പ്രശസ്തമായ ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (AIIME) എപ്പിഡെമോളജി പ്രൊഫസറായ ഡോ. ആനന്ത് കൃഷ്ണന്‍. അതെ, കടുത്ത പൊതുജനാരോഗ്യ നടപടികൾ നടപ്പാക്കേണ്ട സമയമാണിത്. പക്ഷെ, മോദി നാല് മാസം മുന്പു തന്നെ അത് നടത്തി കഴിഞ്ഞു…

സാമ്പത്തിക തകര്‍ച്ച ശരിക്കും തിരിച്ചു കടിക്കാൻ തുടങ്ങിയപ്പോൾ മോദി ഗതി മാറ്റി. “അൺലോക്ക്, അൺലോക്ക്, അൺലോക്ക്”. കഴിഞ്ഞ മാസം അദ്ദേഹം ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും നേതാക്കളോട് അഭ്യർത്ഥിച്ചു. രാജ്യം തുറക്കുക. രാജ്യം തുറക്കാന്‍ ആരംഭിച്ചു. അതോടൊപ്പം അടക്കുവാനും. ഇന്ന്, തുറക്കലടക്കിന്‍റെ ഒരു ചതുരംഗ കളിയിലാണ് രാജ്യം. മോദി രാജ്യത്തെ അവിടെ കൊണ്ടെത്തിച്ചു. എന്നിട്ട്, സമ്പന്ന രാജ്യങ്ങളേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നതെന്ന് മോദിയും കൂട്ടരും ടെലിവിഷൻ പ്രസംഗങ്ങളിൽ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു…ലോകവേദികളില്‍ കെട്ടിഘോഷിക്കുന്നു. രാജ്യത്തില്‍ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണത്രേ..!!!.

പാൻഡെമിക് സർക്കാർ എങ്ങനെ കൈകാര്യം ചെയ്തു എന്നതുമായി മരണനിരക്കിന് ബന്ധമുണ്ടെന്ന് കരുതുന്നില്ല,” പറയുന്നത് രാജ്യത്തെ പ്രമുഖ എപ്പിഡെമോളജിസ്റ്റായ ഡോ. അനന്തകൃഷ്ണൻ. പകരം, ഇന്ത്യയുടെ ശരാശരി പ്രായം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും അമിതവണ്ണം പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങള്‍ ആണ് വൈറസ് ബാധിതരുടെ ഇടയില്‍ മരണനിരക്ക് വർദ്ധിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. 99 ഡോക്ടർമാരെ ഇതുവരെ, കോവിഡ് -19 കൊന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബുധനാഴ്ച ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. “കോവിഡ് മരണനിരക്ക് കുറയ്ക്കണമെങ്കിൽ അത് ഡോക്ടർമാരിൽ നിന്നാണ് ആരംഭിക്കേണ്ടത്,” എന്നാണ് സംഘടനയുടെ പക്ഷം. പക്ഷെ ദിനം പ്രതി ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ രോഗവ്യാപനവും മരണസംഖ്യയും വര്‍ദ്ധിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്.

രാജ്യത്തിന്‍റെ പല മേഖലകളം രണ്ടാം ഘട്ട ലോക്‍ഡൗണില്‍ തന്നെ. മുംബൈ, ന്യൂഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങൾ. തിരക്കേറിയ നഗരപ്രദേശങ്ങളിൽ എപ്പോള്‍ ലോക്‍ഡൗണ്‍ ആകുമെന്ന് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല. രാജ്യത്തിന്‍റെ പൊതു സ്ഥിതിയും വ്യത്യസ്ഥമല്ല. കേസുകൾ പെട്ടെന്നു വർദ്ധിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ ബീഹാറിലെ ഉദ്യോഗസ്ഥർ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തെലുംഗാനയും പഞ്ചാബും തമിള്‍നാടും വ്യത്യസ്ഥമല്ല. ബെംഗളൂരുവും ലോക്‍ഡൗണില്‍ തന്നെയാണ്. കേസുകളുടെ കുത്തനെ വർദ്ധനവ് വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഗോവ ഒരു പുതിയ ലോക്‍ ഡൗൺന് നിർബന്ധിതമായി. വൈറസ് പടരുന്നതിനെ നിയന്ത്രിക്കുന്നതില്‍ ഇതുവരെ പിടിച്ചുനിന്ന കേരളത്തിന്‍റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടി. കേസുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇരട്ടിയായി. രാജ്യത്തില്‍ ആദ്യത്തെ സാമൂഹിക വ്യാപനം നടന്നതായി മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വന്നു.

“ദക്ഷിണേഷ്യയിലെ പുതിയ COVID-19 ഹോട്ട് സ്പോട്ടിൽ ഞങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്,” ഇന്റർനാഷണൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ ഉദ്യോഗസ്ഥനായ ജോൺ ഫ്ലെമിംഗിന്റെ പ്രസ്താവനയിൽ പറയുന്നു. “ഇന്ത്യയിലെ ആളുകളുടെ ജീവിതം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ആളുകളെ അപേക്ഷിച്ച് വിലപ്പെട്ടതല്ല.” ഈ പ്രതിസന്ധിയോട് പ്രതികരിക്കാൻ സുതാര്യവും ശക്തവുമായ സംവിധാനം ഇന്ത്യയ്ക്ക് ഇപ്പോഴും ഇല്ലെന്നാണ് അവരുടെ വിലയിരുത്തല്‍. “മാളുകൾ തുറക്കുന്നതും വലിയ മത സദസ്സുകൾ അനുവദിക്കുന്നതും വൈറസിന് യാത്ര ചെയ്യാൻ ഒരു ഹൈവേ ഒരുക്കുന്നതിനു തുല്യമാണ്.” പക്ഷെ ഇന്ത്യ ഇപ്പോള്‍ ചെയ്യുന്നത് അതാണ്. എന്നിട്ട് ലോക്‍ഡൗണുകള്‍ പ്രഖ്യപിച്ച് കൊറോണ വൈറസുകളുമായി പകിട കളിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...