നെടുമങ്ങാട് കാണാതായ പതിനാറുകാരിയുടേത് കൊലപാതകം. കൊലപ്പെടുത്തിയത് അമ്മയും കാമുകനും
നെടുമങ്ങാട് കാണാതായ പതിനാറുകാരിയുടേത് കൊലപാതകം. കൊലപ്പെടുത്തിയത് അമ്മയും കാമുകനും. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കാരാന്തല കുരിശടിയില്‍ മഞ്ജു(39)കാമുകന് ഇടമല സ്വദേശി അനീഷ്(32) എന്നിവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തങ്ങളുടെ ബന്ധം എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നാണ് ഇവരുടെ മൊഴി. പെണ്‍കുട്ടിയെ കിടക്കയില്‍ തള്ളിയിട്ട് ഷാള്‍ കുരുക്കി കൊന്നെന്നാണ് മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
നെടുമങ്ങാട് കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ ആണ് കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ പൊലീസിനോട് പറഞ്ഞത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയല്ല,കൊലപാതകമെന്ന് തെളിഞ്ഞിരുന്നു.
പെൺകുട്ടിയേയും അമ്മയെയും നെടുമങ്ങാട് പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായിട്ട് രണ്ടാഴ്ചയിലേറെയായിരുന്നു. മകൾ ഒളിച്ചോടിയെന്നും കുട്ടിയെ തേടി താൻ തിരുപ്പതിയിൽ വന്നിരിക്കുകയാണെന്നും 13ന് മഞ്ജുഷ വീട്ടിൽ അറിയിക്കുകയായിരുന്നു. മഞ്ജുഷയെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛൻ 17ന് പൊലീസിൽ പരാതി നൽകി.പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ നിന്നുമായിരുന്നു ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച്ച ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദമായി ചോദ്യം തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അനീഷിന്റെ വീടിനടുത്തുള്ള പൊട്ടകിണറ്റില്‍ നിന്ന് ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനീഷ് പെയിന്റിങ് തൊഴിലാളിയാണ്. മഞ്ജു ഭര്‍ത്താവുമായി ഏറെ നാളായി തെറ്റിപ്പിരിഞ്ഞ് കഴിയുകയായിരുന്നു.