മധുവിധു കാലം കഴിഞ്ഞു. നിരക്ക് കുത്തനെ കൂട്ടാനുള്ള നീക്കവുമായി ടെലകോം കമ്പനികള്‍
നിസ്സാര തുകയ്ക്ക് ഇഷ്ടംപോലെ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിച്ചു കൊണ്ടിരുന്ന ആ മധുരകാലത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ജിയോയും അറിയിച്ചു കഴിഞ്ഞു. ബിഎസ്എന്‍ എല്‍ മാത്രമാണ് നിരക്കുവര്ദ്ധനവിനെപറ്റി ഇതുവരേയും ഒരു സൂചനയും തരാത്തത്.
വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുകയും സാമ്പത്തിക ബാധ്യത കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. എത്ര ശതമാനം വര്‍ധന നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല. മേഖലയിലെ നികുതി വര്‍ധന നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലേക്ക് കമ്പനികളെ എത്തിക്കുന്നുവെന്നാണ് വിവരം. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ടെലികോം മേഖലയിലേക്കുള്ള ജിയോയുടെ കടന്നുവരവ് മറ്റ് കമ്പനികളെയെല്ലാം വന്‍ പ്രതിസന്ധിയിലാക്കി. റിലയന്‍സ് ജിയോ ഒഴികെയുള്ള രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ് മുമ്പോട്ടു പോകുന്നത്. ഈ കമ്പനികളെല്ലാം കൂടി 49,990 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക. ഈ കുടിശ്ശിക എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സുപ്രീം കോടതി ഉത്തരവിട്ടത്. 7 ലക്ഷംകോടി രൂപയാണ് ടെലകോം മേഖലയില്‍ ആകെ കടം. കൂടാതെ ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു.