പിഎം കെയര്‍ ഫണ്ട് പൊതുസ്ഥാപനമല്ല – പ്രധാനമന്ത്രിയുടെ ഓഫീസ്

Print Friendly, PDF & Email

കോവിഡ് -19 നെ നേരിടാന്‍ കേന്ദ്ര ഗവര്‍മ്മെന്‍റ് ആരംഭിച്ച പ്രധാനമന്ത്രി കെയര്‍ ഫണ്ട് പൊതു സ്ഥാപനമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പിഎം കെയര്‍ വിവരാവകാശ പരിധിയില്‍ വരുകയില്ലന്നും അതിനാല്‍ ഒരു വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നല്‍കുവാന്‍ കഴിയുകയില്ലന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.അസിം പ്രംജി സര്‍വ്വകലാശാലയിലെ സുര്യശ്രീ ഹര്‍ഷ തേജ പിഎം വിവരാവകാശ നിയമ പ്രകാരം പിഎംകെയര്‍ ഫണ്ടിലെ വിവരങ്ങള്‍ തേടി നല്‍കിയ അപേക്ഷക്കു മെയ് 29ന് നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ ഒന്നിനായിരുന്നു പിഎം കെയര്‍ ഫണ്ടിനെ പറ്റിയുള്ള ഗവര്‍മ്മെന്‍റ് ഉത്തരവുകള്‍ തേടി തേജ വിവരാവകാശ നിയമ പ്രകാരം അപേക്ഷ അയച്ചത്.

പ്രധാനമന്ത്രി ചെയര്‍മാനും കേന്ദ്ര പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ ട്രസ്റ്റികളുമായിട്ടുള്ള ട്രസ്റ്റ് ആയിട്ടാണ് പിഎം കെയര്‍ ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ട്രസ്റ്റിന്‍റെ ചെയര്‍ പേര്‍ഴ്സണായ പ്രധാനമന്ത്രിക്ക് ട്രസ്ററികളെ മാറ്റുവാനോ കൂട്ടി ചേര്‍ക്കുവാനോ അധികാരമുണ്ടെന്ന് ട്രസ്റ്റിന്‍റെ ഭരണഘടനയില്‍ തന്നെ പറയുന്നു. പിഎം കെയര്‍ ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് ടാക്സ് നിയമം 1961 പ്രകാരം 100 ശതമാനം 80ജി ടാക്സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള ഈ ട്രസ്റ്റിന്‍റെ പ്രര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമുള്ളതല്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎംഎന്‍ആര്‍എഫ് (PMNRF -Prime Minister’s National Relief Fund) നിലവിലുള്ളപ്പോള്‍ സ്വദേശത്തു നിന്നോ വിദേശത്തുനിന്നോ യാതൊരു നിയന്ത്രണവുമില്ലാതെ എത്ര വേണമെങ്കിലും സംഭാവനകള്‍ സ്വീകരിക്കുവാന്‍ അനുവാദമുള്ള മറ്റൊരു ട്രസ്റ്റ് രൂപീകരണം വ്യാപകമായ വിമര്‍ശനങ്ങള്‍ നേരത്തെതന്നെ വിളിച്ചു വരുത്തിയിരുന്നു. പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ സാധൂകരിക്കുന്നതാണ് വിവരാവകാശ നിയമപ്രകാരം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി.

  •  
  •  
  •  
  •  
  •  
  •  
  •