താമരയിലയില്‍ അഭയം തേടുന്നവര്‍

Print Friendly, PDF & Email

കോണ്‍ഗ്രസ്സിലെ അസംതൃപ്തരുടെ അവസാന അഭയകേന്ദ്രമാവുകയാണ് ബിജെപി. കോണ്‍ഗ്രസ്സില്‍ നിന്ന് ഇനി കൂടുതലൊന്നും നേടാനില്ല എന്ന് തിരിച്ചറിയുന്ന നേതാക്കളെ ഉള്‍ക്കൊള്ളാനും സ്ഥാനമാനങ്ങള്‍ നല്‍കുവാനും ബിജെപി ഒട്ടും ലോഭം കാട്ടുന്നില്ല എന്നതാണ് അവര്‍ക്ക് ആശ്വാസം. കോൺഗ്രസിന്‍റെ ദേശീയ ജനറൽസെക്രട്ടറിമാരും മുൻ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎൽഎമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ‌് അഞ്ചു വർഷത്തിനിടെ ബിജെപിയിലേക്ക‌് ചേക്കേറിയത‌്. ഈ പട്ടികയിലെ പുതിയ പേരാണ‌് ടോം വടക്കൻ.

മുൻ മുഖ്യമന്ത്രിമാരായ എസ‌് എം കൃഷ‌്ണ‌, വിജയ‌് ബഹുഗുണ, ജഗദാംബികാ പാൽ എന്നിവരാണ് ബിജെപിയില്‍ എത്തിയ കോണ്‍ഗ്രസ്സിലെ പ്രമുഖര്‍. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ‌് മന്ത്രിസഭയിൽ മന്ത്രി. തെലങ്കാനയിലെ കോൺഗ്രസ‌് നേതാവും ആന്ധ്ര മുൻ ഉപമുഖ്യമന്ത്രിയുമായ ദാമോദർ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോൾ ബിജെപി നേതാവാണ‌്. യുപിഎ മന്ത്രിസഭയിൽ എ കെ ആന്റണിക്കുകീഴിൽ പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത‌് സിങ‌് ഇപ്പോൾ ബിജെപി നേതാവും മോദി മന്ത്രി സഭയിൽ സഹമന്ത്രിയുമാണ‌്.

ഉത്തരാഖണ്ഡിലെ കോൺഗ്രസ‌് നേതാക്കളായിരുന്ന സത്യപാൽ മഹാരാജ‌്, ഭാര്യ അമൃത റാവത‌്, മുൻ സ‌്പീക്കർ യശ‌്പാൽ ആര്, മുൻ മന്ത്രി ഹരക‌് സിങ‌് റാവത‌്, സുബോധ‌് ഉണ്യാൽ, പ്രണവ‌്സിങ‌് എന്നിവർ ഇപ്പോൾ ബിജെപിയിലാണ‌്.

മേഘാലയയിലെ ആരോഗ്യമന്ത്രി അലക‌്സാണ്ടറും കോൺഗ്രസ‌് മുൻ നേതാവാണ‌്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ‌ശർമയും പല്ലഭ‌് ലോചൻ ദാസും ബിജെപിയിലെ മുൻ കോൺഗ്രസുകാരാണ‌്. യൻതുങ്കോ നാഗാലാൻഡിൽ മന്ത്രിപദവി ലഭിച്ച മുൻ കോൺഗ്രസ‌് നേതാവാണ‌്. കോൺഗ്രസിൽനിന്ന‌് കൂറുമാറി എത്തിയ എംഎൽഎമാരുടെ ബലത്തിലാണ‌് അരുണാചൽപ്രദേശ‌്, മണിപ്പുർ, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറിയത‌്. ഇടതുപക്ഷത്തെ തകർക്കാൻ ത്രിപുരയിൽ കോൺഗ്രസിനെ ഒന്നടങ്കം ബിജെപി വിലയ‌്ക്കെടുത്തു. കോൺഗ്രസ‌് മുൻ എംഎൽഎ രത്തൻലാൽനാഥ‌ാണ‌് ഇപ്പോൾ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.

അസമിൽ തരുൺ ഗൊഗോയ‌് നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ‌് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ 2016ലാണ‌് ബിജെപിയിലെത്തിയത‌്. അസമിലെ പല ജില്ലകളിലും കോൺഗ്രസ‌് നേതാക്കളാണ‌് ബിജെപിയെ നയിക്കുന്നത‌്. കഴിഞ്ഞദിവസം മുൻമന്ത്രി ഗൗതം റോയ‌്, മുൻ എംപി കരിപ‌് ചാലിഹ എന്നിവരും ബിജെപിയിൽ ചേർന്നു.

അരുണാചൽപ്രദേശിൽ കൂറുമാറിയ 34 കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിൽ ചേർന്ന‌് സംസ്ഥാന ഭരണ നേതൃത്വത്തിലെത്തി. അങ്ങനെ കോൺഗ്രസ‌് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി. ലോക‌്സഭാ തെരരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച‌് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ‌് എംഎൽഎ മരിക്കോ ടാഡോ ബിജെപിയിൽ ചേർന്നു.

60 അംഗ മണിപ്പുർ നിയമസഭയിൽ കോൺഗ്രസിന‌് 28ഉം ബിജെപിക്ക‌് 21ഉം സീറ്റാണുണ്ടായിരുന്നത‌്. ഇതിൽ ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കാലുമാറിയതിനെത്തുടർന്ന‌് കോൺഗ്രസിന‌് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി.

ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. 40 അംഗ സഭയിൽ 17 സീറ്റ‌്. എന്നാൽ, മന്ത്രിസഭ ഉണ്ടാക്കിയത‌് ബിജെപിയും. മൂന്ന‌് കോൺഗ്രസ‌് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി. മുൻ കോൺഗ്രസ‌് മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകൻ വിശ്വജിത് റാണെ, ആറ‌ു തവണ കോൺഗ്രസ‌് ടിക്കറ്റിൽ എംഎൽഎയായ സുഭാഷ‌് ഷിറോദ‌്കർ എന്നിവരുൾപ്പെടെ കൂറുമാറി.

ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ‌് ബഹുഗുണയടക്കം ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് കൂറുമാറിയതാണ‌് കോൺഗ്രസ‌് മന്ത്രിസഭയുടെ പതനത്തിന‌് കാരണമായത‌്. ഹിമാചലിൽ മുൻ കോൺഗ്രസ‌് നേതാവ‌് സുഖ‌്റാമിന്റെ മകനും എംഎൽഎയുമായ അനിൽശർമയടക്കം രണ്ട‌് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി.

കർണാടകത്തിൽ നാല‌് കോൺഗ്രസ‌് എംഎൽഎമാരാണ‌് ബിജെപിക്ക‌് പരസ്യ പിന്തുണ പ്രഖ്യാപിച്ചത‌്. കോൺഗ്രസ‌് എംഎൽഎ ഉമേഷ‌് ജാദവ‌് ബിജെപിയിൽ ചേർന്നു. മുൻമന്ത്രിയും കോൺഗ്രസ‌് നേതാവുമായിരുന്ന എ മഞ്ചുവാണ‌് ഹസൻ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത‌്.

മഹാരാഷ്ട്രയിൽ കോൺഗ്രസ‌് നേതാവും നിയമസഭയിലെ പ്രതിപക്ഷനേതാവുമായ രാധാകൃഷ‌്ണ വൈഖെ പാട്ടീലിന്റെ മകൻ സുജയ‌് വൈഖെ പാട്ടീലും മുതിർന്ന കോൺഗ്രസ‌് നേതാവും എംഎൽഎയുമായ കാളിദാസ‌് കോലംബകാരും ബിജെപിയിൽ ചേർന്നു.

  •  
  •  
  •  
  •  
  •  
  •  
  •