പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് നെതിരെ കേസ്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ അപമാനിക്കുന്ന തരത്തിലുള്ള അടിക്കുരിപ്പോടെ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കന്യാസ്ത്രീയുടെ സഹോദരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരംസന്യാസ സമൂഹത്തിനെതിരെ കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹമാണ് ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്.
2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.
ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് എംജെ കോണ്ഗ്രിഗേഷന് (മിഷ്ണറീസ് ഓഫ് ജീസസ്) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെ വെള്ളിയാഴ്ച്ച രാവിലെ മാധ്യമങ്ങള്‍ക്ക് നല്കിയ പത്രക്കുറിപ്പിനോടൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്.
യുക്തിവാദികളാണ് കന്യാസ്ത്രീകള്‍ക്ക് പിന്നിലെന്ന ആരോപണവും കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്. ലെെംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല. ഈ നിയമത്തെ കാറ്റില്‍പ്പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
പരാതി നല്കിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരന് പറഞ്ഞിരുന്നു. കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ മനപൂര്‍വ്വം ഫോട്ടോ പുറത്തുവിട്ടതിനെ സമരത്തില്‍ പങ്കെടുക്കുന്ന കന്യാസ്ത്രകളും പ്രതിക്ഷേധിച്ചുരുന്നു. കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തു വിട്ടതിനെതിരെ വ്യാപകമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
3 - 3Shares