മോദി ബെംഗളൂരു സൗത്തില്‍ മത്സരിക്കും…?
പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. 1991മുതല്‍ ബിജെപി വിജയിച്ചുവരുന്ന ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്ന് മോദി മത്സരിക്കുവാനാണ് സാധ്യത. ബിജെപി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത് അഭ്യൂഹത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നത്.
പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെ 1991ല്‍ ആണ് കോണ്‍ഗ്രസ്സില്‍ നിന്ന് ബെംഗളൂരു സൗത്ത് ബിജെപി പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് 2018ല്‍ അന്തരിച്ച എച്ച്.എന്‍ അനന്തകുമാര്‍ ആയിരുന്നു ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ചു കൊണ്ടിരുന്നത്. ഇത്തവണ അനന്തകുമാറിന്റെ പത്നി തേജസ്വനിയെ മത്സരിപ്പിക്കുവാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേശീതലത്തില്‍ നിന്നുള്ള ഒരു പ്രമുഖനുവേണ്ടി പചാരണത്തിനു ഇറങ്ങുവാന്‍ തയ്യാറാകുവാനുള്ള നിര്‍ദ്ദേശം തേജസ്വനിക്കു ലഭിച്ചതായാണ് അവരോട് അടുപ്പമുള്ള കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.
അതോടെ കോണ്‍ഗ്രസ്സും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളില്‍ 18 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മോദി ബെംഗളൂരു സൗത്തില്‍ മത്സരിക്കുകയാണെങ്കില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.
3 - 3Shares