ക്രൂരമായ ഭരണകൂടം… ഭ്രാന്തുപിടിച്ച പോലീസ്. യോഗിയുടെ യുപിയില്‍ നിന്ന് വരുന്നത് ‍ഞെട്ടിക്കുന്ന വാര്‍ത്തകള്‍

Print Friendly, PDF & Email

ക്രൂരതയുടെ പര്യായമായ ഭരണകൂടം. ഭ്രാന്തുപിടിച്ച പോലീസ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യോഗിയുടെ ഉത്തരപ്രദേശില്‍ നിന്ന് കാണുന്ന കാഴ്ചകള്‍ ഉത്തരകൊറിയയിലെ കിങ് ജോങ് ഉന്‍ നിനേയും നാണിപ്പിക്കുന്നതാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉത്തരപ്രദേശില്‍ നിന്ന് നിമിഷങ്ങള്‍ തോറും പുറത്തുവരുന്നത്.

 ഹത്രാസിലെ പെൺകുട്ടിയുടെ മരണത്തിൽ ശക്തമായ നടപടികളെടുക്കും എന്നും കുറ്റവാളികള്‍ക്ക് ഇനി ഓര്‍ക്കാന്‍ കൂടി സാധിക്കാത്ത വിധത്തില്‍ ശിക്ഷ ഉറപ്പുവരുത്തും എന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പഢനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നേരേയും അവരുടെ ഗ്രാമത്തിനു നേരേയുമാണ് പോലീസിനെ കൊണ്ട് കടുത്ത നടപടികളെടുപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. പെണ്‍കുട്ടിയുടെ കുടുംബാഗങ്ങളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു. ജില്ലയിലെ ഗ്രാമത്തിന് ചുറ്റും ഉത്തർപ്രദേശ് പോലീസ് ഉദ്യോഗസ്ഥരുടെ വലയം സൃഷ്ടിച്ചിരിക്കുകയാണ്. പ്രധാന റോഡിൽ ഗ്രാമത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും എല്ലാ പ്രവേശന പാതകളും തടയുകയും ചെളി പാതകളിലും വയലുകളിലും പോലീസുകാരെ വിന്യസിക്കുകയും ചെയ്തു. നാലോ അതിലധികമോ ആളുകളെ സമ്മേളിക്കുന്നതിനെ നിരോധിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 144 പ്രകാരം ഈ പ്രദേശത്ത് നിരോധനാജ്ഞ നടപ്പിലാക്കി. ഗ്രാമം ഒരു പോലീസ് ഗ്രാമമാക്കി മാറ്റി. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി)യുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു രാഷ്ട്രീയക്കാരനെയോ മാധ്യമ പ്രവർത്തകനെയോ ഹത്രാസിലെ കൊലപാതകത്തിന് ഇരയായ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഹത്രാസ്  ”എ.എസ്.പി പ്രകാശ് കുമാർ പറയുന്നു. ഒക്ടോബർ 14 നകം റിപ്പോർട്ട് സമർപ്പിക്കാൻ ആണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ നിർദ്ദേശം.

അതേസമയം, സംഭവത്തിൽ മുഖം രക്ഷിക്കൽ നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ രംഗത്തെത്തി. സംഭവം വിവാദമാതോടെ കേസന്വേഷിക്കുവാനായി മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. പോലീസ് നടപടിയില്‍ വിഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് പോലീസ് സൂപ്രണ്ട് അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്‌ഐടി സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് ഭീക്ഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിന്‍റെ പേരില്‍ യാതൊരു നടപടികളും എടുക്കുവാന്‍ യോഗി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീക്ഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു. പക്ഷെ, ജനരോക്ഷം തണുപ്പിക്കുവാനുള്ള യോഗിയുടെ ഈ ഗിമ്മിക്കുകളൊന്നും ഫലവത്തായില്ല.

കുടുംബാംഗങ്ങളെ മൊത്തം നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിര്‍ദ്ദേശമാണ് ഉത്തർപ്രദേശ് സർക്കാര്‍ അവസാനം പുറത്തിറക്കിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവ്. പെൺകുട്ടിയുടെ കുടുംബത്തെ പൊതുസമൂഹത്തോടും മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാതെ പോലീസ് തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ നീക്കവും വിവാദത്തിലാകുന്നത്.  “അവർ ഞങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു, പുറത്തുള്ളവരെ കാണാൻ പോലും ഞങ്ങളെ അനുവദിക്കുന്നില്ല. പോലീസിന്‍റെ കണ്ണുവെട്ടിച്ച് മാധ്യമങ്ങളെ കണ്ട കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുവായ ബാലന്‍ പറയുന്നു. തെരുവുകൾക്ക് പുറമെ, ഇരയുടെ വീടിന്റെ ടോയ്‌ലറ്റുകൾക്ക് പുറത്ത് പോലീസും തമ്പടിക്കുന്നുണ്ടെന്ന് ഒരു ഗ്രാമീണൻ പറഞ്ഞു. “വീട്ടിലെ സ്ത്രീകൾക്ക് ടോയ്‌ലറ്റ് സന്ദർശിക്കാൻ ബുദ്ധിമുട്ടാണ്. പോലീസുകാർ പുറത്ത് നിൽക്കുന്നു,” ഒരു ഡോക്ടറെ കണ്ടുമുട്ടാമെന്ന വ്യാജേന ഗ്രാമത്തിൽ നിന്ന് പുറത്തുവന്ന ഒരു ഗ്രാമീണന്‍റെ വാക്കുകളാണിത്. “ഞങ്ങളുടെ കുഞ്ഞിന്‍റെ മുഖം പോലും കാണിച്ചില്ല. രാത്രി അവളുടെ മൃതദേഹം കൊണ്ടുവന്ന് ഒരു പറമ്പിലിട്ട് കത്തിച്ചുകളഞ്ഞു. അവളെ അവസാനമായി ഒരുനോക്ക് കാണാൻ പോലും സമ്മതിച്ചില്ല. എന്തിനാണിങ്ങനെ ചെയ്തത്? ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷ്കര്‍ വന്ന് ഞങ്ങളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. അവളുടെ മുഖം വികൃതമാണ്. മുഖം കണ്ടാൽ പത്ത് ദിവസത്തേക്ക് നിങ്ങൾ വെള്ളം കുടിക്കില്ല എന്നാണ് അയാൾ ഞങ്ങളോട് പറഞ്ഞത്. എല്ലാവരും പോകും, മാധ്യമങ്ങൾ ഒക്കെ പോകും, പിന്നെ ഞങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണയാൾ ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്ക് ഒരു സഹായവും വേണ്ട. ഒരു രൂപ പോലും സർക്കാരിന്‍റേതായിട്ട് വേണ്ട”. എന്ന് ഹത്രാസിലെ ഭൂലഗധി ഗ്രാമത്തിലിരുന്ന് പെൺകുട്ടിയുടെ ബന്ധു പറയുന്നു….

ഡല്‍ഹിയില്‍ നിന്ന് 180 കിലോമീറ്റര്‍ മാത്രം അകലെ ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിലെ ഭൂലഗധി ഗ്രാമത്തിൽ സെപ്റ്റംബർ 14 നാണ് 19 കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത് അമ്മയ്ക്കൊപ്പം വയലില്‍ പണിക്കു പോയ ദളിത വിഭാഗത്തിലെ വാത്മീകി സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയെ  നാലുപേര്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് പീഢിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അവളുടെ സഹോദരൻ അവളെ മോട്ടോർ സൈക്കിളിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തന്നെ ബലാത്സഗം ചെയ്തത് ഉയര്‍ന്ന ജാതിയായ ഠാക്കൂര്‍ വിഭാഗത്തില്‍ പെട്ട സന്ദീപ്, രാമു, ലവകുഷ്, രവി നല്‍കിയിെങ്കിലും എന്നീ നാലു പേരാണെന്ന് വെളിപ്പെടുത്തിയെങ്കിലും മൊഴി രേഖപ്പെടുത്തുവാനോ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലുമോ യോഗിയുടെ പോലീസ് തയ്യാറായില്ല. ബിജെപി യുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള പ്രാദേശിക നേതാവിന്‍റെ മകനായിരുന്നു സന്ദീപ്. തുടര്‍ന്ന് അവളുടെ സഹോദരൻ അവളെ ഒരു ഓട്ടോയിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അക്രമികള്‍ പെണ്‍കുട്ടിയെ വളരെ പൈശചികമായിട്ടായിരുന്നു അക്രമിച്ചത്. കൂട്ട ബലാത്സംഗം ചെയ്ത ശേഷം യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തിരുന്നു. നില വഷളായതോടെ പെൺകുട്ടിയെ അലിഗഡിലെ ജെഎൻ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു,  അവിടെ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയും അവളുടെ അമ്മയും വ്യക്തമായി അധികൃതരോടു പറയുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, സെപ്റ്റംബർ 22 വരെ  പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി അലിഗഡിലെ ജെഎൻ മെഡിക്കൽ കോളേജിന്റെ മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടില്ല. പോലീസ് ആകട്ടെ കൂട്ടമാനഭംഗത്തിന്റെ വകുപ്പ് മാത്രമാണ് എഫ്‌ഐ‌ആറിൽ ചേർക്കുവാന്‍ തയ്യാറായത്. നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍  21ന് പെണ്‍കുട്ടിയെ ഡല്‍ഹി  സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 22ന് വൈകുന്നേരത്തോടെ പെണ്‍കുട്ടി മരിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാതെ മൃതദേഹം സംസ്കരിക്കുകയില്ല  എന്ന നിലപാട് ബന്ധക്കള്‍ സ്വീകരിച്ചതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പോലീസ് ബലമായി ഏറ്റെടുക്കുകയും ഗ്രാമത്തിലേക്ക് കൊണ്ടു പോകുകയും ചെയ്തു. തുടര്‍ന്ന് കുടുംബാഗങ്ങളെ വീട്ടില്‍ പൂട്ടിയിട്ട് വീടിനു സമീപത്തെ വയലിലിട്ട് പുലര്‍ച്ചെ 2.30നോടെ മൃതശരീരം കത്തിക്കുകയായിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *