ഗൂഢാലോചനക്ക് തെളിവില്ല. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു.

Print Friendly, PDF & Email

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. 28 വര്‍ഷം നീണ്ട കേസിനാണ് ഇതോടെ അന്ത്യമായത്. 1992 ഡിസംബര്‍ ആറിനാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തത്. ബാബറി മസ്ജിദ് നില്‍ക്കുന്ന സ്ഥലം രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് നിലംപരിശാക്കിയത്.

പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസാണ് പ്രതികള്‍ക്കെതിരെയുള്ള ഗുഢാലോചന നടത്തിയതിന് തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നും നിരീക്ഷിച്ച് കോടതി വെറുതെ വിട്ടത്. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍.
രണ്ടായിരം പേജ് വരുന്നതാണ് വിധി.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് തുടങ്ങി മൊത്തം 32 പ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികളില്‍ 26 പേരാണ് കോടതില്‍ നേരിട്ട് ഹാജരായിരുന്നത്. 28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *