പ്രളയം നേരിടാന്‍ കൂട്ട നരബലി

Print Friendly, PDF & Email

ലോകത്ത്‌ ഇതുവരെ നടന്നതിൽ വച്ചേറ്റവും വലിയ മനുഷ്യക്കുരുതി നടത്തിയത് പെറുവിലാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 140 കുരുന്നുകളെ ഒന്നിച്ച് നരബലി നൽകിയതിന്റെ ഞെട്ടിപ്പിക്കുന്ന സംഭവ കഥയാണ് ഖനനത്തിലൂടെ ചുരുളഴിഞ്ഞത്. കണ്ടെത്തിയ 140 കുട്ടികളുടെ അസ്ഥികൂടങ്ങളില്‍ ഭൂരിപക്ഷവും എട്ട് വയസ്സിനും 12നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. പെറുവിലെ വടക്കൻ തീരപ്രദേശത്ത്  ട്രുഹിയോ നഗരത്തിനു സമീപമാണ് 550 വർഷങ്ങൾക്കു മുമ്പ്‌ ഈ മൃഗീയ നരബലി നടന്നത്‌. 2011ൽ ഒരു ക്ഷേത്രാവശിഷ്ടത്തിനു സമീപം നടത്തിയ ഉദ്ഖനനത്തിൽ ആര്‍ക്കിയോളജിസ്റ്റുകള്‍ ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകളും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. അന്ന്‌ 40 പേരെ നരബലി നടത്തിയതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. ഒപ്പം 74 ലാമകളെയും. തുടര്‍ന്നുള്ള ഗവേഷണത്തില്‍ കൂടതല്‍ ശരീരാവശിഷ്ടങ്ങല്‍ കിട്ടുകയായിരുന്നു. എല്ലാവരുടെയും വാരിയെല്ലുകളില്‍ ചിലതും നീക്കിമാറ്റിയിട്ടുണ്ട്. ഹൃദയം എടുത്തുമാറ്റാനായിരുന്നു ഇതെന്നാണു നിഗമനം.

ഇത്തരമൊരു ക്രൂരബലിയിലേക്ക് പെറുവിലെ തീരമേഖലയില്‍ ജീവിച്ചിരുന്നവരെ നയിച്ചത് എന്തായിരുന്നു എന്ന ചോദ്യത്തിനും ഗവേഷകര്ക്ക് ഉത്തരമുണ്ട്. ശക്തമായ പ്രളയത്തില്‍ നിന്ന് മുക്തി നേടാനായിരുന്നു ഈ ക്രൂരകൃത്യം. ബലി നടത്തി സംസ്‌കരിച്ചിരിക്കുന്നവരുടെ മേലുള്ള മണ്ണിന്റെ പാളിയാണ് പ്രളയത്തെ സംബന്ധിച്ച സൂചന ഗവേഷകര്‍ക്ക് നല്‍കിയത്. അതിശക്തമായ മഴയിലൂടെയും വെള്ളപ്പൊക്കത്തിലൂടെയുമാണ് ചെളിയുടെ അത്തരം പാളികള്‍ ശവക്കല്ലറകള്‍ക്കു മേല്‍ ഉണ്ടാകുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. അതിനാല്‍ പ്രളയത്തില്‍ അകപ്പെട്ട് കൃഷിയും മത്സ്യബന്ധനവും നിലച്ച് ജീവിതം ദുരിതമായതോടെയായിരിക്കാം അവര്‍ നരബലിക്ക് മുതിര്‍ന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares