മോദിയെ ‘ഇന്ത്യയുടെ വിഭജന നായകനാക്കി’ ടൈം മാഗസിന്‍

Print Friendly, PDF & Email

മോദിയുടെ തനി നിറം തുറന്നുകാട്ടി വിമര്‍ശിച്ച് ലോക പ്രശസ്തമായ അമേരിക്കന്‍ മാസികയായ ടൈം മാഗസിന്‍ ഇന്ത്യയുടെ ഭിന്നിപ്പിക്കല്‍ ചീഫ് എന്നാണ് പ്രധാന മന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യം ഏറ്റവും ഭിന്നിച്ചിരിക്കുന്ന സമയമാണിത് എന്നും മാസിക നിരീക്ഷിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ ആതിഷ് തസീര്‍ ആണ് മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തെ വിലയിരുത്തി ലേഖനം തയ്യാറാക്കിയിരിക്കുന്നത്

മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് പുതിയ ലക്കം ടൈം മാഗസിന്‍ പുറത്തിറങ്ങുന്നത്. മേയ് മാസം 20 ന് പുറത്തിറങ്ങുന്ന മാഗസിന്‍റെ തലക്കെട്ട് തന്നെ മോദിയെ ‘ഇന്ത്യയുടെ വിഭജന നായകന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.  ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഭരണകാലത്തെ മതേതരത്വവുമായി താരതമ്യം ചെയ്താല്‍ മോദി കാലത്ത് സാമൂഹ്യ സമ്മര്‍ദ്ദത്തിലേക്ക് രാജ്യം മാറിയെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് ഭരണകൂടത്തിന്‍റെ പിന്തുണയുണ്ടെന്ന വിമര്‍ശനവും ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

ആഗോളതലത്തില്‍ മോദിക്ക് പ്രസക്തി നഷ്ടമാകുന്നുവെന്നാണ് ടൈം മുഖചിത്രം കാണിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണം കൊണ്ട് രാജ്യത്തെ വിഭജന നായകന്‍ എന്ന വിശേഷണമാണ് ആഗോളതലത്തില്‍ മോദി സമ്പാദിച്ചതെന്ന് വിമര്‍ശകര്‍ക്ക് ചൂണ്ടികാണിക്കാന്‍ സഹായകമാകുന്നതാണ് ടൈം മാഗസിന്‍ മുഖചിത്രവും വിശകലനവും.

മോദിയെ മുഖചിത്രമാക്കി മൂന്നു പ്രാവശ്യമാണ് ടൈംസ് പുറത്തിറങ്ങിയിട്ടുള്ളത്. 2012 ല്‍ ഗുജറാത്തിലെ കൂട്ടക്കൊലയുടെയും കലാപത്തിന്‍റെയും കാലത്ത് മോദിക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്ന ടൈം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മോദിയെ വാഴ്ത്താനും മാഗസിന്‍ മടി കാട്ടിയിട്ടില്ല. ഇന്ത്യയെ ഒരു വര്‍ഷം കൊണ്ട് ആഗോള ശക്തിയാക്കിയ നേതാവ് എന്ന നിലയിലാണ് അന്ന് ടൈം മാഗസിന്‍ പുറത്തിറങ്ങിയത്.

(Visited 7 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •