ബെംഗളൂരു മലയാളികളുടെ സാമൂഹിക,സാംസ്കാരിക നായകന്‍ കെ.രാജേന്ദ്രന്‍ അന്ത്യയാത്രയായി…

Print Friendly, PDF & Email

നാല് ദശകങ്ങളോളം ബംഗളുരു മലയാളികളുടെ കലാസാംസ്കാരിക രംഗത്ത് സജീവമായി മുൻനിരയിൽ നിലയുറപ്പിച്ചിരുന്ന നേതൃഗുണവും സംഘടനാപാടവവുമുള്ള വ്യക്തിത്വമായിരുന്നു ഇന്ന് പുലർച്ചെ അന്തരിച്ച ശ്രീ കെ .രാജേന്ദ്രൻ. ഒട്ടേറെ സംഘടനകളുടെ ഉപദേശകനും രക്ഷാധികാരിയുമൊക്കെ ആയിരുന്ന ശ്രീ രാജേന്ദ്രന്റെ പ്രധാന പ്രവർത്തനകേന്ദ്രവും ആസ്ഥാനവും ശ്രീനാരായണ സമിതിയായിരുന്നു. സെന്റ് മാർക്സ് റോഡിന്റെ പിന്നിൽ ഒരു കുടുസു വാടകമുറിയിൽ ഒതുങ്ങിയിരുന്ന ശ്രീനാരായണസമിതിയെ ഒരു വൻ പ്രസ്ഥാനമാക്കിമാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ പ്രമുഖൻ ശ്രീ രാജേന്ദ്രനായിരുന്നു. ഏറെകാലം നഗരത്തിലെ മലയാളി കൂട്ടായ്മകളുടെ മുൻനിര യിലായിരുന്നു സമിതി. കന്നഡ ജനതയുമായി സമിതിയെ ഇഴചേർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ശ്രീ രാജേന്ദ്രനല്ലാതെ മറ്റൊരാളല്ല. ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്നവരാണ് കർണാടകത്തിലെ ഈഡിഗർ. ഗുരുദേവനെ മുൻനിർത്തി ഈ ജനവിഭാഗവുമായി ഒത്തുചേർന്നാണ് ശ്രീ രാജേന്ദ്രൻ ശ്രീനാരായണസമിതിയെ മുന്നോട്ട് നയിച്ചത്. ദീർഘകാലം സമിതിയുടെ അധ്യക്ഷനും പിന്നീട്‌ ഉപദേശകസമിതി ചെയർമാനുമായി അദ്ദേഹം പ്രവർത്തിച്ചു. സംസ്ഥാന ഗവര്‍മ്മെന്‍റിന്‍റെ പ്രവാസി സെല്ലായ നോര്‍ക്ക റൂട്ട്സിന്‍റെ ബെംഗളൂരു ഓഫീസ് സ്ഥാപിക്കുന്നതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളും രാജേന്ദ്രന്‍റേതായിരുന്നു.

പ്രതിഭ പ്രകടമാക്കിയ എഴുത്തുകാരനും നല്ലൊരു പത്രാധിപരുമായിരുന്നു ശ്രീ രാജേന്ദ്രൻ. ദീർഘകാലം സന്ദേശം മാസികയുടെ ചീഫ്‌ എഡിറ്ററായി പ്രവർത്തിച്ചു. സന്ദേശത്തിലാണ് കുടുതലും എഴുതിയത്‌. 2009 ൽ ഇന്ദിരാനഗറിലെ ഇസിഎയിൽ സംഘടിപ്പിച്ച അക്ഷരോത്സവത്തിൽ സുധാകരൻ രാമന്തളി, കൊമ്പൻ ആന്റണി, ഇന്ദിരാബാലൻ, വിഷ്ണുമഗലം കുമാര്‍ എന്നിവരുടെ പുസ്തകങ്ങളോടൊപ്പം ശ്രീ രാജേന്ദ്രന്റെ പുസ്തകവും‌ പ്രകാശനം ചെയ്തു . അടുത്തവർഷം ബംഗളുരു മലയാളി റൈറ്റേഴ്‌സ് ആൻഡ്‌ ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ വി പി സ്മാരക പുരസ്‌കാരത്തിന് ശ്രീ രാജേന്ദ്രനാണ് അർഹനായത്. പ്രശസ്ത സാഹിത്യകാരൻ കെ .പി രാമനുണ്ണി പുരസ്കാരം സമ്മാനിച്ചു. കർണാടകത്തിലെ മലയാളി സംഘടനകളുടെ കൂട്ടായ്‌മ യാഥാർഥ്യമാക്കാൻ യത്നിച്ചതും ശ്രീ രാജേന്ദ്രനായിരുന്നു. ബിസിനസ് രംഗത്തും അദ്ദേഹം നേട്ടങ്ങൾ കൊയ്തു. ശ്രീ രാജേന്ദ്രൻ ചെയർമാനായ ഒകെഎം ഗ്രൂപ്പ് നഗരത്തിലെ പ്രമുഖ സ്‌ഥാപനങ്ങളിൽ ഒന്നാണ്. എം ജി റോഡിലെ യൂട്ടിലിറ്റി ബിൽഡിങ്ങിലാണ് ഒകെഎം ഗ്രൂപ്പിന്റെ ഷോ റൂം. ലാൽബാഗിനടുത്തുള്ള ഓഫിസായിയുന്നു ഗ്രൂപ്പിന്റെ ആസ്ഥാനവും രാജേന്ദ്രന്റെ പ്രവർത്തനസങ്കേതവും. വർഷങ്ങളോളം ബാംഗ്ലൂർമലയാളികളുടെ സാംസ്‌കാരിക പ്രവർത്തനത്തിന്റെ സിരാകേന്ദ്രവും ഇതായിരുന്നു. ഏതാനും വർഷം മുമ്പ് ഒരു യാത്രയ്‌ക്കിടയിൽ ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയതോടെയാണ് സാമൂഹിക പ്രവർത്തനത്തിലും ബിസിനസിലും ഒരുപോലെ സജീവമായിരുന്ന രാജേന്ദ്രന്റെ ജീവിതം പാടെ മാറിപ്പോയത്. എന്നിട്ടും പരസഹായത്തോടെ അദ്ദേഹം ചില വേദികളിൽ എത്തിയിരുന്നു. ക്രമേണ ആരോഗ്യനില വഷളായി. അവസാനം സ്വപ്നപദ്ധതികൾ പലതും പൂർത്തിയാക്കാതെ അദ്ദേഹം അന്ത്യയാത്രയായി.

– വിഷ്ണുമംഗലം കുമാർ (കേരള ശബ്ദം ഗ്രൂപ്പിന്‍റെ ബെംഗളൂരു പ്രതിനിധിയാണ് ലേഖകന്‍)

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...