കൊച്ചി തീരത്ത് വൻ വാതകനിക്ഷേപം.

Print Friendly, PDF & Email

കൊച്ചി: 300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിേക്ഷപം കൊച്ചിയുൾപ്പെടെയുള്ള ഇന്ത്യൻ തീരത്ത് കണ്ടെത്തി. കൊച്ചി തീരം, കൃഷ്ണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് കണ്ടെത്തിയത്.

ഇതിലേതാണ്ട് മൂന്നിലൊന്നും കൊച്ചി തീരത്താണെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തുന്നു. ഹൈഡ്രേറ്റ് പ്രകൃതിവാതകം പര്യവേക്ഷണം ചെയ്ത്, വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഉടൻ തുടങ്ങും.  മുംബൈയിലെ പനവേലിൽ പ്രകൃതിവാതക ഹൈഡ്രേറ്റിന്റെ ഗവേഷണങ്ങൾക്കായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന് ഒ.എൻ.ജി.സി. ചെയർമാൻ ശശി ശങ്കർ പറഞ്ഞു. 

കടലിനടിയിൽ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം (ഗ്യാസ് ഹൈേഡ്രറ്റ്) ഉണ്ടാവുക. പ്രകൃതിവാതകങ്ങളിൽപെടുന്ന ഗ്യാസ് ഹൈഡ്രേറ്റിന്റെ നിക്ഷേപം കൂടുതലും അമേരിക്കയിലാണ്. അതുകഴിഞ്ഞാൽ ഇന്ത്യയിലാണെന്നാണ് പുതിയ കണ്ടെത്തൽ. ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇനിയും കണ്ടെത്തിയിട്ടില്ല. അമേരിക്ക, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ഇതിനായി ശ്രമം പുരോഗമിക്കുകയാണ്.

എണ്ണ-പ്രകൃതി വാതക കോർപ്പറേഷൻ (ഒ.എൻ.ജി.സി.), യു.എസ്. ജിയോളജിക്കൽ സർവേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേർന്ന് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കാനഡയുടെ സഹായവും തേടിയേക്കും. ഓയിൽ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് ബോർഡ് (ഒ.ഐ.ഡി.ബി.), ഒ.എൻ.ജി.സി, ഗെയിൽ, ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ ചേർന്ന് ചെലവ് വഹിക്കും. ഒ.ഐ.ഡി.ബി. 200 കോടി രൂപ അനുവദിച്ചു.

വീടുകളിലേക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും ആവശ്യമായ വാതകത്തിന് പുറമെ വാഹനങ്ങൾക്കാവശ്യമായ ഇന്ധനമായും ഹൈഡ്രേറ്റ് വാതകം രൂപപ്പെടുത്താം. ഇന്ത്യയുടെ ഊർജ ഉപഭോഗത്തിൽ ഇപ്പോൾ ആറരശതമാനം മാത്രമാണ് വാതകങ്ങൾ.

കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. അതുകഴിഞ്ഞാൽ കൊച്ചി തീരത്തും. അടുത്ത സാമ്പത്തികവർഷംതന്നെ പര്യവേക്ഷണം ഉണ്ടാകുമെന്നാണ് സൂചന. ഇത് വിജയിച്ചാൽ ലോകത്തിലെ മുൻനിര സാന്പത്തികശക്തിയായി ഇന്ത്യ മാറും.

കൊച്ചി ഉൾപ്പെടെ രാജ്യത്ത് മൂന്നിടത്ത് ഹൈഡ്രേറ്റ് വാതകശേഖരം കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിൽ 2009-ലും 2013-ലും ആഴക്കടലിൽ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം നടത്തിയിട്ടുണ്ട്. എണ്ണ-പ്രകൃതി വാതക കോർപ്പറേഷന്റെ (ഒ.എൻ.ജി.സി.) നേതൃത്വത്തിലായിരുന്നു പര്യവേക്ഷണം. രണ്ടു തവണയും എണ്ണക്കിണറുകൾ കുഴിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവ മൂടി. 1977-ലും ഇത്തരത്തിൽ പരീക്ഷണം നടന്നിട്ടുണ്ട്.

അമേരിക്കയിലെ ഷെയ്ൽ ഗ്യാസിന്റെ മാതൃകയിലുള്ള പ്രകൃതിവാതകശേഖരം. ഭൂനിരപ്പിന് താഴെ, ഷെയ്ൽ എന്നറിയപ്പെടുന്ന പാറയിൽനിന്നാണ് ഷെയ്ൽ ഗ്യാസ് തുരന്നെടുക്കുന്നത്. കടലിനടിയിൽ ഐസ് രൂപത്തിലാണ് ഗ്യാസ് ഹൈഡ്രേറ്റ് ശേഖരം. പ്രകൃതിവാതകവും കടൽജലവും ചേർന്നുള്ള ഐസ് പാളികളായാണ് ഗ്യാസ് ഹൈഡ്രേറ്റ് കാണപ്പെടുന്നത്.

(Visited 30 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares