നോട്ടുനിരോധനത്തിനു ശേഷം കള്ള നോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കള്ള നോട്ട് നിയന്ത്രക്കുവാനെന്ന വാദവും പൊളിഞ്ഞു
കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനെന്ന പേരില്‍ 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം നടപ്പിലാക്കിയതെങ്കിലും ഇവ രണ്ടും നിയന്ത്രിക്കാന്‍ നോട്ടു നിരോധനം കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് പുതിയ വെളിപ്പെടുത്തല്‍. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളുടെ ഇരട്ടിച്ചെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് പുറത്തിറക്കിയ പുതിയ കണക്കുകള്‍ തെളിയിക്കുന്നു.
നോട്ടുനിരോധനത്തിനു മുന്‍പ് 2016ല്‍ 15.9 കോടിയുടെ 1000,500 നോട്ടുകളുടെ 2,81,839 കള്ളനോട്ടുകളാണ് പിടികൂടിയതെങ്കില്‍ നോട്ടുനിരോധിച്ച് പുതിയ 2000 രൂപ നോട്ടുകള്‍ ഇറക്കിയതിനു ശേഷം 2017ല്‍ 28.1 കോടി രൂപയുടെ 3,55,994 എണ്ണം കള്ളനോട്ടുകളാണ് പിടികൂടിയത്. അതായത് നോട്ടു നിരോധനത്തിനു ശേഷം പിടികൂടിയ കള്ളനോട്ടുകളില്‍ 26 ശതമാനം വര്‍ധനവ്. പിടികൂടിയ കള്ളനോട്ടുകളില്‍ 14.97 കോടി രൂപയുടേതും പുതിയ 2000 രൂപയുടേതായിരുന്നു എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത.
ഇതോടെ കള്ളനോട്ടുകള്‍ നിയന്ത്രിക്കുവാനാണ് 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധിച്ചതെന്ന വാദവും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് പുറത്തിറക്കിയ പുതിയ കണക്കുകളോടെ പൊളിഞ്ഞിരിക്കുകയാണ്. ഗുജറാത്തിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. ഒമ്പത് കോടി രൂപയാണ് പിടികൂടിയത്. ദില്ലിയില്‍ 6.7 കോടി രൂപയും ഉത്തര്‍പ്രദേശില്‍ 2.8 കോടി രൂപയും ബംഗാളില്‍ 1.9 കോടി രൂപയുമാണ് പിടികൂടി.