ഡൽഹി കത്തിയതല്ല കത്തിച്ചതാണ്. പുറത്തുവരുന്ന തെളിവുകള്‍ ഞെട്ടിക്കുന്നത്…

Print Friendly, PDF & Email

നാലു ദിവസം ഡല്‍ഹി നിന്നുകത്തിയത് ആകസ്മികമായി ഉണ്ടായ കലാപം മൂലമല്ല പ്രത്യുത ഭരണകൂടത്തിന്‍റെ ഒത്താശയോടെ കരുതികൂട്ടി നടപ്പിലാക്കിയ കൊള്ളിവയ്പ്പായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ തനിയാവര്‍ത്തനമായിരുന്നു ഡല്‍ഹി കലാപം. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ ഡൽഹി പോലീസിന് ഇതേക്കുറിച്ച് വ്യക്തമായ ഇൻ്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്. സ്പെഷല്‍ ബ്രാഞ്ചിൻ്റെയും ഇന്റലിജന്‍സ്‌ വിഭാഗത്തിൻ്റെയും കുറഞ്ഞത് ആറ് മുന്നറിയിപ്പുകളെങ്കിലും ഡൽഹി പോലീസിന് ഇത് സംന്പന്ധിച്ച് ലഭിച്ചിരുന്നു.

കലാപത്തിന് കോപ്പുകൂട്ടി ബിജെപി നേതാവ് കപിൽ മിശ്ര മൗജ്പുരിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനു പിന്നാലെനഗരത്തില്‍ സംഘർഷ സാധ്യതയുണ്ടെന്നും സേനയെ വിവിധ ഇടങ്ങളാലായി വിന്യസിക്കണമെന്നും കാണിച്ച് വിവിധ ഏജന്‍സികള്‍ തുടരെ തുടരെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർ ഫെബ്രുവരി 23 ന് വൈകിട്ട് മൂന്നിന് മൗജ്പുർ ചൗക്കിൽ എത്തിച്ചേരണമെന്ന് ഉച്ചയ്ക്ക് കപിൽ മിശ്ര ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സൈന്യത്തെ വിന്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആദ്യ മുന്നറിയിപ്പ് നൽകിയതെന്നാണ് വിവരം. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് കൃത്യസമയത്ത് പ്രവർത്തിക്കാൻ പൊലീസ് തയാറാകാത്തതാണ് കലാപം പടരാൻ കാരണമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പൊലീസിന്റെ അനാസ്ഥയെ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും വിമർശിച്ചിരുന്നു

ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനു തൊട്ടുപിന്നാലെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം പൊട്ടി പുറപ്പെട്ടത്. കൃത്യസമയത്ത് പ്രവർത്തിക്കാൻ പൊലീസ് തയാറാകാത്തതാണ് കലാപം പടരാൻ കാരണമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹി കത്തിയെരിഞ്ഞ മൂന്നു ദിവസങ്ങളിലും പോലീസ് സ്റ്റേഷനുകളുടെ പ്രധാന ഗെയിറ്റുകള്‍ ചങ്ങലയിട്ടു പൂട്ടി ഡല്‍ഹി പോലീസ് കലാപം കണ്ടാസ്വദിക്കുകയായിരുന്നു. പധാനമന്ത്രി ട്രംന്പിന് സദ്യ ഒരുക്കുന്ന തിരക്കിലും. ആഭ്യന്തരമന്ത്രി അമിത്ഷാ ആകട്ടെ എല്ലാം നിയന്ത്രണ വിധേയം എന്ന ഉരുവിട്ടുകൊണ്ടിരുന്നത് കലാപകാരികളെ ഉദ്ദേശിച്ചായിട്ടാണോ എന്ന സംശയമാണ് ഇപ്പോള്‍ ബാക്കി. നാലാം ദിവസം പോലീസ് നടപടികളൊന്നുമില്ലാതെ കലാപകാരികള്‍ അക്രമം അവസാനിപ്പിച്ചതിനു ശേഷം മാത്രമാണ് പ്രധാനമന്ത്രി സമാധാനാഹ്വനം നടത്തുവാന്‍ തയ്യാറായത്. അമിത്ഷാ പോലീസിനെ തെരുവുകളില്‍ വിന്യസിപ്പിച്ചത്. റോം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ പതിപ്പുകളെയായിരുന്നു ഇന്ദ്രപ്രസ്ഥത്തില്‍ ലോകം കണ്ടത്.

മുന്നറിയിപ്പുകൾക്ക് പിന്നാലെ എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നെന്നാണ് പേരു വ്യക്തമാക്കാൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞത്. എന്നാല്‍ കലാപം നടന്നുകാണാൻ ഒരു വിഭാഗം അധികാരികളും അവർ നിയന്ത്രിക്കുന്ന പോലീസും ആഗ്രഹിച്ചിരുന്നു. അവര്‍ ഡല്‍ഹി പോലീസിനെ നിശബ്ദരാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിലൂടെ മനസിലാകുന്നത്. ഏകപക്ഷീയമായ ആക്രമണം നടത്താൻ ജയ്ശ്രീറാം മുഴക്കിവരുന്നവർക്ക് സൗകര്യമൊരുക്കുകയായിരുന്നു അധികൃതർ ചെയ്തത്. ഇവിടെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രശസ്ത ഇംഗ്ലീഷ് മാധ്യമമായ ദി ഗര്‍ഡിയനിലെ വിലയിരുത്തലുകള്‍ പ്രസക്തമാകുന്നത്. ഡല്‍ഹി കത്തിയതല്ല പ്രധാനമന്ത്രീ മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ചേര്‍ന്ന് കത്തിച്ചതെന്നാണ് ഡല്‍ഹി കലാപത്തെ കുറിച്ച് ദ ഗാര്‍ഡിയന്‍ പറഞ്ഞത്.

  •  
  •  
  •  
  •  
  •  
  •  
  •