നൂറ്റാണ്ട് നീണ്ട അയോദ്ധ്യ തര്‍ക്കം: അന്തിമ വിധി ഇന്ന്

Print Friendly, PDF & Email

134 വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും രണ്ടര ദശാബ്ദത്തോളം ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയും ചെയ്ത ബാബരി മസ്ജിദ് – രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതിയില്‍ നിന്നുള്ള അന്തിമ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് രാവിലെ 10.30ന് കേസില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്.  അവധി ദിനമായിട്ടും ഇന്നുതന്നെ വിധി പറയാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു.

1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പറയുന്നത്. 1528ല്‍ ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മിച്ചെന്ന് കരുതുന്ന അയോദ്ധ്യയിലെ മസ്ജിദില‍്‍ 1885ല്‍ ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു തര്‍ക്കം ആദ്യം ഉടലെടുക്കുന്നത്. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലം ശ്രീരാമന്‍റെ ജന്മഭൂമിയാണെന്നും അതിനാല്‍ മസ്ജിദിന് പുറത്ത് കൂടാരം നിര്‍മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രഘുബീര്‍ ദാസ് എന്ന വ്യക്തി ഫാസിയാബാദ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ആ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

നിര്‍ജീവമായി കിടന്ന രാമജന്മഭൂമി തര്‍ക്കം 1949 ഓഗസ്റ്റ് 22ന് ബാബ്റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നതോടെയാണ് വീണ്ടും സജീവമാകുന്നത്. തുടര്‍ന്ന് 29ന് ഭൂമി ജപ്തി ചെയ്ത് മേല്‍നോട്ടത്തിനായി റിസീവറെ നിയമിച്ചു. 1950 ജനുവരി 16ന് വിഗ്രഹം സംരക്ഷിക്കാനും പൂജിക്കുവാനും അനുവാദം ആവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരമഹംസ് രാമചന്ദ്രദാസ് എന്നിവര്‍ ഹര്‍ജി നല്‍കി. 1959ല്‍ ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് നിര്‍മോഹി അഖാഡ് 1961ല്‍ സുന്നി വഖഫ് ബോര്‍ഡും കേസ് ഫയല്‍ ചെയ്തു. 1986 ഫെബ്രുവരി 1നാണ് കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുന്നത്. പള്ളിതുറക്കണമെന്നും വിഗ്രഹാരാധനക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാബ്റി മസ്ജിദിനുള്ളിലെ വിഗ്രഹം ആരാധിക്കാനായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ ജില്ലാകോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായി. ഈ ഉത്തരവിനെതിരെ കൊടുത്ത അപ്പീലില്‍ 1989 ഓഗസ്റ്റ് 14ന് തല്‍സ്ഥിതി നിലനിര്‍ത്താന്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധിവന്നു.

1990 സെപ്റ്റംബര്‍ 25ന് ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ രഥയാത്ര ആരംഭിക്കുകയും 1992 ഡിസംബര്‍ 6ന് ഹിന്ദു കര്‍സേവകര്‍ ബാബ്റി മസ്ജിദ് പൊളിക്കുകയും ചെയ്തതോടെ അയോദ്ധ്യ പ്രശ്നം രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് രാമജന്മഭൂമി ബാബറി മസ്ജിദ് തര്‍ക്കത്തില്‍ നിരവധി കേസുകളുടേയും അപ്പീലുകളുടേയും പരന്പരക്കു തന്നെയാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

2010 സെപ്റ്റംബര്‍ 30ന് തര്‍ക്ക ഭൂമി സംബന്ധിച്ച ആദ്യ വിധി വന്നു. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2: വിധിക്കുകയായിരുന്നു. എന്നാല്‍ 2011 മെയ് 9ന് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അയോദ്ധ്യയിലെ 2.7 ഏക്കര്‍ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രിം കോടതി പരിഗണിച്ചത്. 40 ദിവസം തുടര്‍ച്ചയായാണ് കോടതി കേസില്‍ വാദം കേട്ടത്.അയോദ്ധ്യയിലെ 2.7 ഏക്കര്‍ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്.

അയോദ്ധ്യ തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു അടക്കം രാജ്യത്ത് പല ഭാഗത്തും രാവിലെ ആറുമുതല്‍ നിരോധാനാ‌ഞ്ജ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയോദ്ധ്യ വിധിയില്‍ ആരും തോല്‍ക്കുകയോ ജയിക്കുകയോ ഇല്ലെന്നും രാജ്യത്തെ ഐക്യം കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കേസില്‍ വിധി പറയുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതിന് പിന്നാലെ ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

സാമൂഹ്യ മാധ്യമങ്ങളില്‍ ആളുകള്‍ പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങള്‍ സുരക്ഷാ വിഭാഗം പുറപ്പെടുവച്ചു കഴി‌ഞ്ഞു. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പൊലിസിന്റെ എല്ലാ വിഭാഗത്തിനും നല്‍കി. 2. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. 3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും അക്കൗണ്ടുകളും 24 മണിക്കൂറും പൊലിസിന്‍റേയും സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പൊലിസ് സ്റ്റേഷനുകള്‍ എന്നിവയുടെയും നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയാണ് സുരക്ഷ വിഭാഗം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •