ജമ്മുകശ്മീരിൽ ബിജെപി – പിഡിപി സഖ്യം തകര്‍ന്നു. മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി രാജിവച്ചു

Print Friendly, PDF & Email

ജമ്മുകശ്മീരിൽ ബിജെപി – പിഡിപി സഖ്യം തകര്‍ന്നു. പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കി ബിജെപി വക്താവ് രാം മാധവ് പത്രപ്രസ്താവന നടത്തിയതിന് പിന്നാലെ കശ്മീർ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി രാജിവച്ചു.  ജമ്മു കാശ്മീരില്‍ നിന്നുള്ള എംഎല്‍എമാരുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യം അവസാനിപ്പിച്ച് കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ച് രാംമാധവ് പത്രസമ്മേളനം നടത്തിയത്.  ബിജെപിക്ക് ഇരുപത്തിയ‌ഞ്ച് എംഎല്‍എമാരും പിഡിപിക്ക് 28 എംഎല്‍എമാരുമാണ് ഉള്ളത്. 

2014 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ്  ബിജെപി – പിഡിപി സഖ്യം രൂപം കൊണ്ടത്.  മൂന്നു വര്‍ഷത്തിനിടെ നിരവധിതവണ ഇരുപാര്‍ട്ടികളിലും പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. റംസാനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വെടിനിർത്തല്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതും  കാശ്മീര്‍ പ്രശ്നത്തില്‍ വിഘടനവാദിക്കളുമായി കേന്ദ്രം സംസാരിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ആവശ്യപ്പെട്ടതും ബിജെപിയെ വിഷമത്തിലാക്കിയിരുന്നു, കത്വ വിഷയത്തോടെയാണ് ബിജെപിയും പിഡിപിയും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും ഉലച്ചിലുണ്ടായത്. കത്വ വിഷയത്തില്‍ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയത് മന്ത്രിസഭയെ ഏറെ പ്രശ്നത്തിലാക്കിയിരുന്നു.
കശ്മീരിൽ വിഘടനവാദവും തീവ്രവാദവും കൂടിയെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു. മൂന്ന് വർഷമായുള്ള ബന്ധം ഇനി തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ജമ്മു കശ്മീരില്‍ ഉള്ളതെന്നും രാംമാധവ് പറഞ്ഞു. വികസനത്തിനാവുന്നതെല്ലാം മോദി സർക്കാർ ചെയ്തു. 80000 കോടിയുടെ സഹായമാണ് കശ്മീരിന് നൽകിയത്. എന്നാല്‍ ഇന്ന് ജമ്മു കശ്മീരില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലെന്നും രാം മാധവ് ആരോപിച്ചു.  ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു .
തങ്ങള്‍ മന്ത്രിസഭ ഉണ്ടാക്കുവാന്‍ തയ്യാറല്ല എന്ന് ഒമര്‍ അബ്ദുള്ളയും ആര്‍ക്കും പിന്തുണ കൊടുക്കുന്ന പ്രശ്‌നമില്ലന്ന് കോണ്‍ഗ്രസ്സും വ്യക്തമാക്കിയതോടെ കാശ്മീരില്‍ പ്രസിഡന്റ് ഭരണത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
(Visited 24 times, 1 visits today)
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares