പ്രിയപ്പെട്ട ‘പ്രണബ് ദാ’ ക്ക് പ്രണാമം

Print Friendly, PDF & Email

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപാതിയും കോൺഗ്രസിന്റെ സമുന്നതനായ ദേശീയനേതാവും ആയിരുന്നു, പ്രണബ് മുഖർജി. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിൽ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിലൂടെ മപറഞ്ഞതുപോലെ ഒരു മരയുഗത്തിന്റെ അവസാനമാണ് പ്രണ്ബ് മുഖര്‍ജിയുടെ മരണം. പണാധിപത്യ രാഷ്ട്രീയത്തിലേക്ക് നിപതിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവശേഷിക്കുന്ന രാഷ്ട്രീയത്തിലെ അവസാന കണ്ണികളിലൊരാളായിരുന്നു ജനങ്ങളുടെ പ്രിയപ്പെട്ട പ്രണാബ് ദാ.

1935 ഡിസംബർ 11 -ന്, അവിഭക്ത ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിർഭും ജില്ലയിലെ മിറാഠിയിൽ, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. തുടര്‍ന്ന് കമ്പിത്തപാൽ വകുപ്പിൽ ഗുമസ്തനായി ജീവിതം ആരംഭിച്ച അദ്ദേഹം 1963 -ൽ കൽക്കത്തയിലെ വിദ്യാനഗർ കോളേജിൽ അധ്യാപകനായി പ്രവര്‍ത്തിച്ചു.അതിനു ശേഷം ഹ്രസ്വകാലം ദേശേർ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും പ്രവര്‍ത്തിച്ചു.

1969 -ൽ അന്ന് മിഡ്നാപൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പിൽക്കാല ഇന്ത്യൻ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം. അന്ന് പ്രണബിനെ പരിചയപ്പെടാനിടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കഴിവുകൾ ബോധ്യപ്പെടുകയും അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു നയിക്കുകയും ചെയ്തു. അക്കൊല്ലം ജൂലൈയിൽ തന്നെ അദ്ദേഹത്തെ കോൺഗ്രസ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. പിന്നീട് 1975,1981, 1993,1999 എന്നീ വർഷങ്ങളിൽ പ്രണബ് വീണ്ടും രാജ്യസഭയിലെത്തി.

രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ വളരെ പെട്ടെന്ന് ഉന്നതങ്ങളിൽ എത്തിപ്പെടാൻ പ്രണബിന് കഴിഞ്ഞ പ്രണബ് ഇന്ദിരാഗാന്ധിയുടെ തകഞ്ഞ അനുയായി ആയിരുന്നു. ഇത് അദ്ദേങത്തിന് ദില്ലിയിലെ കോൺഗ്രസ് വൃത്തങ്ങളിൽ ‘മാൻ ഓഫ് ഓൾ സീസൺസ്’ എന്ന പേര് നേടികൊടുത്തു.1973 -ലെ ഇന്ദിരാ ഗവൺമെന്റിൽ യൂണിയൻ ഡെപ്യൂട്ടി മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പദവിയില്‍ പ്രണബ് നിയമിതനായി. അടിയന്തരാവസ്ഥ കാലത്തു ഇന്ദിരാ ഗാന്ധിയുടെ പിന്നില്‍ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം ദുഷ്‌പേര് കേട്ട കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ പ്രണബിന്റെ പേരുമുണ്ട്. എന്നാല്‍ അടിയന്തരാവസ്ഥക്കു ശേഷം രൂപം കൊടുത്ത ഷാ കമ്മീഷന് പ്രണബിനുമേൽ യാതൊരു ആരോപണവും കണ്ടെത്താന്‍ കഴിഞ്ഞില്ല. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോൾ, പ്രണബിന്‍റെ വിശ്വസ്തതക്ക് ഇന്ദിരാഗാന്ധി പ്രതിഫലമായി ധനമന്ത്രി സ്ഥാനം തന്നെ നല്‍കി. ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ നമ്പർ 2 ആയിരുന്നു പ്രണബ് മുഖര്‍ജി. സാമ്പത്തികരംഗം വളരെ സമർത്ഥമായി കൈകാര്യം ചെയ്ത പ്രണബ് ലോകബാങ്കിൽ നിന്ന് ഇന്ത്യ സ്വീകരിച്ച ആദ്യ കടത്തിന്റെ അവസാന ഇൻസ്റ്റാൾമെന്‍റും തിരിച്ചു നൽകി ശ്രദ്ധേയനായി. മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനെ റിസർവ് ബാങ്ക് ഗവർണർ ആയി നിയമിച്ചതും അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജിയാണ്.

എന്നാല്‍, ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാന മന്ത്രിയായ രാജീവിഗാന്ധി ഇന്ദിരയുടെ വിശ്വസ്ഥനെ അവഗണിക്കുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷിയായത്. ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി കൊടുത്ത് പ്രണബിനെ ഒതുക്കാൻ ശ്രമമുണ്ടായി. എന്നാല്‍ ആ പദവിയിലും അദ്ദേഹത്തെ കൂടുതല്‍ ഇരുത്താതെ പ്രണബ് വിരോധിയായ പ്രിയരഞ്ജൻ ദാസ് മുന്‍ഷിയെ തന്നെ ആ സ്ഥാനത്ത് കൊണ്ടിരുത്തി രാജീവിന്‍റെ ചുറ്റുമുള്ള ഉപജാപകവൃന്ദം ഇന്ദിരാഗാന്ധിയുടെ കാലത്ത് രണ്ടാമനായിരുന്ന പ്രണബ് മുഖര്‍ജിയോടുള്ള വിരോധം തീര്‍ത്തു. ഇതുകൊണ്ടും തീര്‍ന്നില്ല പ്രണബിനോടുള്ള പ്രതികാര നടപടികള്‍. ആദ്യമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നിന്നും പിന്നീട് കോൺഗ്രസ് പാർലമെന്ററി ബോർഡിൽ നിന്നും നീക്കി. എന്നാൽ, അപ്പോഴും ഒന്നും വിട്ടുപറയാൻ നിൽക്കാതെ പ്രണബ് മുഖർജി എന്ന കോൺഗ്രസുകാരൻ. തുടര്‍ന്ന് ഇല്ലസ്ട്രേറ്റഡ് വീക്കലിയിൽ ഇന്ദിരയേയും രാജീവിനേയും തമ്മില്‍ താരതമ്യപ്പെടുത്തി പ്രണബ് മുഖര്‍ജിയുടെ അഭിമുഖം ഡല്‍ഹി രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്ന് 1986 ഒക്ടോബർ മാസത്തിൽ പ്രണബിനെ രാജീവ് കോൺഗ്രസിൽ നിന്ന് പുറത്താക്കി.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ രാജീവ് കോക്കസിനോട് എതിര്‍പ്പുണ്ടായിരുന്ന ചില കോണ്‍ഗ്രസ് നേതാക്കളേയും ചേര്‍ത്ത് പ്രണബ് സമാജ്‌വാദി കോൺഗ്രസ് എന്ന പുതിയ പാർട്ടിരൂപീകരിച്ചു. പക്ഷെ, 1987 -ലെ ബംഗാൾ തെരഞ്ഞെടുപ്പു വരേയേ ആ പാര്‍ട്ടിക്ക് ആയസുണ്ടായിരുന്നുള്ളൂ. രാജീവ് ഗ്യാങ്ങിന്റെ അപ്രീതി ഭയന്ന് ജികെ മൂപ്പനാരും നജ്മ ഹെപ്തുള്ളയും ഒഴികെ കോൺഗ്രസിൽ മറ്റാരും അദ്ദേത്തോട് സംസാരിക്കുവാന്‍ പോലും തയ്യാറാകാത്ത അക്കാലത്ത് പാര്‍ലിമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ അദ്ദേഹം ഒരു ഒറ്റയാനായി തുടർന്നു.

രാജീവിന്‍റെ കാലശേഷം പ്രധാനമന്തിയായ പ്രണബിന്റെ പഴയകാല സ്നേഹിതൻ കൂടിയായ പിവി നരസിംഹ റാവു വിന്‍റെ കാലത്താണ് പ്രണബ് വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചുവരുന്നത്. അദ്ദേഹം പ്രണബ് മുഖർജിയെ പ്ലാനിങ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ആയി നിയമിച്ചു. 2004 -ൽ ഒന്നാം യുപിഎ സർക്കാർ വന്നപ്പോഴേക്കും രാജീവിന്‍റെ കാലത്ത് പ്രണബിനു നേരെ നടന്ന ഉപജാപം തിരിച്ചറിഞ്ഞ, ഗാന്ധി കുടുംബം പ്രണബിനെ തഴഞ്ഞില്ല. പ്രണബിന് കാബിനറ്റിൽ പ്രതിരോധമന്ത്രി പദം നൽകപ്പെട്ടു. ആദ്യം പ്രതിരോധ മന്ത്രിയായും, പിന്നീട് വിദേശകാര്യ മന്ത്രിയായും പ്രണബ് വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

2007 -ൽ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്‌ട്രപതി പദത്തിലേക്ക് നിർദേശിക്കുന്നത്. പക്ഷെ, അന്ന് സോണിയയ്ക്ക് പ്രണബിനെ മന്ത്രി സ്ഥാനത്തുനിന്ന് ഒവിവാക്കുവാന്‍ ആകുമായിരുന്നില്ല. 2012 -ൽ പതിമൂന്നാമത്തെ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ മത്സരങ്ങൾക്കുള്ള വേദി കൂടി ആയി മാറി. പിന്നീട് പ്രസിഡന്‍റായ അബ്ദുല്‍ കലാം മത്സരത്തില്‍ നിന്നു പിന്‍മാറുകയും ഇടതു പക്ഷവും, അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന മമതയും പിന്തുണച്ചതോടെ പ്രണബ് രാജ്യത്തിന്‍റെ പരമോന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറെക്കുറെ ശാന്തമായിരുന്നു രാഷ്‌ട്രപതി എന്ന നിലയിലുള്ള പ്രണബ് മുഖർജിയുടെ പ്രസിഡന്റ് കാലം. 2008 -ൽ പത്മ വിഭൂഷണും 2019 -ൽ ഭാരത് രത്നയും നേടിയിട്ടുള്ള പ്രണബ് 1971 -ലെ വിമോചനയുദ്ധ കാലത്ത് ചെയ്ത സഹായങ്ങളുടെ പേരിൽ ബംഗ്ലാദേശിന്റെ ആദരത്തിനും പാത്രമായിട്ടുണ്ട്. തന്‍റെ വിശ്രമ ജീവത കാലം എഴുത്തിലും വായനയിലും തുടര്‍ന്ന പ്രണബ് കുമാർ മുഖർജി തന്റെ എൺപത്തഞ്ചാം വയസ്സിൽ ഇഹലോകവാസം വെടിയുമ്പോൾ അവസാനിക്കുന്നത് സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകകളിൽ ഒന്നുകൂടിയാണ്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...