കോവിഡ് ജീവിതം ദുസ്സഹമാക്കുന്നതിനിടയിലും ചൂഷണത്തിനൊരുങ്ങി സ്വകാര്യ വിദ്യലയങ്ങള്‍

Print Friendly, PDF & Email

നാലു ഘട്ടം പിന്നിട്ട് ലോക്ക്ഡൗൺ അണ്‍ലോക്കിലേക്ക് നീങ്ങുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കഥനകഥകളാണ് നഗരത്തില്‍ നിന്നെങ്ങും കേള്‍ക്കുന്നത്. നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും ഇപ്പോൾ മാസത്തില്‍ ഏതാനും ദിവസത്തെ ജോലിയും അതിന്‍റെ കൂലിയും മാത്രമാണ് നൽകാൻ തയ്യാറാകുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കാര്യമായ ഒരു സര്‍ക്കാര്‍ സഹായവും കിട്ടാത്തവരാണു നഗരത്തിലേറെ പേരും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് പോയിട്ട് ഒരു കിലോ അരിപോലും ലഭിക്കാത്തവരാണ് ബഹുഭൂരിപക്ഷം നഗരവാസികളും. നഗരത്തിലെ അമിത വീട്ടുവാടകയും ലോക്ക്ഡൗണിനിടയിൽ കുത്തനെ കൂട്ടിയ വെള്ളത്തിന്‍റെ വിലയും, വൈദ്യുതി വിലയും, കൂട്ടിയ യാത്രക്കൂലിയും എല്ലാം നഗരവാസികളുടെ ജീവിതം കൂടതല്‍ ദുസ്സഹമാക്കുന്നു. രോഗവ്യാപനവും തൊഴിൽ നഷ്ടവും, അനിശ്ചിതമായ ഭാവിയും ബെംഗളൂരു നിവാസികളെ കടുത്ത ഭീതിയിലേക്കു തള്ളിയിട്ടിരിക്കുന്നു. ഉദ്യാനനഗരം പൂത്തുലഞ്ഞു നിൽക്കുമ്പോൾ നഗരത്തിലെ സാധാരണക്കാരുടെ മനസ് ഭീതിയിൽ ഉലഞ്ഞു തകരുകയാണ്. നഗരജീവിതം അവസാനിപ്പിച്ച് അവരവരുടെ നാടുകളിലേക്കു തിരികെപ്പോകുന്ന നഗരവാസികളുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു.

കോവിഡ്-19 എന്ന മഹാവ്യാധി കാരണം ബാംഗ്ലൂരിൽ അടഞ്ഞു കിടക്കുന്ന മിക്ക വിദ്യാലയങ്ങളും ഏതു വിധേനയും ഫീസ് വാങ്ങുന്നതിനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാക്കൊല്ലവും ഇതിനോടകം കോടിക്കണക്കിനു രൂപ അഡ്മിഷന്‍റെയും റി-അഡ്മിഷന്‍റെയും പേരിൽ കീശയിലാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇക്കൊല്ലം അതിനു സാധിച്ചിരുന്നില്ല. ആ കുറവ് പരിഹരിക്കാനായി അഡ്മിഷൻ എടുക്കാൻ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. മുലകുടി മാറാത്ത കുഞ്ഞു മുതൽ കോളജ് വിദ്യാർത്ഥി വരെ ഇവരുടെ ഇരകളാണ്. അഥവാ ക്രീച്ച് മുതൽ കോളജ് വരെ നടത്തി പണം കൊയ്യുന്ന ലോബിയാണ് ഇപ്പോൾ അടുത്ത പണക്കൊയ്ത്തിനായി ആയുധവുമായി ആഞ്ഞു നിൽക്കുന്പോള്‍ ജോലിയും കൂലിയും നിലച്ച രക്ഷിതാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഇതിനിടയിലാണ് ആർത്തിപൂണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസിനായി രാക്ഷസീയമായി ആർത്തുവിളിക്കുന്നത്. വിദ്യാലയം തുറന്നാലും ഇല്ലെങ്കിലും വാർഷിക ഫീസ് അടയ്ക്കുവാൻ വിദ്യാലയങ്ങൾ രക്ഷിതാക്കളെ അലട്ടിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലം അധികൃതരുടെ ഒത്താശയുണ്ടെന്നത് കൂടുതൽ ആശങ്കയുളവാക്കുന്നു. ഇടി വെട്ടിയവനെ പാമ്പു കടിച്ചെന്നു പറഞ്ഞതു പോലെയാണ് കാശിനായുള്ള ഇത്തരം ആർത്തികൾ. ഈ ലോക്‍ഡൗണ്‍ കാലത്ത് സർക്കാരിന്‍റെ യാതൊരു സഹായം ലഭിക്കാത്തവരാണ് നഗരവാസികളില്‍ ഭൂരിപക്ഷവും. വിദ്യാഭ്യാസ കാര്യത്തിലെങ്കിലും ഉചിതമായ തീരുമാനം ഉണ്ടാകുമോ എന്നു പ്രതീക്ഷിച്ചിരിക്കുന്നവരെ സർക്കാരിന്‍റെയും വിദ്യാലയ അധികൃതരുടെയും ഇപ്പോഴത്തെ സമീപനം വല്ലാതെ വിഷമിപ്പിക്കുയാണ്.

കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഭരിക്കുന്നവരും വിദ്യാലയ അധികൃതരും തെല്ലും ചിന്തിക്കുന്നില്ല. കൊറോണ കാരണം രക്ഷിതാക്കൾക്കു ജോലി ഇല്ലാതായതും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായതും വിദ്യാലയങ്ങൾക്ക് അറിയേണ്ട കാര്യമില്ല. ആണ്ടുതോറും തങ്ങളുടെ കീശയിലേക്കു വീഴുന്ന അഥവാ വീഴേണ്ട പണം ഇപ്പോഴും എപ്പോഴും വന്നുചേരണമെന്നു മാത്രമേ അവർക്കു ചിന്തയുള്ളൂ. ഏതു വിധേനയും സര്‍ക്കാരിൽ സമ്മർദ്ദം ചെലുത്തി വിദ്യാലയങ്ങൾ തുറപ്പിക്കാനും പണം വെട്ടിപ്പിടിക്കാനുമുള്ള കുതന്ത്രങ്ങളിൽ മുഴുകിയിരിക്കുയാണ് ഇവർ.

ഈ മഹാവ്യാധിയുടെ ഇടയിൽ കുട്ടികളുടെ ആരോഗ്യവും ജീവനും രക്ഷിക്കാനാണ് നാം മുൻതൂക്കം നൽകേണ്ടത്. അല്ലാതെ നഴ്‌സറിയിലെയും ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും മറ്റും പഠനം വൈകുന്നതിനെപ്പറ്റി ആശങ്കപ്പെടുകയല്ല വേണ്ടത്. ഈ ഘട്ടത്തിന്‍റെ സവിശേഷതയെപ്പറ്റിയും അതിൽ നടപ്പാക്കേണ്ട മാറ്റത്തെക്കുറിച്ചും  വേണ്ട രീതിയിൽ ചിന്തിക്കുവാന്‍ ഇനിയും തുടങ്ങിയിട്ടില്ല. പത്തു വയസിനു താഴെയുള്ള കുട്ടികൾ പുറത്തിറങ്ങരുതെന്നു പറയുന്ന അധികൃതർ വിദ്യാലയ ലോബിയുടെ ആർത്തിക്കു മുന്നിൽ വിദ്യാലയങ്ങൾ തുറക്കാൻ അനുവദിക്കുമോ?. കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുമ്പോൾ പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ പുറത്തിറങ്ങരുതെന്ന് പറയുന്ന സര്‍ക്കാര്‍; പ്രൈമറി വിദ്യാലയങ്ങള്‍ തുറക്കുമോ എന്ന് കാത്തിരിക്കുകയാണ് നഗരവാസികള്‍.                                                                                                                                                                                                                                            – വെട്ടിപ്പുറം മുരളി 

  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...