‘യുഗപുരുഷന്‍’ സ്വാമി അഗ്നിവേശ് അന്തരിച്ചു.

Print Friendly, PDF & Email

പ്രമുഖ ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായിരുന്നു സ്വാമി അഗ്നിവേശ്. വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം, സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യേകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്. കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. ദലിതുകൾക്ക് ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി. വിവിധ സാമൂഹിക പ്രചാരണങ്ങളിൽ ഏർപ്പെട്ടു. സ്ത്രീ ഭ്രൂണഹത്യയ്‌ക്കും സ്‌ത്രീകളുടെ വിമോചനത്തിനും എതിരെ അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. കരൾ രോഗത്തെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

സംഭവബഹുലമായിരുന്നു സ്വാമി അഗ്നിവേശിന്‍റെ ജീവിതം. 1939-ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം സന്യാസിയുടെ ജീവിതം നയിക്കുന്നതിനായി 1968 ൽ തന്റെ മതവും ജാതിയും ജോലിയും സ്വത്തുക്കളും എല്ലാം ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. 1970 ൽ ആര്യസമാജത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആര്യസഭ എന്ന രാഷ്ട്രീയ പാർട്ടി അദ്ദേഹം സ്ഥാപിച്ചു. 1977 ൽ ഹരിയാനയില്‍ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സാമൂഹിക മാറ്റത്തിനായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുവാന്‍ മടിയില്ലാത്ത സന്യാസവര്യനായിരുന്നു സ്വാമി അഗ്നിവേശ്. 2011 ലെ അഴിമതിക്കെതിരായ പ്രചാരണ വേളയിൽ അന്ന ഹസാരെയുടെ പ്രമുഖ സഹകാരിയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും സാമൂഹികവുമായ ശ്രമങ്ങൾ മാറ്റിനിർത്തിയാൽ അദ്ദേഹം അധ്യാപകനും അഭിഭാഷകനുമായിരുന്നു. 1981 ൽ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് സ്ഥാപിച്ച അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യൻ ആരാണെന്നും ഒരു ഹിന്ദു എന്താണെന്നും മറ്റുള്ളവരെ മനസ്സിലാക്കിയ യുഗപുരുഷനായിരുന്നു. അതിനാല്‍ തന്നെ തീവ്ര ഹിന്ദുത്വവാദികള്‍ അദ്ദേഹത്തിനെതിരായിരുന്നു. 2008 ൽ അദ്ദേഹത്തെ ആര്യ സമാജത്തിൽ നിന്ന് പുറത്താക്കി. അദ്ദേഹം ഹിന്ദു വിരുദ്ധനാണെന്ന് പലരും ആരോപിച്ചിരുന്നു. സംഘ് പരിവാർ തീവ്രവാദത്തിനെതിരെ മാനവികത കൊണ്ടും, ഹൈന്ദവത കൊണ്ടും, മതസൗഹാർദ്ദം ഉദ്ഘോഷിച്ചു കൊണ്ടും അദ്ദേഹം പൊരുതി. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദിച്ചു.

ഒരു കണക്കിന് സ്വാമി അഗ്നിവേശ് രക്ഷപ്പെടുകയാണ് ചെയ്തത്. തീവ്ര മതവാദികളാല്‍ രണ്ട് ദശലക്ഷം രൂപ തലയ്ക്ക് വില കല്പിക്കപ്പെട്ട മനുഷ്യനായിരുന്നു അദ്ദേഹം. ഇന്നല്ലെങ്കിൽ നാളെ ഗൗരി ലങ്കേഷിൻ്റെയും ധബോൽക്കറുടേയും, കൽബുർഗിയുടേയും ഗോവിന്ദ് പൻസാരയുടേയും അതേ വിധി ഈ മനുഷ്യനേയും തേടിയെത്തുമായിരുന്നു. 2018 ൽ സ്വാമി അഗ്നിവേഷിനെ ജാർഖണ്ഡിൽ പ്രകോപിതരായ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചത് അതിന്‍റെ റിഹേഴ്സല്‍ ആയിരുന്നു. പിന്നേയും നിരവധി തവണ അദ്ദേഹം അക്രമിക്കപ്പെട്ടു. അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിനായി 2011 ൽ മാവോയിസ്റ്റുകളുടെ താവളത്തില്‍ പോയി വിജയകരമായി ചർച്ച നടത്തിയ വ്യക്തിയെ ഒരു തീവ്രവാദത്തിന്‍റെ ഭീക്ഷണികള്‍ക്കും പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല.

നൂറ് കണക്കിന് അഭിനവ ചിന്മയാനന്ദന്മാർക്കും ആള്‍ദൈവങ്ങള്‍ക്കും ശ്വസനവീരന്മാർക്കും ജഗഫ്രോഡുമാരായ ജഗ്ഗിമാർക്കുമിടയിൽ ജനാധിപത്യ – മതേതരത്വ ശാഠ്യങ്ങളിൽ ഉറച്ചുനിന്ന അത്യപൂർവ്വം കാഷായ വേഷങ്ങളിലൊരാൾ ആയിരുന്നു സ്വാമി അഗ്നിവേശ്. സംഘ് പരിവാർ തീവ്രവാദത്തെ മാനവികത കൊണ്ടും, ഹൈന്ദവത കൊണ്ടും, മതസൗഹാർദ്ദം ഉദ്ഘോഷിച്ചു കൊണ്ടും നേരിട്ട കാവിക്കുള്ളിലെ യാഥാര്‍ത്ഥ മനുഷ്യാനായിരുന്നു അദ്ദേഹം. തന്‍റെ ജീവിതം മുഴുവനും പാര്‍ശ്വവത്കരിക്കപ്പെട്ട് ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചും ഹിന്ദുമത വർഗ്ഗീയതയ്ക്കും എതിരെ കലഹിച്ചും ആദിവാസ ഗോത്രജനതയുടെ ഉന്നമനത്തിനു വേണ്ടി പോരാടിയും ജീവിച്ച കാവിക്കുള്ളിലെ യഥാര്‍ത്ഥ മനുഷ്യന്‍.

സ്വാമി അഗ്നിവേശിന്റെ നിര്യാണം മതേതരത്വ ഭാരതത്തിന് ഏറ്റ വലിയ ദുരന്തമാണ്. മാനവികതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടി പടനയിക്കുന്ന ഒരു യഥാർത്ഥ യോദ്ധാവിനെയാണ് ഭാരതത്തിനു നഷ്ടപ്പെട്ടിരിക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി എഴുതിയതുപോലെ
“മുതിർന്ന ആര്യ സമാജ് നേതാവ്, പൊതുനന്മയ്ക്കായി വലിയ അപകട സാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറുള്ള യുഗപുരുഷന്‍, അനീതകള്‍ക്കെതിരെയുള്ള കുരിശുയുദ്ധക്കാരൻ, അദ്ദേഹത്തിന്‍റെ ദേഹം വെടിഞ്ഞ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ,”

സ്വാമി അഗ്നിവേശുമായി ‘മാതൃഭൂമി’ നടത്തിയ അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം. https://www.mathrubhumi.com/news/india/swami-agnivesh-long-conversation-1.5045432

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...