ബിജെപി വിട്ട ശിവം ശങ്കര്‍ സിങ്‌ന്റെ ബിജെപിക്കെതിരെയുള്ള കുറ്റപത്രം വൈറല്‍ ആയി

Print Friendly, PDF & Email

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ കുറ്റപത്രവുമായി പാര്‍ട്ടിയുടെ പ്രചാരണ വിദഗ്ധനും അനുയായിയുമായിരുന്ന ശിവം ശങ്കര്‍ സിങ്.  താന്‍ എന്തുകൊണ്ട് ബി.ജെ.പി വിടുന്നു എന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ എഴുതിയ നീണ്ട കുറിപ്പിലാണ് പാര്‍ട്ടിക്കെതിരെ സിങ് കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്നത്.

പാര്‍ട്ടിയില്‍ ജനാധിപത്യ സംവാദം തീരെ ഇല്ലാതായെന്നും ഭരണകൂടം അസത്യങ്ങളെ സത്യമായി പ്രചരിപ്പിക്കുകയും പിന്നീട് തെളിവു സഹിതം കണ്ടുപിടിക്കപ്പെട്ടാല്‍പോലും അതില്‍ ഒരു കുറ്റബോധവും പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ദോവലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൗണ്ടേഷനില്‍ സീനിയര്‍ ഫെലോയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിവര വിശകലന വിദഗ്ധനും കൂടിയായിരുന്ന ശിവം ശങ്കര്‍ സിങ് ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങള്‍:

1. നോട്ട് അസാധുവാക്കല്‍ വന്‍ പരാജയമായിരുന്നു. അത് തുറന്നുസമ്മതിക്കാന്‍ മോദി തയാറാകുന്നില്ല. അത് വാണിജ്യരംഗത്തെ കൊന്നുകളഞ്ഞു.

2. ധൃതിപിടിച്ച് നടപ്പാക്കിയ ചരക്ക് സേവന നികുതി വ്യാപാരമേഖലക്ക് തിരിച്ചടിയായി. എല്ലാതരത്തിലും കച്ചവടക്കാര്‍ ബുദ്ധിമുട്ടി. പാളിച്ചകള്‍ സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞില്ല.

3. അന്വേഷണ ഏജന്‍സികളായ സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിച്ചു. മോദിക്കോ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കോ എതിരെ എന്തെങ്കിലും പറഞ്ഞാല്‍ അന്വേഷണ ഏജന്‍സികള്‍ ആഞ്ഞടിക്കുന്ന സ്ഥിതി വന്നു.

4. അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കാലിഖൊ പുലിന്റെ ആത്മഹത്യ കുറിപ്പ്, ജഡ്ജി ലോയയുടെ മരണം, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല എന്നിവയില്‍ കൃത്യമായ അന്വേഷണം നടന്നില്ല.

5. മേക് ഇന്‍ ഇന്ത്യ, സന്‍സദ് ആദര്‍ശ് ഗ്രാമീണ്‍ യോജന, നൈപുണ്യശേഷി വികസനം തുടങ്ങി കൊട്ടിഘോഷിച്ച പദ്ധതികള്‍ വന്‍ പരാജയം. എന്നിട്ടും അത് മറച്ചുവെക്കുന്നു. തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷം. ഓരോ നീറുന്ന പ്രശ്‌നത്തെയും പ്രതിപക്ഷത്തിന്റെ നാടകമായി അവതരിപ്പിച്ച് അവഗണിക്കുന്നു.

6. യു.പി.എ കാലത്ത് ഇന്ധനവിലവര്‍ധനക്കെതിരെ മോദിയും ഓരോ ബി.ജെ.പി അനുയായിയും ശബ്ദമുയര്‍ത്തി. ക്രൂഡ് ഓയില്‍ വില അന്നത്തേതിനേക്കാള്‍ കുറഞ്ഞ സാഹചര്യത്തിലും ബി.ജെ.പി ഭരണത്തില്‍ കുതിച്ചുയര്‍ന്ന എണ്ണവില ഇവരെല്ലാവരും കൂട്ടത്തോടെ ന്യായീകരിക്കുന്നു.

7. വിദ്യാഭ്യാസമേഖലക്ക് പരിഗണനയില്ല. ആയുഷ്മാന്‍ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ ആരോഗ്യമേഖലയും കടുത്ത അവഗണനയിലാണ്.

8. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ അഴിമതി നിയമപരമാക്കുന്ന നീക്കമാണ്. ഇതിലൂടെ കോര്‍പറേറ്റുകള്‍ക്കും വിദേശ ശക്തികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികളെ വിലകൊടുത്ത് വാങ്ങാന്‍ കഴിയും. തെരഞ്ഞെടുപ്പ് ബോണ്ടിന് രഹസ്യസ്വഭാവമുണ്ട്. 1000 കോടി നല്‍കുന്ന കമ്പനിക്കു വേണ്ടി സര്‍ക്കാറിന് ഒരു നയം പാസാക്കിക്കൊടുക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ പിന്നീട് വിചാരണയോ നിയമനടപടികളോ ഉണ്ടാകില്ല. മന്ത്രിതലത്തിലേക്ക് ആരുമറിയാതെ അഴിമതി ചുരുങ്ങും. ഉത്തരവുകളിലോ ഫയലുകളിലോ അഴിമതി കാണില്ല. അമേരിക്കയിലേതുപോലെ നയപരമായ തലത്തിലേക്ക് അത് മാറും.

9. ആസൂത്രണ കമീഷന്‍ ഇല്ലാതായതോടെ രാജ്യത്തെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലാതായി. പകരം വന്ന നിതി ആയോഗിന് ആസൂത്രണ കമീഷന്റെ കടമയല്ല ഉള്ളത്.

10. സര്‍ക്കാറിനെതിരെ ശബ്ദിച്ചാല്‍ നിങ്ങള്‍ ദേശവിരുദ്ധനാകുന്നു. പിന്നെ ഹിന്ദുവിരുദ്ധനും. വിമര്‍ശകരെ ഇങ്ങനെ അടയാളമിട്ട് ഒറ്റപ്പെടുത്തുന്നു.

11. ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലുകളില്‍ ആകക്കൂടിയുള്ളത് ദേശീയതദേശവിരുദ്ധത, ഹിന്ദുമുസ്‌ലിം, ഇന്ത്യ പാകിസ്താന്‍ സംവാദങ്ങള്‍ മാത്രം. യഥാര്‍ഥ വിഷയങ്ങളെ വഴിമാറ്റുകയാണ് അവര്‍ ചെയ്യുന്നത്.

12. അടുത്ത തെരഞ്ഞെടുപ്പില്‍ വ്യാജ ദേശീയത ഉത്തേജിപ്പിക്കാനും ധ്രുവീകരണത്തിനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ജിന്ന, നെഹ്‌റു, കോണ്‍ഗ്രസ് നേതാക്കള്‍ ഭഗത് സിങ്ങിനെ ജയിലില്‍ കണ്ടില്ല, ഗുജറാത്തില്‍ മോദിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ നേതാക്കളെ കണ്ടു, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍ തുടങ്ങി ബി.ജെ.പി നേതാക്കളില്‍ നിന്നുണ്ടായ പ്രസ്താവനകളെല്ലാം തെരഞ്ഞെടുപ്പില്‍ ധ്രുവീകരണമുണ്ടാക്കി ജയം ലക്ഷ്യമിട്ടുള്ളതാണ്.

മോദിയില്‍ ഇന്ത്യയുടെ പ്രതീക്ഷാകിരണമുണ്ടെന്ന് ബോധ്യപ്പെട്ടാണ് 2013മുതല്‍ ബി.ജെ.പി അനുയായി ആയതെന്നും ഇപ്പോള്‍ അതെല്ലാം പൂര്‍ണമായി അസ്തമിച്ചുവെന്നും ശിവം ശങ്കര്‍ സിങ് വ്യക്തമാക്കുന്നു.

(Visited 44 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...