ഡോണാള്‍ഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന്
ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപെല്ല ആഢംബര ഹോട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച. പ്രാദേശിക സമയം രാവിലെ 9ന്. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് ചര്‍ച്ച തുടങ്ങുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സമാധാനവും ഉത്തരകൊറിയന്‍ ആണവ നിരായുധീകരണവുമാകും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആണവ രാഷ്ട്രമായ ഉത്തര കൊറിയയുമായുള്ള ചര്‍ച്ചയുടെ ഫലം അനുകൂലമെങ്കില്‍ ലോക സമാധാനത്തിലെ ഒരു സുവര്‍ണ്ണ ചരിത്രമാകും ഇന്ന് രേഖപ്പെടുത്തുക.
കിമ്മിനൊപ്പം വിദേശകാര്യമന്ത്രി റി യോംഗ് ഹോ, പ്രതിരോധമന്ത്രി നോ ക്വാംഗ് ചോല് എന്നിവരുണ്ടാകും. കമ്മിന്റെ സഹോദരിയും ഒപ്പമുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല. ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും സിംഗപ്പൂരിലെത്തിയിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ മധ്യസ്ഥന്റെ റോളിലാകും ദക്ഷിണകൊറിയന്‍ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.