ഭരണഘടനാ വിരുദ്ധമായ പൗരത്വ ബില്‍ ലോകസഭ പാസ്സാക്കി. പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്…?.

Print Friendly, PDF & Email

തികച്ചും നാടകീയമായ നിരവധി സംഭവ വികാസങ്ങള്‍ക്കൊടുവില്‍ വിവാദമായ പൗരത്വ ബില്‍ ലോകസഭ പാസ്സാക്കി. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ നിശിചത കാലാവധി ഇന്ത്യയില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്ലാണിത്. എന്‍ഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. എന്‍ഡിഎയിലുള്ള കക്ഷികള്‍ക്കു പുറമേ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ, ശിവസേന തുടങ്ങിയ കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചു. ഇതോടെ ബില്‍ രാജ്യസഭയില്‍ പാസ്സാകുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് കരുതുന്നത്. ബില്‍ രാജ്യസഭയില്‍ കൂടി പാസ്സായാല്‍ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവക്കും. അതോടെ നിയമമാകും.

12 മണിക്കൂറുകള്‍ നീണ്ട ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ആണ് നടന്നത്. ഇന്ത്യയുടെ മതേതരത്വ മുഖം ഇല്ലാതാക്കുന്നതാണ് ബില്ലെന്നും മുസ്ലീമുകളെ മാത്രം മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ബില്‍ ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം വാദിച്ചു. മതം നോക്കിയല്ല പൗരത്വം നല്‍കേണ്ടത്. മതങ്ങളുടെ പേരിന് പകരം നിശ്ചിത കാലാവധി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ക്കുo പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം തള്ളികൊണ്ടാണ് ലോകസഭയില്‍ ബില്‍ പാസ്സായത്. വ്യാഴാഴ്ചക്കുള്ളില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. രാജ്യസഭയില്‍ ബില്‍ പാസായാല്‍ സുപ്രിം കോടതിയുടെ ഭരണഘടന ബഞ്ചിനെ സമീപിക്കുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.

  •  
  •  
  •  
  •  
  •  
  •  
  •