മന് കി ബാത്തില്‍ മോദിക്ക് തിരിച്ചടി
പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജന സംമ്പര്ക്കത്തിനായി ആരംഭിച്ച മന് കി ബാത്ത് റേഡിയോ പ്രോഗ്രാമിന്റെ ശ്രോതാക്കളില്‍ നിന്ന് പ്രധാനമന്ത്രിക്ക് തിരിച്ചടി. മന് കി ബാത്തിന്റെ 50 -ാം എപ്പിസോഡിനെ തുടര്‍ന്ന് എഐആര്‍ നടത്തിയ ടെലിഫോണ്‍ സര്‍വേയില്‍ ആണ് പ്രധാമന്ത്രിക്കെതിരെ കേള്‍വിക്കാര്‍ തിരിഞ്ഞത്.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിശബ്ദനാകുന്നുവെന്നാണ് പ്രധാന പരാതി. പ്രധാനമന്ത്രി രാജ്യത്തിന് ആവശ്യമായ കാര്യങ്ങളെകുറിച്ച് മാത്രം സംസാരിക്കുന്നില്ലന്നാണ് ഭൂരിപക്ഷം ശ്രോതാക്കളും പ്രതികരിച്ചത്. നാണയപ്പെരുപ്പം, പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്, മുന്നോക്ക വിഭാഗങ്ങളിലെയും പിന്നോക്ക വിഭാഗങ്ങളിലെയും സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സര്‍ക്കാര്‍ തലത്തിലെടുത്ത നടപടികള്‍ എന്നീ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൗനം പുലര്‍ത്തുകയാണെന്ന് ഓള് ഇന്ത്യാ റേഡിയോയുടെ ഓഡിയന്‍സ് റിസര്‍ച്ച് വിങ്ങ് നടത്തിയ ടെലിഫോണ്‍ സര്‍വേയില്‍ അഭിപ്രായപ്പെടുന്നു.
തൊഴിലില്ലായ്മ, യുവാക്കൾക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, രാജ്യത്ത് വർദ്ധിച്ചുവരുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നാണ് ജനങ്ങൾ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത്. കൂടാതെ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, കുടിവെള്ള പ്രശ്നങ്ങൾ, ഗ്രാമങ്ങളിലെ മെച്ചപ്പെട്ട ജലസേചന സൌകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം സംസാരിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ഇവയിലെല്ലാം പ്രധാനമന്ത്രി നിശബ്ദനായിരുന്നു. പകരം ബീറ്റി ബച്ചാവോ, ബെറ്റി പാഡാവോ, ശുചിത്വം, യോഗ എന്നിവയ്ക്കാണ് പ്രധാനമന്ത്രി മന് കി ബാത്തില്‍ പ്രധാന്യം നല്‍കിയത്.
അഴിമതി തടയാന്‍ സർക്കാർ ഏറ്റെടുക്കുന്ന നടപടികൾ കൂടുതൽ അറിയണമെന്നും ജൻ ധൻ യോജന, മുദ്ര വായ്പകൾ എന്നിവ വ്യക്തമാക്കണമെന്നും അഭിപ്രായ സര്‍വ്വേയില്‍ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു വടക്കുകിഴക്കൻ ഇന്ത്യയിലും അസമിലെ വിദേശികളുടെ പ്രശ്നത്തെക്കുറിച്ചും അസാമ്യത്തെ ബാധിക്കുന്ന പ്രശ്നത്തെക്കുറിച്ചും മോദി സംസാരിക്കാണമെന്നാണ് ജനങ്ങളുടെ ആവശ്യം.
15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 936 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സാമ്പിള്‍ സര്‍വേയില്‍ 50 ശതമാനം പേര് നഗരങ്ങളില്‍ നിന്നും 50 ശതമാനം പേര് ഗ്രാമങ്ങളില്‍ നിന്നുമുള്ളവരായിരുന്നു. പഠനം നടത്തിയവരില്‍ 75 ശതമാനം പേര് പുരുഷന്മാരായിരുന്നു.
പൊതുജന സംമ്പര്ക്കത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ പ്രാധാന്യം നല്കി നടത്തി വരുന്ന റേഡിയോ പ്രോഗ്രാമാണ് മന് കി ബാത്ത്. ജനങ്ങളുമായി നേരിട്ട് സംവാദം നടത്തുവാനള്ള ഭയംകൊണ്ടാണ് മോദി മന് കി ബാത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അവരുടെ ആരോപണം ശരിവക്കുന്നതാണ് എഐആര്‍ നടത്തിയ ടെലിഫോണ്‍ സര്‍വേ റിപ്പോര്‍ട്ട്.
7 - 7Shares