പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍. ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ ഒഴുക്ക്. ടോള്‍ പ്ലാസകള്‍ പിടിച്ചെടുത്തു.

Print Friendly, PDF & Email

കേന്ദ്രസര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി നടത്തിയ അഞ്ച് ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം തീവ്രമാക്കുവാനുള്ള തീരുമാനവുമായി കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തികളെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമര രീതിയിലേക്കാണ് കര്‍ഷകര്‍ നീങ്ങുന്നത്. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങണമെന്ന ആഹ്വാനം സ്വീകരിച്ച് രാജസ്ഥാന്‍, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാത്രം ഏതാണ്ട് കാല്‍ ലക്ഷത്തിനുമേല്‍ കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഹരിയാന-രാജസ്ഥാൻ- ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര ഏക്സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി. ദേശീയപാതകൾക്കരുകിൽ ഇന്ന് തങ്ങുന്ന കര്‍ഷകര്‍ നാളെ രാവിലെ മുതൽ ദില്ലി ലക്ഷ്യം വെച്ച് നീങ്ങും.

പഞ്ചാബ് കര്‍ഷകരെ അനുകരിച്ച് വേണ്ടിവന്നാല്‍ ദീര്‍ഘനാള്‍ തമ്പ് ‌അടിക്കുവാനുളള സാധന സാമഗ്രമികളുമായാണ് അവര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. ഡല്‍ഹി – ജയ്പൂര്‍, ഡല്‍ഹി – ആഗ്ര ദേശീയ പാതകളിലൂടെ ഡല്‍ഹിയിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ നാളെ ഈ റോഡുകളും പൂര്‍ണ്ണമായി ഉപരോധിക്കും. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കും. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികൾക്ക് പുറമെ ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും കൂടി തടഞ്ഞാൽ റോഡ് മാര്‍ഗ്ഗം ദില്ലിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലക്കും. കര്‍ഷക സമരത്തെ നേരിടുവാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വിപുലമായ പൊലീസ് സന്നാഹത്തെയാണ് കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. ജയ്പൂര്‍ ദേശീയപാത കടന്നുപോകുന്ന ഹരിയാനയിലെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റു പ്രീണനത്തില്‍ പ്രതിക്ഷേധിച്ച് ടോള്‍ പ്ലാസകള്‍ ഉപരോധിക്കുന്നതിന്‍റെ ഭാഗമായി പാനിപ്പത്ത്, കര്‍ണാല്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സമരക്കാര്‍ തടസപ്പെടുത്തി. അംബാലയില്‍ ശംഭു അതിര്‍ത്തിയിലെ ടോള്‍പ്ലാസ കര്‍ഷകര്‍ പിടിച്ചെടുത്തു ജനങ്ങള്‍ക്ക് സൗജന്യയാത്രയ്ക്ക് തുറന്നു കൊടുത്തു. കര്‍ണാല്‍ ദേശീയപാതയിലെ ബസ്താര ടോള്‍ പ്ലാസ കര്‍ഷകര്‍ അടച്ചുപൂട്ടി. ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോൾപിരിവ് തടഞ്ഞു.

ഡിസംബർ പതിനാലിന് നിരാഹാര സമരം നടത്താനാണ് തീരുമാനം. ഡല്‍ഹിയിലെ പ്രധാന സമരമുഖമായ സിംഗു അതിര്‍ത്തിയിലെ കര്‍ഷക നേതാക്കൾ ആണ് നിരാഹാര സമരം നടത്തുന്നത്. യൂണിയൻ നേതാവ് കമൽ പ്രീത് സിം​ഗ് പന്നുവാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും തടയും. എന്നിട്ടും കര്‍ഷക മാരണ നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എങ്കില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ഉപരോധിച്ചുകൊണ്ട് രാജ്യത്തെ എല്ലാ യാത്ര സംവിധാനങ്ങളും പൂര്‍ണ്ണമായും തടയുവാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കേരളത്തിലും സമരമുഖങ്ങൾ തുറന്നിരിക്കുകയാണ് കർഷക സംഘടനകൾ. കർഷകസമരത്തിന് ഐക്യദാർഢ്യവുമായാണ് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം ആരംഭിച്ചു. കേന്ദ്രത്തിലെ ഒരു സർക്കാർ പോലും ഇത്ര കർഷകദ്രോഹ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. ഡൽഹിയിലെ സമരം ഒത്തുതീർപ്പാകുന്നതു വരെ സംസ്ഥാനത്തും പ്രക്ഷോഭം തുടരാനാണ് സംയുക്ത കർഷകസമിതിയുടെ തീരുമാനം.

അതിനിടെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനക്കു മറുപടിയായി ആത്മനിര്‍ഭര്‍ ഭാരത് തന്നെയാണ് കര്‍ഷകരുടെ ലക്ഷ്യമെന്നും തങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന് അധികാരികള്‍ തിരിച്ചറിയണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികത് പ്രതികരിച്ചു. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ചൊവാഴ്ച പരിഗണിക്കും.

  •  
  •  
  •  
  •  
  •  
  •  
  •