മഹാതീര്ത്ഥാടന ത്തിന്റെ തപസ്യ ക്ക് അന്ത്യം
എഴുത്തുകാരൻ,അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയായിരുന്നു തുറവൂർ വിശ്വംഭരൻ (ജനനം:- സെപ്റ്റംബർ 4 1943 – മരണം:-ഒക്ടോബർ 20 2017). മഹാരാജാസ് കോളേജ് അദ്ധ്യാപകൻ, ജന്മഭൂമി മുഖ്യപത്രാധിപർ, തപസ്യ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 2016 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. അമൃത കീർത്തി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1943 സെപ്തംബർ 27നു ആലപ്പുഴയിലെ തുറവൂരിലാണു വിശ്വംഭരൻ ജനിച്ചത് . കെ പത്മനാഭൻ, മാധവി എന്നിവരായിരുന്നു മാതാപിതാക്കൾ .ഗുരുകുല സമ്പ്രദായത്തിൽ പിതാവിൽ നിന്ന് ആയുർവേദവും ജ്യോതിഷവും തർക്കവും വേദാന്തവും അഭ്യസിച്ചു.തുറവൂർ ടി.ഡി.എച്ച്.എസ് ഇൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജർമൻ, തമിഴ് ഭാഷകളിൽ അഗാധ പാണ്ഡിത്യമുണ്ട്.കാഞ്ചനയാണ് ഭാര്യ. സുമ ,മഞ്ജു എന്നിവർ മക്കളാണ്.

മഹാഭാരതദർശനം പുനർവായന എന്ന പേരിൽ രചിച്ച മഹാഭാരത വ്യാഖ്യാനം ഏറ്റവും പ്രമുഖ കൃതിയാണ്. ഭാരതീയ ദർശനങ്ങളിലും ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, സ്വാമി രംഗനാഥാനന്ദ എന്നിവരുടെ ജീവിതദർശനങ്ങളെക്കുറിച്ചും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
ബാലസംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം, മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃത കീർത്തി പുരസ്കാരം, സഞ്ജയൻ പുരസ്കാരം, മാനവസേവാ സമിതി ട്രസ്റ്റിന്റെ രാമായണശ്രീ പുരസ്കാരം, കോഴിക്കോട് രേവതീപട്ടത്താനം സമിതി സംസ്കൃതപണ്ഡിതർക്കായി ഏർപ്പെടുത്തിയ മനോരമത്തമ്പുരാട്ടി പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്, ഡോ. സി. പി. മേനോൻ അവാർഡ്,അബുദാബി മലയാളി സമാജത്തിന്റെ കേരളസമാജം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.