ദളിത് ബലാല്‍സംഗങ്ങള്‍… നമ്മള്‍, മലയാളികള്‍ക്ക് അഭിമാനിക്കാന്‍ എന്തുണ്ട്…?

Print Friendly, PDF & Email

യുപിയിലെ ഹത്രാസ്. അവിടെ 19കാരിയായ  ഒരു ദളിത് പെണ്‍കുട്ടി ഉയര്‍ന്ന ജാതിക്കാരുടെ ജാതിബോധത്താല്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടു. നാവരിഞ്ഞു മാറ്റപ്പെട്ട അവള്‍ 17 ദിവസത്തെ പീഢനുഭവങ്ങള്‍ക്കൊടുവില്‍ മരണപ്പെട്ടു. ഭരണകൂട ഭീകരതയാല്‍ അന്ത്യകര്‍മ്മങ്ങള്‍ പോലും നിക്ഷേധിക്കപ്പെട്ട അവള്‍ സ്വന്തക്കാരുടെ അന്ത്യചുംമ്പനം പോലും ഏറ്റുവാങ്ങുവാന്‍ യോഗമില്ലാതെ കൊടുംഭീകരരുടെ ശരീരം നിര്‍മാര്‍ജനം ചെയ്യുന്നതുപോലെ ഇരുട്ടിന്‍റെ മറവില്‍ ദഹിപ്പിക്കപ്പെട്ടു.   പ്രതിക്ഷേധിക്കേണ്ടതു തന്നെ. പക്ഷെ പ്രതിക്ഷേധിക്കുവാന്‍ നമ്മള്‍ മലയാളികള്‍ക്ക് അര്‍ഹതയുണ്ടോ…?. ഹത്രാസിലെ പെണ്‍കുട്ടിക്കുവേണ്ടി നമ്മള്‍ മലയാളികള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരല്ലേ…?.

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട വാളയാറിലെ ആ പെണ്‍കുട്ടികളോട് നാം കാട്ടിയത് എന്താണ്.  എവിടെ ആയിരുന്നു ഹത്രാസിലെ പെണ്‍കുട്ടിക്കു വേണ്ടി പൊള്ളിയ നമ്മുടെ മനസ്സ്…?. എവിടെ പോയി ഹത്രാസിലെ പെണ്‍കുട്ടിക്കുവേണ്ടി രോക്ഷംകൊണ്ട്  ജ്വലിച്ച നമ്മുടെ ധാര്‍മ്മിക ബോധം…??. ഹത്രാസ് വാളയാറിന് മുന്നിൽ ഒന്നുമല്ല. ഹത്രാസിൽ കൊല്ലപ്പെട്ടത് ഒരു ദളിത് യുവതിയാണ്. എന്നാല്‍, വാളയാറിൽ രണ്ടു ദളിത് ബാലിക സഹോദരിമാരാണ് കൊല്ലപ്പെട്ടത്. ഏതാനും മാസങ്ങളുടെ ഇടവേളയിൽ… ഒരേ കുടുംബത്തിൽ നിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു കെട്ടിത്തൂക്കി. അതും അവരുടെ തന്നെ സ്വന്തം കൂരയില്‍..!.

ഇരു സ്ഥലത്തും കൊപാതക കുറ്റം ആരോപിക്കപ്പെട്ടത് ഭരണത്തില്‍ സ്വാധീനമുള്ള ഉന്നതന്മാരില്‍. അതിനാല്‍ തന്നെ പോലീസ് ഒന്നും കണ്ടതായി ഭാവിച്ചില്ല. കുറ്റം തെളിയിക്കേണ്ടവര്‍ ഒറ്റക്കെട്ടായി… ഒറ്റകുടക്കീഴിലായി. ഹത്രാസിലെ യുവതിയില്‍ നിന്ന് യാതൊരു തെളിവും വീണ്ടും പുറത്തുവരുവാന്‍ പാടില്ലന്നുറപ്പിച്ച്  കുടുംബത്തിൻ്റെ സമ്മതത്തോടെയെന്ന വ്യാജേന മൃതദേഹം കത്തിച്ചു. വാളയാറിൽ ആകട്ടെ  ഇതേ സംഭവം രണ്ടു വട്ടം ആവർത്തിച്ചു. എന്നിട്ടും കേരള മനസ്സാക്ഷി തേങ്ങിയില്ല. ഹത്രാസിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.  എന്നാൽ വാളയാറിൽ ബാലികമാരുടെ പ്രായം പോലും പരിഗണിക്കാതെ അവരുടെ സമ്മതത്തോടെയാണ് പീഡിപ്പിച്ചതെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സോജൻ പറഞ്ഞു. ഇത് രണ്ടും തമ്മില്‍ എന്ത് വിത്യാസമാണുള്ളത്?.

ഇരുസ്ഥലത്തും പ്രതികളെ വെറുതെ വിടാൻ പാകത്തിന് അന്വേഷണം വഴിതിരിച്ചു വിട്ടു. അതും ഭരണകൂടത്തിന്‍റെ ഒത്താശയോടെ. ഹത്രാസിൽ അവസാനം സർക്കാർ മുട്ടുമടക്കി. ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു.  അതു ഗ്രൗണ്ടിലിറങ്ങി പോരാട്ടം നടത്തിയ രാഹുൽ ഗാന്ധിയുടെ മിടുക്ക്. എന്നാല്‍ കേരളത്തിലാകട്ടെ പ്രതിപക്ഷം ഒന്നും കണ്ടില്ലെന്ന് നടിച്ച് പൊരുന്നയിരുന്നു. ഭരണകൂടമാകട്ടെ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷൻ കൊടുത്തു. നാവടക്കി, വായും പൊത്തി പ്രതിപക്ഷം തല കുനിച്ചു നിന്നു. ഗ്രൗണ്ടിലിറങ്ങി പോരാട്ടം നടത്താൻ തക്ക ആർജവമുള്ള പ്രതിപക്ഷം കേരളത്തിൽ ഇല്ലാതെ പോയി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും, ബിജെപി നേതാവ് കെ.സുരേന്ദ്രനുമെല്ലാ ആവശ്യത്തിനെടുത്തു ഉപയോഗിക്കാനുള്ള പേരു മാത്രമാണ് വാളയാർ. ഹത്രാസിലെ വീടു സന്ദർശിക്കുവാന്‍ ഒരു രാഹുൽ ഗാന്ധി ഉണ്ടായിരുന്നു. ഹത്രാസിലെ അമ്മയെ കെട്ടിപ്പുണര്‍ന്ന് ആലിഗനം ചെയ്യുവാന്‍ ഒരു പ്രിയങ്ക ഗാന്ധി ഉണ്ടായിരുന്നു. എന്നാല്‍ വാളയാറിലെ കുട്ടികളുടെ അമ്മക്ക് ഇതൊന്നും ലഭിച്ചില്ല. അവര്‍ ഇന്നും സമൂഹത്തിന്‍റെ പുറംമ്പോക്കില്‍ തന്നെ കഴിയുന്നു. വാളയാറിലെ ബാലികമാര്‍ ഇന്നും മഴയത്തുതന്നെ നില്‍ക്കുന്നു.

പ്രശസ്ത ദളിത് ചിന്തകനും ചരിത്രപണ്ഡിതനുമായ കാഞ്ച ഏലയ്യ തന്റെ പ്രസിദ്ധമായ ‘ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. “ജാതി മേധാവിത്വം ഇരയെ കാത്തിരിക്കുന്ന സിംഹത്തെപോലെ പതുങ്ങിയിരിക്കും. അവസരം ഒത്തുവരുമ്പോള്‍ അവര്‍ ദളിത സമൂഹത്തിന്റെ മര്‍മ്മം നോക്കി ആഞ്ഞടിക്കും”. അത് അങ്ങ് യുപിയിലായാലും ഇങ്ങ് കേരളത്തിലായാലും ഒരു പോലെതന്നെയാണ്. ദളിത് പെണ്‍കുട്ടികളുടെ മേലുള്ള ഈ കടന്നുകയറ്റങ്ങളില്‍ ബഹുഭൂരിപക്ഷവും കാമം മൂത്തുള്ള കൈയ്യേറ്റങ്ങളല്ല. അധഃകൃതരുടേമേല്‍ ആധിപത്യം സ്ഥാപിച്ചെന്നുള്ള സാമൂഹിക ബോധത്തിന്‍റെ പരസ്യ പ്രഖ്യാപനമാണ്. പെണ്ണുടലിന്മേല്‍ പുരുഷബോധത്തിന്‍റെ ആധിപത്യം സ്ഥാപിക്കലാണ്. അതുകൊണ്ടാണ് അങ്ങ് യുപിയിലായാലും ഇങ്ങ് കേരളത്തിലായാലും ദളിത് ബലാല്‍സംഗങ്ങളില്‍ മേലാളന്മാര്‍ നിശബ്ദരാകുന്നത്. കുറ്റവാളികളുമായി പുലബന്ധം പോലുമില്ലാത്ത ഉദ്യോഗപ്രഭുതികള്‍ ഒന്നടങ്കം അവരെ രക്ഷിക്കുവാനായി കച്ചയുംകെട്ടി ഇറങ്ങുന്നത്. ഭിക്ഷാംദേഹികള്‍ ന്യായീകരണ കഥകള്‍ കെട്ടിച്ചമക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ആറര പതിറ്റാണ്ട് നീണ്ട നെഹ്രുവിന്‍ ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്ന കോണ്‍ഗ്രസ് യുഗത്തില്‍ തല ഉയര്‍ത്താന്‍ കഴിയാതെ കാത്തിരിക്കുകയായിരുന്നു ജാതികോമരങ്ങള്‍. അവര്‍ക്കിതാ, കാത്തിരുന്ന അവസരം സംജാതമായിരിക്കുന്നു. ദളിത വിഭാഗത്തിന്റെ തിരുനെറ്റി നോക്കി ആഞ്ഞടിക്കുവാന്‍… മനുസ്മൃതികളെ തിരികെ അവരോധിക്കുവാന്‍. 

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *

Pravasabhumi Facebook

SuperWebTricks Loading...