ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്

Print Friendly, PDF & Email

നടിയ്‌ക്കെതിരായ ആക്രമണ കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ വിചാരണ പൂര്‍ത്തിയാക്കും മുന്‍പ് താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്.

അമ്മയുടെ സ്ത്രീ വിരുദ്ധമായ തീരുമാനത്തെ തങ്ങള്‍ അപലപിക്കുന്നതായും ഇപ്പോള്‍ എടുത്ത തീരുമാനം വഴി അതിക്രമം നേരിട്ട നടിയെ വീണ്ടും അപമാനിക്കുകയാണ് അമ്മയെന്നും വുമണ്‍ സിനിമ കളക്ടീവ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു.

1.അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോ? തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. wcc അവള്‍ക്കൊപ്പം.
താരസംഘടനയായ അമ്മയോട് മലയാളികള്‍ ചോദിക്കുവാന്‍ ആഗ്രഹിച്ച ചോദ്യങ്ങളുന്നയിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് പുറത്തുവിട്ട ഈ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍ ആയിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ വന്നാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്ന് മുട്ടുന്യായങ്ങളുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച ചോദ്യങ്ങളെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിലാണ് ദിലീപ് ഫാനുകളായ അമ്മയിലെ താരനിരകള്‍.

(Visited 18 times, 1 visits today)
  • 3
  •  
  •  
  •  
  •  
  •  
  •  
  •  
    3
    Shares