പ്രളയാനനന്തരം കേരളത്തെ കേന്ദ്രം പൂര്‍ണ്ണമായും അവഗണിച്ചു – മുഖ്യമന്ത്രി

Print Friendly, PDF & Email

പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേരളത്തെ കേന്ദ്രം പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി. കേരളത്തിന് മഹാപ്രളയത്തിൽ സംഭവിച്ചത് 31,000 കോടി രൂപയിലധികം നഷ്ടമാണ്. കേരളമാകട്ടെ പുനര്‍ നിര്‍മ്മാണത്തിനായി 5616 കോടിയാണ് മൊത്തത്തിൽ സംസ്ഥാനം കേന്ദ്രസർക്കാരിനോട് ചോദിച്ചത്. പ്രത്യേകധനസഹായമായി അയ്യായിരം കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.  എന്നാല്‍  ഇതുവരെ കിട്ടിയത് 600 കോടി രൂപ മാത്രമാണ്.  അതില്‍ ദുരിതകാലത്ത് അനുവദിച്ച അരിയുടെ വില കേന്ദ്രം പിടിച്ചുകഴിഞ്ഞാല്‍ പിന്നെ ലഭിക്കുന്നത്‌ 336 കോടി രൂപ മാത്രം.

കേന്ദ്രം കേരളത്തോട്‌ ഗുരുതരമായ അലംഭാവം കാണിക്കുകയാണ്. കേരളം ചോദിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജിൽപ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും പിണറായി പറ‍ഞ്ഞു. മാത്രമല്ല, സഹായിക്കാൻ തയ്യാറായി മുന്നോട്ടു വന്ന യുഎഇയെപ്പോലുള്ള രാജ്യങ്ങളുടെ സഹായം വേണ്ടെന്ന നിലപാടെടുമെടുത്തു. കേരളത്തിന്‍റെ പുനർ‍നിർമാണത്തിന് കിട്ടുമായിരുന്ന വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ ദുരന്തനിവാരണമാന്വൽ പ്രകാരം കേരളത്തിന് വിദേശരാജ്യങ്ങൾ സ്വമേധയാ നൽകുന്ന സഹായം സ്വീകരിക്കാവുന്നതാണ്. പ്രവാസിമലയാളികൾ ഫണ്ട് സമാഹരിക്കാൻ ശ്രമിക്കുകയാണ്. അതിനായി മന്ത്രിമാർ വിദേശങ്ങളിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ അതിനുള്ള കേന്ദ്രാനുമതി സർക്കാർ തട‌ഞ്ഞു. അതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര കേരളത്തില്‍ ലോകബാങ്കും ഐക്യരാഷ്ട്രസഭയും പഠനം നടത്തി 31,000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് അവർ കണക്കാക്കിയിട്ടുള്ളത്. യഥാർഥ നഷ്ടം ഇതിലുമധികമാണ്. 26,000 കോടി രൂപ ഇനിയും സംസ്ഥാനം കണ്ടെത്തണം. അതിനാണ് സംസ്ഥാനമെന്ന നിലയിൽ വായ്പാപരിധി മൂന്ന് ശതമാനത്തിൽ നിന്ന് നാലര ശതമാനമായി ഉയർത്തണമെന്നാവശ്യപ്പെട്ടത്. ഒപ്പം നബാർഡിൽ നിന്ന് 2500 കോടി രൂപയുടെ വായ്പ അനുവദിക്കണം, ലോകബാങ്ക്, എഡിബി എന്നിവയുടെ വായ്പ ലഭ്യമാക്കണം, കേന്ദ്രാവിഷ്കൃതപദ്ധതികളിലൂടെ ധനസഹായം പത്ത് ശതമാനം വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളത്തിനെ സെസ്സ് ഏർപ്പെടുത്തി സഹായിക്കാമെന്ന് കേന്ദ്രധനമന്ത്രി സമ്മതിച്ചതാണ്. എന്നാൽ ഇതൊന്നും പ്രാവർത്തികമാക്കാനുള്ള നടപടിയുണ്ടായിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

മഹാപ്രളയത്തെ കേരളം അതിജീവിച്ചത് കേരളത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷതയുടെ ഫലമായാണ്‌. നവോത്ഥാനമൂല്യങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന ജനതയാണ് നമ്മൾ. ആ കൂട്ടായ്മയിൽ വിശ്വസിച്ച് മുന്നോട്ട് പോകണം. അതിനെ തകർക്കാൻ ശക്തികൾ മുന്നോട്ടുവന്നാൽ അതിനെ നേരിടണമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares