ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചു. ബില്ലുകള്‍ രാജ്യസഭ പാസ്സാക്കി…

Print Friendly, PDF & Email

കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഒഴിവാക്കി വൈകുന്നേരം വരെ മാരത്തണ്‍ ചര്‍ച്ച നടത്തിയ ശേഷം രാജ്യസഭ ബില്ലുകള്‍ പാസാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദായതോടെ ജമ്മു കശ്മീരിന് കഴിഞ്ഞ 70വര്‍ഷങ്ങളായി ഉണ്ടായിരുന്ന പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35A യും ഇല്ലാതായി.

ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണബില്ലാണ് സഭ ആദ്യം പാസാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള ബില്‍ പാസാക്കി. ഈ ബില്ലുകള്‍ ശബ്ദവോട്ടോടെ പാസ്സായപ്പോള്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന വിഭജന ബില്ല് വോട്ടെടുപ്പോടെയാണ് രാജ്യസഭ പാസാക്കിയത് ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടുചെയ്തു. 61 പേർ എതിർത്തു വോട്ടു ചെയ്തു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ്‌ വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.

താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലുകളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിരയിലുണ്ടായ അനൈക്യം ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് തുണയായി.

  •  
  •  
  •  
  •  
  •  
  •  
  •