ഫാ.സ്റ്റാൻ സ്വാമി, മാഫിയ – ഭരണകൂട ബന്ധത്തിന്‍റെ ബലിയാട്.

Print Friendly, PDF & Email

“നദിയും സമുദ്രവുമെന്ന പോലെ ജീവനും മരണവും ഒന്നാണെ”ന്ന ഖലീൽ ജിബ്രാന്റെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്, അറസ്റ്റിനു മുമ്പ് ഫാ.സ്റ്റാൻ സ്വാമി എഴുതിയ കുറിപ്പ് അവസാനിക്കുന്നത്. ജീവിതം അശരണർക്കായി സമർപ്പിച്ച 84 കാരനായ ഒരു സന്യാസിക്കു അറസ്റ്റിലും പീഢനങ്ങളിലും മരണത്തിലും ഒന്നും പേടിയുണ്ടാകില്ല. പക്ഷേ, നമ്മൾ പേടിക്കണം. രാജ്യത്ത് ദിനംപ്രതി ഫാസിസ്റ്റ് ഭരണകൂട ഭീകരത വര്‍ദ്ധിക്കുന്നു അഥവ മാഫിയകള്‍ ഭരണകൂടങ്ങളില്‍ പിടിമുറുക്കുന്നതു മൂലം ഭരണകൂട ഭീകരത വര്‍ദ്ധിക്കന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ജനാധിപത്യത്തിന്‍റെ മരണമണിയാണ് ഇവിടെ മുഴങ്ങുന്നത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെന്നോ സര്‍വ്വതംഗപരിത്യാഗിയായ വൃദ്ധ സന്യാസിയെന്നോ ഉള്ള വിത്യാസം ഭരണകൂട ഭീകരതക്ക് ഇല്ല. അവരെ എതുര്‍ക്കുന്നവരെ അവര്‍ വേട്ടയാടി പിടിക്കും. ലോകത്തിലെ ഏത് ഭരണകൂട ഭീകരതയിലും അത് മാത്രമായിരിക്കും പോലീസിന്‍റെ ജോലി. ഈശോ സഭയിലെ ഒരു മലയാളി വൈദീകനായ 84വയസ് പിന്നിട്ട വയോവൃദ്ധനായ ഫാ. സ്തനിസ്ലാവോസ് സ്വാമിയെന്ന സ്റ്റാൻ സ്വാമിയെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (UAPA) പ്രകാരംഎന്‍ഐഎ (NIA) അറസ്റ്റു ചെയ്തതിലൂടെയും സുധാ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്ലിംഗ്, ഹാനി ബാബു, കബീർ കലാമഞ്ച് പ്രവർത്തകർ എന്നിവർക്ക് ശേഷം എഡ്ഗാർ പരിഷത്ത്/ ഭീമാ – കോറിഗാവ് കേസിൽ പ്രതിചേര്‍ക്കപ്പെട്ടതിലൂടേയും, രാജ്യത്തും മാഫിയ-ഭരണകൂട കൂട്ടുകെട്ടിലൂടെ ഉരുത്തിരിയുന്ന ഭരണകൂട ഭീകരത വര്‍ദ്ധിക്കുന്നുവെന്നാണ് തെളിയുന്നത്.

30 വർഷങ്ങളായി ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടുന്ന അദ്ദേഹം ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ പറയുന്ന ട്രൈബ്സ് അഡ്വൈസറി കൗൺസിൽ രൂപികരിക്കാത്തതിനെതിരെ ശക്തമായി പ്രതിക്ഷേധിച്ചിരുന്നു. വർഷക്കളായി വിചാരണ കൂടാതെ തടവിൽ പാർപ്പിച്ചിരിക്കുന്ന ആദിവാസികളെ അടിയന്തിരമായി മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം സ്റ്റേറ്റിനെതിരെ ഒരു PIL സമർപ്പിച്ചിരുന്നു. ആദിവാസി ഭൂമി എളുപ്പത്തിൽ തട്ടിയെടുക്കാനായി രൂപീകരിച്ച ‘ലാന്റ് ബാങ്ക്’നെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു വന്നിരുന്നു ഒരായുഷ്കാലം ആദിവാസികൾക്കുവേണ്ടി ചിലവഴിച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റായി ചിത്രീകരിക്കാനാണ് ഇപ്പോൾ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ 15 മണിക്കൂർ അദ്ദേഹത്തെ ചോദ്യം ചെയ്തു. അതിനു ശേഷം വീണ്ടും ചോദ്യം ചെയ്യുന്നതിനായി മുംബൈയിൽ ചെല്ലണമെന്നു നിർദേശിച്ചു. 84 കാരനായ തനിക്ക് റാഞ്ചിയിൽ നിന്നു മുംബൈ വരെ ഈ കോവിഡ് കാലത്ത് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും വീഡിയോ കോൺഫ്രൻസിംഗിലൂടെ ചോദ്യം ചെയ്യലിനു വിധേയനാകാമെന്നും അദ്ദേഹം മറുപടി നൽകി. അതിനു ശേഷമാണ് എൻ ഐ എ സംഘം താമസസ്ഥലത്തു നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും പാർക്കിൻസൺസ് രോഗബാധിതനായ ഈ വയോധികനെ ഈ കോവിഡ് കാലത്ത് റാഞ്ചിയിൽ നിന്നു മുംബൈയിലേക്ക് കൊണ്ടു പോയതും.

ഖനി ലോബികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങിയതോടെയാണ് സ്റ്റാൻ സ്വാമിയെ അധികാരികൾ നോട്ടമിടാൻ തുടങ്ങിയത്. ധാതുസമ്പന്നമായ ജാർഖണ്ഡിലെ ആദിവാസി- വനഭൂമികൾ കൈയടക്കാനും ആദിവാസികളെ അവരുടെ പൈതൃക ഭൂമിയിൽ നിന്ന് ആട്ടിപ്പായിക്കാനും വൻ കോർപറേറ്റുകൾ ശ്രമം തുടങ്ങിയ 90 കളിലാണ് സ്റ്റാൻ സ്വാമിയുടെയും പോരാട്ടങ്ങൾ തുടങ്ങുന്നത്. നക്സലൈറ്റ്, മാവോയിസ്റ്റ് ബന്ധങ്ങൾ ആരോപിച്ച് ആദിവാസി യുവാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലുകളിൽ അടച്ചത് അദ്ദേഹം പുറത്തു കൊണ്ടു വന്നു. ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന ആദിവാസി യുവാക്കളിൽ 98% നും യാതൊരു നക്സൽ ബന്ധങ്ങളുമില്ലെന്ന് തെളിവുകൾ സഹിതം സ്ഥാപിക്കുന്ന ഗ്രന്ഥം അദ്ദേഹം 2016 ൽ പ്രസിദ്ധീകരിച്ചത് ഭരണകൂടത്തിന് വൻ തിരിച്ചടി ആയിരുന്നു. 5,000 രൂപയിൽ താഴെയാണ് ജയിലിൽ കഴിയുന്ന ചെറുപ്പക്കാരുടെ കുടുംബ വരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർക്കു വേണ്ടി അഭിഭാഷകരെ നിയോഗിക്കാനും ജാമ്യമെടുക്കാനും സ്റ്റാൻ സ്വാമി രംഗത്തിറങ്ങി. 2014 ൽ കേന്ദ്രത്തിലും ജാർഖണ്ഡിലും ബി ജെ പി അധികാരത്തിൽ വന്നതോടെ സ്വാമിക്കെതിരായ നീക്കങ്ങൾ ശക്തമായി. 2018 ൽ ഒരു അറസ്റ്റുണ്ടായി. വർഗീയവിഷവും അദ്ദേഹത്തിനെതിരെ ചീറ്റി.

സര്‍ക്കാരിന്‍റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഒരു ദേശദ്രോഹി കൂടി അറസ്റ്റ് ചെയ്യപ്പെട്ടതിൽ എല്ലാ മാഫിയകള്‍ക്കും സന്തോഷിക്കാം. 84 വയസെത്തിയ – ഏതു നിമിഷവും മരിച്ചു പോയേക്കാവുന്ന – ഒരു വൃദ്ധന്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നതു വല്ല്യ കാര്യമാക്കേണ്ട കാര്യമില്ല എന്നോർത്ത് പ്രായോഗികവാദികൾക്ക് കസേരയിൽ ചാരിക്കിടന്ന് ഉച്ചയുറക്കം തുടരാം. അറസ്റ്റ് ചെയ്യപ്പെട്ടത് ഒരു മതപുരോഹിതൻ ആകയാൽ മതവിരുദ്ധർ ഈ അറസ്റ്റിൽ തെല്ലും ആകുലപ്പെടേണ്ട കാര്യവുമില്ല.
രാഷ്ട്രത്തിനും സഭക്കും അജഗണങ്ങൾക്കും നല്കിയ നിസ്തുല സംഭാവനകളെ പ്രതി ബിഷപ്പ് മാർ മാത്യു അറക്കലിന് കേന്ദ്ര സർക്കാർ കാബിനറ്റ് പദവി നല്കി ആദരിക്കാൻ ഒരുങ്ങുമ്പോൾ – തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി കേന്ദ്രസര്‍ക്കാരുമായി ധാരണയില്‍ പോകുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് ക്രൈസ്തവ സഭാ നേതൃത്വം ചിന്തിക്കുവാന്‍ തുടങ്ങുമ്പോള്‍ – ഇത്തരം വഴിതെറ്റിയ ചില പുരോഹിതന്മാരുടെ പ്രവൃത്തികൾ സഭയില്‍ തങ്ങളുടെ നിനലനില്‍പ്പിന് തടസ്സമാകുന്നു എന്ന് കരുതി നിശബ്ദത പാലിക്കുകയാണ് ക്രൈസ്ത സഭാ നേതൃത്വം.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...