യുദ്ധം ആരംഭിച്ചു… പ്രതിരോധത്തിന്‍റെ വന്‍മതില്‍ തീര്‍ത്ത് ഇന്ന് ജനതാ കര്‍ഫ്യൂ.

Print Friendly, PDF & Email

കോറോണ വൈറസിനെതിരേ (കോവഡ്-19) പ്രതിരോധത്തിന്‍റെ വന്‍ മതില്‍ തീര്‍ക്കുകയാണ് ഇന്ന് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം രാജ്യം മുഴുവന്‍ ഇന്ന് ജനതാ കര്‍ഫ്യൂ ആചരിക്കുന്നു. സാമൂഹികമായ എല്ലാ ബന്ധങ്ങളില്‍ നിന്നും വിട്ടകന്ന് 130കോടി ജനങ്ങള്‍ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ അവരുടെ വീടുകളിലിരുന്ന് കോവഡ്-19 വൈറസുകളുടെ വ്യാപനത്തിന്‍റെ ചങ്ങല പൊട്ടിക്കുവാനുള്ള തീവ്രയത്നത്തിന്‍റെ ഭാഗമാകും. ഇന്ന് രാജ്യത്ത് വ്യാപാരസ്ഥാപനങ്ങളൊന്നും തുറക്കില്ല. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി സർവീസുകൾ, തുടങ്ങിയവയൊന്നും ഉണ്ടാകില്ല. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലിറങ്ങില്ല. ഞായറാഴ്ചകളിലെ ദിവ്യബലിക്കായി ക്രൈസ്തവദേവാലയങ്ങളൊന്നും വിശ്വാസികളുടെ മന്പില്‍ തുറക്കപ്പെടില്ല. ക്ഷേത്രങ്ങളിലെ നിത്യപൂജകള്‍ക്കൊന്നും വിശ്വാസ സമൂഹത്തിന്‍റെ സാന്നിദ്ധ്യം ഉണ്ടാവില്ല. നിസ്കാരത്തിനായി കൂട്ടമായി എത്തുന്ന വിശ്വാസികൂട്ടങ്ങളുടെ മുന്പില്‍ മോസ്കുകളും അടഞ്ഞുകിടക്കും. രാജ്യം ഒറ്റക്കെട്ടായി യുദ്ധത്തിലാണ്. അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസുകള്‍ക്കെതിരെയുള്ള അന്തിമയുദ്ധം. അതില്‍ രാജ്യത്തിനു വിജയിച്ചേ മതിയാകൂ… യുദ്ധമുന്നണിയിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്നില്‍ ഓരോരുത്തരും അണിചേര്‍ന്നേ മതിയാകൂ. ഇത് വിജയിക്കുവാന്‍ വേണ്ടി മാത്രമുള്ള യുദ്ധമാണ്.

വിജയിക്കുക… അല്ലങ്കില്‍ കൊറോണക്കു മുന്പില്‍ കീഴടങ്ങി മരിക്കുക. നമ്മുടെ മുന്പില്‍ രണ്ടു വഴികളേ ഉള്ളൂ. നമുക്ക് വിജയിച്ചേ പറ്റൂ. ഇത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന യുദ്ധമല്ല. നമ്മെ ഓരോരുത്തരേയും എത്തിപിടിക്കുവാന്‍ കൈനീട്ടിനില്‍ക്കുന്ന കൊറോണ വൈറസുകളുടെ കൈകള്‍ വെട്ടിനീക്കിയേ പറ്റൂ… അതിനാല്‍ തന്നെ കോവിഡ്-19 വൈറസുകള്‍ക്കെതിരെയുള്ള യുദ്ധത്തിന്‍റെ ആരംഭം മാത്രമാണിത്. രോഗത്തിന്‍റെ സമൂഹവ്യാപനം എന്ന മഹാവിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ നാമോരോരുത്ത യുദ്ധത്തില്‍ അണിചേര്‍ന്നേ പറ്റൂ. അല്ലങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലം. അതില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് പടയാളികളാവുക. സാമൂഹികമായി സ്വയം ഒറ്റപ്പെടുക. അങ്ങനെ കൊറോണ വൈറസുകളുടെ പടനീക്കങ്ങള്‍ ചെറുക്കുക… സമൂഹ വ്യാപനം തടയുക.

സര്‍ക്കാരോ ആരോഗ്യ വകുപ്പോ മാത്രം നോക്കിയാല്‍ ഇത് നടക്കില്ല. കൊറോണ വൈറസുകളുടെ സമൂഹവ്യാപനത്തിന്‍റെ കൈകള്‍ നമുക്ക് അരിഞ്ഞെറിയണം. അതിനു ചിലപ്പോള്‍ ദിവസങ്ങള്‍ നീളുന്ന ഒറ്റപ്പെടലുകള്‍ അനിവാര്യമായി വന്നേക്കാം. ഇന്നത്തെ ജനതാ കര്‍ഫ്യൂ അതിനുള്ള ഒരു ട്രയല്‍ റണ്‍ മാത്രം. പക്ഷെ, അവിടെ ഒരു ചോദ്യം ഉദിക്കുന്നു. വിശക്കുന്ന വയറുകള്‍ തെരുവുകളിലിറങ്ങാതെ എന്തു ചെയ്യും..?. ഇവിടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമത കാട്ടേണ്ടത്. സ്വന്തം വീടുകളില്‍ സ്വയം ക്വാറന്‍റയിന്‍ ചെയ്യപ്പെട്ട് കൊറോണ വൈറസിനെതിരെ പൊരുതുന്ന ജനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ കേള്‍ക്കുവാനായി പൊതുസംവിധാനം സജ്ജമാകണം. അവരുടെ അടിയന്തരാവശ്യങ്ങള്‍ നിവര്‍ത്തിക്കുവാനായി സപ്ലെ ചെയിന്‍ ലോജസ്റ്റിക്‍ ടീം സജീവമാകണം. ഏതൊരു യുദ്ധ വിജയത്തിനും ഏറ്റവും അനിവാര്യമാണ് യുദ്ധ ഭൂമിയിലേക്ക് ഇടമുറിയാതൊഴുകുന്ന വിഭവങ്ങള്‍. ഇതും ഒരു യുദ്ധമാണ്. ആ യുദ്ധം നാം ആരംഭിച്ചു കഴിഞ്ഞു. നാളിതുവരെ നാം നിശബ്ധമായി നടത്തികൊണ്ടിരുന്ന കൊറോണ വൈറസുകള്‍ക്കെതിരെയുള്ള യുദ്ധത്തിന്‍റെ പരസ്യപ്രഖ്യാപനമാണ് ഇന്നു നടത്തുന്ന ജനതാ കര്‍ഫ്യൂ.

  •  
  •  
  •  
  •  
  •  
  •  
  •