മാനവരാശിക്ക് ആശ്വാസ വാർത്ത. കോവിഡ് വാക്‌സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരം.

Print Friendly, PDF & Email

കൊവിഡ് വെല്ലുവിളി നേരിടുന്ന മാനവരാശിക്ക് ആശ്വാസ വാർത്ത. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരം.1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിൻ വികസനത്തിൻ്റെ ഏറ്റവും അവസാനത്തേയും നിർണായകവുമായ കടമ്പയാണ് മനുഷ്യരിലെ പരീക്ഷണം. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂ‍ർത്തിയാക്കിയാൽ മാത്രമേ ChAdOx1 nCoV-19 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ വിപണിയിൽ എത്തൂ. പതിനായിരത്തിലേറെ പേര്‍ക്കാണ് രണ്ടാം ഘട്ട പരീക്ഷണം നടത്തേണ്ടത്.

മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്ന വാര്‍ത്ത ജനങ്ങളില്‍ വലിയ പ്രതീക്ഷയാണ് വളര്‍ത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞു നിര്‍ത്താനുള്ള വാക്‌സിന്റെ അന്തിമ ഫലത്തെ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സിൻ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്.

വാക്സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.അന്തിമ ഫലവും വിജയകരമായാല്‍ ഏറ്റവും ചുരുങ്ങിയത് രണ്ടു മാസമെങ്കിലും വേണ്ടിവരും മരുന്ന് വിപണിയില്‍ എത്തിക്കുവാന്‍. ഈ കാലതാമസം ഒഴുവാക്കുവാനായി ഇതിന്റെ ഒരുകോടി ഡോസുകള്‍ ബ്രിട്ടണ്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതിനാല്‍ വാക്സിന്‍റെ അന്തിമ പരീക്ഷണവും വിജയകരമായാല്‍ സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുഷ്യരില്‍ കോവിഡിന് കാരണമാകുന്ന കൊറോണ വൈറസുമായി സാമ്യമുള്ള – ചിമ്പാന്‍സികളില്‍ ജലദോഷമുണ്ടാക്കുന്ന – വൈറസിനെ വേര്‍തിരിച്ച് ജനിതക പരിഷ്‌കരണം നടത്തി കൊറോണ വൈറസുമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന വൈറസുകളെ സൃഷ്ടിക്കുകയായിരുന്നു ഗവേഷകര്‍ ചെയ്തത്. മനുഷ്യ കോശങ്ങളിലേക്ക് കടക്കാന്‍ ഉപയോഗിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകള്‍ ഈ വൈറസിലും ഗവഷകര്‍ സന്നിവേശിപ്പിച്ചു. എന്നാല്‍ ഇവക്ക് മനുഷ്യരില്‍ രോഗം സൃഷ്ടിക്കുവാന്‍ കഴിയില്ല. ജനിതക പരിഷ്‌കരണം നടത്തിയ ഈ വൈറസുകള്‍ക്ക് കൊറോണ വൈറസുമായി വളരെയധികം സാമ്യമുള്ളതിനാല്‍ ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തുകയും ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും. വാക്സിനേഷന്‍ മൂലം ചിലര്‍ക്ക് പനിയും തലവേദനയും പ്രകടമായാല്‍ പോലും ഈ പ്രശ്‌നം പാരസെറ്റാമോള്‍ മരുന്ന് ഉപയോഗിച്ച് മറികടക്കാമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്നാണ് ഗവേഷകര്‍ കരുതുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *