പൗരത്വ ഭേദഗതി സമരങ്ങള്‍ വര്‍ഗ്ഗീയ സ്വഭാവം കൈവരിച്ച് കലാപത്തിലേക്ക്. ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു…
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു. സംഘര്‍ഷത്തില്‍ ഒരു പലീസുകാരനുള്പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബ്ള്‍ രത്തന്‍ ലാല്‍ ആണ് കല്ലേറില്‍ കൊല്ലപ്പെട്ടത്. ഡി.സി.പി അമിത് ശര്‍മ്മയ്ക്ക് പരിക്കേറ്റു. വെടിവയ്പില്‍ 3സിവിലയന്മാരും കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്.
ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ ജില്ലയായ മൗജ്പൂര് മേഖലയില്‍ സമാധാനപരിമായി സമരം നടത്തിയ പൗരത്വ ഭേദഗതി നിയമത്തെ പ്രതികൂലിക്കുന്നവരുടെ നേരെ ഞായറാഴ്ച രാവിലെ പത്തു മണിയോടെ ഒരു പറ്റം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ വന്ന് ഉണ്ടാക്കിയ വക്കുതര്ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. “സമരം തുടര്‍ന്നാല്‍ അത് ഏതു വിധത്തില്‍ കൈകാര്യം ചെയ്യണമെന്ന് തങ്ങള്ക്കറിയാ”മെന്ന് ബിജെപി എംപി കപില്‍ മിശ്ര പ്രഖ്യാപിച്ചതിന്റെ തൊട്ടു പിന്നാലെയായിരുന്നു ഇത്. വാക്കുതര്‍ക്കം ഇരുഗ്രൂപ്പുകളും തമ്മിലുള്ള കല്ലേറില്‍ എത്തിചേര്‍ന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരുടെ ഇടയില്‍ നിന്ന് പ്രതിക്ഷേധക്കാരുടെ നേരെവെടിവപ്പുണ്ടായി. അതേ തുടര്‍ന്ന് അക്രമം ജാഫറാബാദ, മൗജ്പൂര്, കറാവല്‍ നഗര്‍, ഭജന്‍പുര, കബിര്നഗര്, കറംപുര, ദയാല്‍പൂര്‍, ഛാന്ദ്ബാഗ് തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ച് കലാപ സമാനമായി. പൗരത്വ ഭേദഗതി നയമത്തിനോടനുബന്ധിച്ചുള്ള പ്രതിക്ഷേധങ്ങള്‍ എന്ന മാനം കടന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗ്ഗീയ കലാപം എന്ന തലത്തിലേക്ക് വളര്‍ന്നു.
ഡല്‍ഹിയുടെ വടക്കു കിഴക്കന്‍ മേഖലയില്‍ പൊട്ടിപുറപ്പെട്ട കലാപം പോലീസിന്റെ നിയന്ത്രണത്തിനതീതമായി ഇപ്പോഴും തുടരുകയാണ്. പത്തോളം പ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചുവെങ്കിലും കലാപം നിയന്ത്രിക്കുവാന്‍ ചൊപ്പാഴ്ച പുലര്ച്ചയോടേയും ഡല്‍ഹിപോലീസിന് ആയിട്ടില്ല. കലാപമേഖലകളില്‍ നിരവധി കടകളും വീടുകളും അക്രമത്തിന് ഇരയായി. പൊലീസിന്റേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. പലഘട്ടങ്ങളിലും പോലീസിന് ലാത്തിചാര്‍ജും വെടിവപ്പും നടത്തേണ്ടിവന്നുവെങ്കിലും സംഘര്‍ഷം നിയന്ത്രിക്കുവാനായിട്ടില്ല. പലപ്പോഴും പോലീസ് നിഷ്ക്രിയമാവുകയോ ഒരു വിഭാഗത്തിനോട് ഒത്താശ ചെയ്യുകയോ ചെയ്യുകയാണെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംഘര്‍ഷ ബാധിതമായ 10 ഓളം പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹവും അര്‍ദ്ധ സൈനിക വിഭാഗവും രംഗത്തെത്തി. സമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തു. ക്രമസമാധാന പാലനം ലക്ഷ്യമാക്കി മാധ്യമ നിയന്ത്രണം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചതിന് പുറമേ, മൗജ്പൂര്-ജാഫറാബാദ് റോഡില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി അക്രമങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും സമാധാനം കൈക്കൊള്ളാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ് ഗവര്‍ണര്‍ അനില്‍ ബൈജാലും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരവകുപ്പ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരിക്കുകയാണ്. അമിത്ഷായുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഡല്‍ഹിയിലെ ക്രമസമാധാന പാലന ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്.യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ വേളയില്‍ ഉണ്ടായ കലാപ ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മോദി സര്‍ക്കാരിന് കൂടുതല്‍ തലവേദനയായിരിക്കുകയാണ്. കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി എംപി കപില്‍ മിശ്രക്കെതിരെ കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.