പ്രവീണ്‍ തൊഗാഡിയ വിച്ച്പിയില്‍ നിന്ന് പുറത്ത്. സംഘപരിവാര്‍ സംഘടനകളില്‍ പൊട്ടിത്തെറി

Print Friendly, PDF & Email

32 വര്‍ഷമായി തുടരുന്ന വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ബന്ധത്തിന് തിരശീല ഇട്ടുകൊണ്ട് പ്രവീണ്‍ തൊഗാഡിയ പുറത്തായി. 54 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പ്രസിഡന്റ് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി വി.എസ്. കോക്‌ജെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായരിന്നു. ഹിമാചല്‍ ഗവണര്‍, മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുമായി സേവനമനുഷ്ഠിച്ച വി.എസ്. കോക്‌ജെയാണ് വിജയിച്ചത്.

192 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഢിക്ക് വെറും 60വോട്ടുകള്‍ മാത്രമാണ് നേടാനായത്. വിശ്വ ഹിന്ദു പരിഷത്തിന്റെ നിയമാവലി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റും നോമിനേറ്റ് ചെയ്യേണ്ടത്. മോദി പക്ഷക്കാരനായി കോക്‌ജെ തിരഞ്ഞെടുക്കപ്പെട്ടതോടു കൂടി മോദി പക്ഷത്തുള്ള അശോക് ചൗഗുലയെ പുതിയ അന്തരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കുവാന്‍ തീരുമാനിച്ചു. അതോടെ വര്‍ക്കിങ് പ്രസിഡന്റു സ്ഥാനം രാജിവക്കുവാന്‍ തൊഗാഡിയ നിര്‍ബന്ധിതനാവുകയായിരുന്നു.

കുറച്ചുകാലമായി ബിജെപി നേതൃത്വവുമായി ഇടഞ്ഞായിരുന്നു പ്രവീണ്‍ തോഗാഡിയയുടെ നീക്കങ്ങള്‍. വിശ്വഹിന്ദു പരിഷത്തില്‍ പിടിമുറുക്കുവാനുള്ള മോദി അമിത്ഷാ കൂട്ടുകെട്ടിന്റെ നീക്കങ്ങളായിരുന്നു ഈ അകല്‍ച്ചക്ക് കാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി സംഘപരിവാര്‍ സംഘടനകളില്‍ തൊഗാഡിയയെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം നേരത്തെതന്നെ തൊഗാഡിയ ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പോടെയാണ് തൊഗഡിയ ബിജെപിയോട് കൂടുതല്‍ അകലുന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ തൊഗാഡിയ ശ്രമിച്ചുവെന്നും, അതിനാല്‍ നേതൃസ്ഥാനത്തു നിന്നും തൊഗാഡിയയെ മാറ്റണമെന്ന് മോദി ആര്‍.എസ്.എസിനോട് ആവശ്യപ്പെട്ടിരുന്നു. വിഎച്ച്പിയുടെ കഴിഞ്ഞ രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തൊഗാഡിയയെ പുറത്താക്കാന്‍ മോദി അമിത്ഷാ കൂട്ടുകെട്ട് ശ്രമിച്ചെങ്കിലും അവരുടെ നീക്കം പരാജയപ്പെടുത്തി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റായി തൊഗാഡിയ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

അതോടെ മോദിക്കെതിരേയും ബിജെപി നേതൃത്വത്തിനെതിരേയും ശക്തമായ വിമര്‍ശനവുമായി തൊഗാഡിയ രംഗത്തു വരുവാന്‍ തുടങ്ങി. നാളുകള്‍ക്ക് മുമ്പ് തൊഗാഡിയെ കാണാതാവുകയും പിന്നീട് അബോധാവസ്ഥയില്‍ അദ്ദേഹത്തെ കണ്ടെത്തുകയുമായിരുന്നു. തന്നെ അപായപ്പെടുത്താന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നു എന്ന് പരസ്യമായ ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊല്ലാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതോടെ തൊഗാഡിയയെ വിഎച്ച്പിയില്‍ നിന്ന് തെറിപ്പിക്കുക എന്നത് ബിജെപി നേതൃത്വത്തിന് അനിവാര്യമായി മാറുകയായിരുന്നു. എന്നാല്‍ ഇപ്രവശ്യം തൊഗാഡിയെ തെറിപ്പിക്കുവാന്‍ മോദി അമിത്ഷാ പക്ഷത്തിനു കഴിഞ്ഞു.

വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്തായ പ്രവീണ്‍ തൊഗാഡിയ വി.എച്.പിയുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചിരിക്കുകയാണ്. വി.എച്.പിയുമായി ഇനി ഒരുവിധത്തിലും സഹകരിക്കില്ലന്നും എന്നാല്‍ ഹിന്ദുക്കളുടെ ഉന്നമനത്തിനായുള്ള ശ്രമം തുടരുമെന്നും ഇതിന്റെ ഭാഗമായി ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച്ച മുതല്‍ നിരാഹാരം നടത്തുമെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.

വി.എച്.പിയില്‍ നിന്ന് തൊഗാഡിയ പടിയിറങ്ങിയത് സംഗപരിവാര്‍ സംഘടനകളില്‍ വലിയൊരു പൊട്ടിത്തെറിക്ക് കളമൊരുക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചന. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയാണ് ബെംഗളൂര്‍ കേന്ദ്രമായി പുതിയ ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടതും ഡല്‍ഹിയി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ജനസംഘത്തെ ദേശീയ തലത്തില്‍ പുനര്‍ജീവിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയതും. അതോടൊപ്പം ബിജെപിയില്‍ നിന്ന് അകന്നു മാറിനില്‍ക്കുന്ന പ്രമോദ് മുത്താലിക് പോലുള്ള തീവ്ര ഹിന്ദുത്വവാദികള്‍ പ്രവീണ്‍ തോഗാഡിയയുടെ കീഴില്‍ അണിനിരന്ന് തീവ്ര ഹിന്ദുത്വവാദികളുടെ മറ്റൊരു ഗ്രൂപ്പിന്റെ പിറവിക്കും ഇത് കാരണമായി തീരാം. അതിനുള്ള നീക്കവും അണിയറയില്‍ സജീവമായാണ് നടക്കുന്നത്. സംഘപരിവാര്‍ സംഘടനകളിലും ബിജെപിയിലും തൊഗാഡിയയുടെ വഴിപിരിയല്‍ എന്തെല്ലാം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുവാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share