ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി. കര്‍ദ്ദിനാള്‍ ആലഞ്ചിരിക്കെതിരെ കേസെടുത്തു

Print Friendly, PDF & Email

ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി സിറോ മലബാർ സഭ തലവന്‍ കർ‍ദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസെടുത്തു. കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെയും കോടതി കൂട്ടുപ്രതികളാക്കി. ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മൂന്നു കോടി രൂപ പിഴചുമത്തിയതിന് പിന്നാലെ കോടതി കേസെടുത്തത് സീറോ മലബാര്‍ സഭയുടെ വിശ്വാസ്യതക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്.

ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലാണ് കേസ്. മൂന്ന് ഏക്കറോളം ഭൂമി വില്പനനടത്തിയതുമായി ബന്ധപ്പെട്ട് വിശ്വാസ വഞ്ചന, സാമ്പത്തിക നഷ്ടമുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതി നല്‍കിയത്. നേരത്തെ പോലീസിന് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് തയാറായിരുന്നില്ല. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയില്‍ എത്തിയത്. സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്ന ആക്ഷേപം. അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭയ്ക്ക് അന്യായമായ നഷ്ടം വരണമെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് അഞ്ചിടത്തെ 301.76 സെന്റ് സ്ഥലം 36 പ്ലോട്ടുകളായി വിറ്റതെന്നുമായിരുന്നു പരാതി.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപിത്തുള്ള 60 സെന്‍റ് ഭൂമി ഇടനിലക്കാർ വഴി വിറ്റതിൽ കോടികളുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയാണ് മൂന്ന് കോടി രൂപ പിഴ ചുമത്തിയത്. 60 സെന്‍റ് ഭൂമി വിറ്റത് 3 കോടി 99 ലക്ഷം രൂപയ്ക്കാണെന്നായിരുന്നു സഭ ആധാരത്തിൽ കാണിച്ചത്. എന്നാൽ ഇടനിലക്കാരനായ സാജു വർഗീസിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമി വിൽപ്പന നടത്തിയത് 10 കോടി രൂപയ്ക്കാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

ഇടനിലക്കാരനൊപ്പം രേഖകളിൽ ഒപ്പിട്ടത് എറണാകുളം- അങ്കമാലി അതിരൂപതയുടെ സഭയുടെ സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവയാണെന്നും രേഖകളിലുണ്ട്. കേസിൽ സാജു വർഗീസ് അടക്കമുള്ളവരെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

(Visited 12 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares