പിണറായി വിജയനിത് ശനിയുടെ അപഹാര കാലം..!!!അതിജീവിക്കുവാന്‍ പുതിയ വിദഗ്ധര്‍…?.

Print Friendly, PDF & Email

പിണറായി വിജയനെന്ന കേരള മുഖ്യമന്ത്രിക്ക് ഇത് ശനിയുടെ അപഹാര കാലം. “കെട്ട കാലത്ത് ഞാഞ്ഞൂലു കടിച്ചാലും വിഷം” എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. എന്നാല്‍ പണറായി വിജയന് ആസകലം വിഷം തീണ്ടിയ മട്ടാണ്. എവിടെ തൊട്ടാലും തിരിച്ചടി മാത്രം.  പെരിയയില്‍ സിബിഐയെ എതിര്‍ക്കാന്‍ ഹൈക്കോടതിയിലും നടത്തിയ പോരാട്ടം വെറുതെയായി. ഒടുവില്‍ ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലും പൊളിഞ്ഞു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇപ്പോഴിതാ അതും സംഭവിച്ചു. 2017 ഒക്ടോബര്‍ മുതല്‍ 19 തവണയാണ് ലാവലിന്‍ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. അപ്പോഴെല്ലാം ഒരു വിധം തള്ളിമാറ്റി. എന്നാല്‍ ഇപ്പോഴിതാ 11 മാസത്തെ ഇടവേളക്ക് ശേഷം ലാവിലിന്‍റെ ദുര്‍ഭൂതം വീണ്ടും പിടികൂടാന്‍ പോകുന്നു. സ്വസ്തമായിരുന്ന് അഞ്ചുവര്‍ഷം അടക്കിവാഴാം എന്ന് കരുതിയതാ… ആദ്യം ഓഖി പിന്നെ നിപ്പ, തൊട്ടുപുറകേ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പ്രളയങ്ങള്‍. പിന്നെയിതാ മഹാമാരിയായി കൊറോണയും. ഇനി ആരെങ്കിലും വല്ല ജൂണിയര്‍ മാന്‍ഡ്രേക്കിന്‍റെ തല തന്‍റെ ഓഫീസില്‍ കൊണ്ടുവന്ന് വച്ചിട്ടുണ്ടോ എന്നാ സംശയം. നേരിട്ട് വല്ല കണിയാനേയും കാണാം എന്നുവച്ചാല്‍ അതും പറ്റില്ല. പ്രഖ്യാപിത എത്തിസ്റ്റ് അല്ലേ. എന്നാല്‍ അതിനായി ചുമതലപ്പെടുത്തി കോടികള്‍ ചിലവഴിച്ച് ചുറ്റും നിയമിച്ചവരെല്ലാം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വെറും കൊഞ്ഞാട്ടന്മാര്‍. അതിനാല്‍ പുതിയ കുറേ അവതാരങ്ങളേ കൂടി തനിക്കു ചുറ്റും നിയമിക്കുവാനുള്ള ആലോചനയിലാണ് മുഖ്യമന്ത്രി എന്നാണ് അന്തപുരങ്ങളില്‍ നിന്ന് പറഞ്ഞു കേള്‍ക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ പുതിയ ഒരു നിയമകാര്യ സെല്‍ കൂടി രൂപീകരിച്ച് ഉത്തരവിറങ്ങിയതെന്നാണ് സൂചന. ചെലവ് ചുരുക്കലിന്റെ കാലമല്ലേ.ഭരണത്തിന്റെ അവസാന നാളുകളല്ലേ വരാന്‍ പോകുന്നത്. നീര്‍ക്കോലികള്‍ പുളഞ്ഞുന നടക്കുന്ന കാലം… അവ കടിച്ച് കൂടുതല്‍ കേസുകള്‍ ഉയര്‍ന്നു വരുമെന്നും അതില്‍ ക്രിയാത്മക ഇടപെടല്‍ വേണമെന്നും പണ്ഡിത ശിരോമണികളില്‍ നിന്ന് കിട്ടിയിട്ടുള്ള നിയമോപദേശം. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിഭാഷകനെയാണ് സെല്ലില്‍ നിയമിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം.രാജേഷിനാണ് സെല്ലിന്റെ അധിക ചുമതല. യാത്രാബത്തയും ഓണറേറിയവും പിന്നീട് തീരുമാനിക്കും.

സര്‍ക്കാരില്‍ തന്നെ നിരവധി  നിയമ വിദഗ്ദ്ധര്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഇപ്പോഴത്തെ പുതിയ നിയമന നീക്കം. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്പെഷല്‍ ലെയ്സണ്‍ ഓഫിസറായി മുതിര്‍ന്ന അഭിഭാഷകനെ നേരത്തേ നിയമിച്ചിരുന്നു. 1.10 ലക്ഷം രൂപയാണ് ശമ്പളം. അഡ്വ. ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിനായിട്ടായിരുന്നു ആ  നിയമനം. ഇതുകൂടാതെ നിയമകാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ എന്‍.കെ.ജയകുമാറിനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചിട്ടുണ്ട്. നിയമകാര്യങ്ങള്‍ ഔദ്യോഗികമായി കൈകാര്യം ചെയ്യാന്‍ നിയമ സെക്രട്ടറിയും ഓഫിസര്‍മാരുമുണ്ട്. അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നല്‍കിയതുള്‍പ്പെടെ വിവാദങ്ങള്‍ പലതായിരുന്നു. ഒരു ലക്ഷത്തിലധികം പ്രതിമാസ ശമ്പളനിരക്കില്‍ അടുത്തകാലത്ത് ലെയ്‌സണ്‍ ഓഫീസറായി വേലപ്പന്‍ നായരെ മുഖ്യമന്ത്രി നിയമിച്ചതും വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ കാലാകാലങ്ങളില്‍ ഡല്‍ഹയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പുംഗവന്മാര്‍ വേറേയും. ഇതൊന്നും പോരാഞ്ഞിട്ടാണ് പുതിയ വിദഗ്ശന്മാരെ പുതുതായി നിയമിക്കുവാന്‍ പപോകുന്നത്. അമ്പോ, ശിവശിവ. കലികാലം എന്നാല്ലാതെ എന്ത് പറയുവാന്‍…!

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *