കെഎന്‍ഇ ട്രസ്റ്റ് തിരഞ്ഞെടുപ്പ്: ചിലന്തിവലയില്‍ കുടുങ്ങിയ ജനാധിപത്യം

Print Friendly, PDF & Email

ജനാധിപത്യത്തെ എങ്ങനെയെല്ലാം അട്ടിമറിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്ന് അറിയണമെങ്കില്‍ വേറെ എങ്ങും പോകേണ്ട. 12 ലക്ഷത്തിലേറെ വരുന്ന ബെംഗളൂരു മലയാളികളുടെ സ്വന്തം സ്ഥാപനമായ കൈരളീ നികേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ട്രസ്റ്റി തിരഞ്ഞെടുപ്പ് ശ്രദ്ധിച്ചാല്‍ മാത്രം മതി; അടിമുടി കൃത്രിമത്വം നടത്തി എങ്ങനെ ഒരു തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുവാന്‍ കഴിയുമെന്ന് മനസിലാക്കുവാന്‍.

കെഎന്‍ഇ ട്രസ്റ്റിന്റെ തലക്കു മുകളിലൂടെ എക്‌സ് ഒഫിഷ്യോ ഭരണം നടത്തു ന്ന കേരള സമാജത്തിന്റെ ബാനറില്‍ മത്സരിക്കുന്ന വിഭാഗവും കെഎന്‍ഇ ട്രസ്റ്റില്‍ സുതാര്യതയും ജനാധിപത്യവും പുനസ്ഥാപിക്കണമെന്ന് ആവശ്യവുമായി കഴി ഞ്ഞ ഒരു ദശകമായി പ്രവര്‍ ത്തിക്കുന്ന സേവ് കെഎന്‍ഇ ട്രസ്റ്റ് ഫോറത്തിന്റെ ബാനറില്‍ മത്സരിക്കുന്ന വിഭാഗവും തമ്മിലാണ് ജൂണ്‍ 30ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. സ്ഥിര മെമ്പര്‍മാരായ ഡോണര്‍ മെമ്പര്‍ ഉള്‍പ്പെടുന്ന ഡോണര്‍ കോണ്‍സ്റ്റിറ്റുവന്‍സി, വര്‍ഷാവര്‍ഷം മെമ്പര്‍ഷിപ്പ് പുതുക്കേണ്ടുന്ന മെമ്പര്‍മാരുള്‍പ്പെടുന്ന ഓര്‍ഡിനറി കോണ്‍സ്റ്റിറ്റുവന്‍സി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരം.

പുതിയവര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോഴും പഴയ മെമ്പര്‍മാരുടെ മെമ്പര്‍ഷിപ്പ് പുതുക്കുമ്പോഴും തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുവാനുള്ള കരുനീക്കങ്ങള്‍ ആരംഭിക്കുകയായി. ഭരണസമിതിക്ക് വ്യക്തമായ മുന്‍തൂക്കം ഉറപ്പാക്കുന്ന തരത്തിലായിരിക്കും ഇവ രണ്ടും നടക്കുക.തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള രണ്ടാം ഘട്ടം ആരംഭിക്കുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുമ്പോഴാണ്.

ഈ വര്‍ഷത്തെ കെഎന്‍ഇ ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ മെയ് 31നായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ജൂണ്‍ 7ന്. പത്രിക പിന്‍വലിക്കുന്ന അവസാന തീയതി ജൂണ്‍ 14. അതായത് 7 ദിവസത്തെ ഇടവേളക്ക് ശേഷം. ദേശീയ തിരഞ്ഞെടുപ്പുകള്‍ക്കു പോലും നോമിനേഷന്‍ സമര്‍പ്പണവും പത്രിക പിന്‍വലിക്കുന്ന ദിവസവും തമ്മില്‍ മൂന്നോ നാലോ ദിവസങ്ങളുടെ വിത്യാസം മാത്രം ഉള്ളപ്പോഴാണ് കെഎന്‍ഇ ട്രസ്റ്റില്‍ അതിന് ഏഴ് ദിവസത്തെ ഇടവേള എടുക്കുന്നത്.

ഔദ്യോഗിക വിഭാഗത്തിനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അന്നുതുടങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാന്‍ കഴിയുമെന്ന് കരുതിയാല്‍ തെറ്റി. റിട്ടേണിങ്ങ് ഓഫീസര്‍ പിന്നീടെന്നോ വിളിച്ചു ചേര്‍ക്കുന്ന കാന്‍ഡിഡേറ്റ് മീറ്റിനു ശേഷം മാത്രമേ വോട്ടേര്‍സ് ലിസ്റ്റ് കൊടുക്കുകയുള്ളൂ. ഇക്കുറി ജൂണ്‍ 19ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്കായിരുന്നു കാന്‍ഡിഡേറ്റ് മീറ്റ്. അതോടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇലക്ഷന്‍ പ്രചാരണത്തിന് ലഭിക്കുന്നത് വെറും 10 ദിവസം മാത്രം. കേരള സമാജത്തിന്റെ ബാനറില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ കൊടുക്കുന്ന അന്നു തന്നെ ഫോണ്‍നമ്പര്‍ അടക്കം സംമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ വോട്ടര്‍ പട്ടിക ലഭ്യമാണെന്നിരിക്കെയാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്ക് മുമ്പുമാത്രം വോട്ടേര്‍സ് ലിസ്റ്റ് കൊടുക്കുന്നത്.

ഏതാണ്ട് 2000ത്തിലേറെ പേരാണ് വോട്ടര്‍മാരായി കെഎന്‍ഇ ട്രസ്റ്റിലുള്ളത്. എന്നുവച്ചാല്‍ ഒരു ദിവസം വോട്ടഭ്യര്‍ത്ഥനയുമായി കാണേണ്ടത് 200ലേറെ വോട്ടര്‍മാരെ. ഇത് തികച്ചും അസാദ്ധ്യമായ കാര്യമാണെന്നിരിക്കെ ഓരോ വോട്ടര്‍മാരേയും ഫോണില്‍ വിളിച്ച് വോട്ട് അഭ്യര്‍ത്ഥിക്കാമെന്നു വച്ചാല്‍ അതും നടക്കില്ല. സ്ഥാനാര്‍ത്ഥികള്‍ക്ക് കെഎന്‍ഇ ട്രസ്റ്റില്‍ നിന്നു ലഭിച്ചിരിക്കുന്ന വോട്ടര്‍സ് ലിസ്റ്റില്‍ ഒരൊറ്റ മെമ്പര്‍മാരുടേയും ഫോണ്‍ നമ്പര്‍ ഇല്ല എന്നതാണ് കാരണം. റിട്ടേണിങ്ങ് ഓഫിസറോട് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വോട്ടേര്‍സ് ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ഉത്തരമാണ് വിചിത്രം. “കെഎന്‍ഇ ട്രസ്റ്റിന്‍റെ സെക്രട്ടറി മറ്റ് ഓഫീസ് ബെയേര്‍സിനോട് ചര്‍‍ച്ചചെയ്ത് തീരുമാനിച്ച് അറിയിച്ചിരിക്കുന്നത്,  ഒരുകാരണവാശാലും വോട്ടര്‍മാരെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ സാധിക്കുകയില്ല എന്നും പല വോട്ടര്‍മാരും തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മറ്റുള്ളവരോട് പങ്കുവക്കുവാന്‍ താല്‍പര്യപ്പെടുന്നില്ല എന്നും അത് അവരുടെ സ്വകാര്യതയെ ബാധിക്കു”മെന്നുമാണ്.  നിഷ്പക്ഷമായും സ്വതന്ത്രമായും തിരഞ്ഞെടുപ്പ് നടത്തുവാന്‍ ബാധ്യസ്ഥാനായ ഒരു റിട്ടേണിങ്ങ് ഓഫീസറുടെ ഉത്തരമാണിത്…!!!.

സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുത്ത വോട്ടേര്‍സ് ലിസ്റ്റിലെ ഒരു സാമ്പിള്‍ മേല്‍വിലാസം: ഉദയനഗര്‍ വിശാലമായ റെസിഡന്‍ഷ്യല്‍ ഏരിയയാണ് നിരവധി മെയിന്‍ റോഡുകളും അതിലേറെ ക്രോസ് റോഡുകളും ഉപ ക്രോസ് റോഡുകളും ഉള്ള മേഖല. ഓരോ മെയിന്‍ റോഡുകളിലും ബില്‍ഡിങ് നമ്പര്‍ ആരംഭിക്കുന്നത് ഒന്നുമുതലാണ്. ഈ മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ?.

കേരള സമാജത്തിന്റെ ബാനറില്‍ മത്സരിക്കുന്നവര്‍ക്കെതിരെ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നെ വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിക്കുവാന്‍ ഒരു വഴി മാത്രമേ അവശേഷിക്കുന്നുള്ളു. വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ലെറ്ററുകള്‍ പോസ്റ്റ് ചെയ്യുക. ഇവിടെ അതും അസാദ്ധ്യമാണ്. കാരണം തന്നിരിക്കുന്ന വോട്ടര്‍ പട്ടികയില്‍ 50 ശതമാത്തിലേറെ വോട്ടര്‍മാരുടെ അഡ്രസ്സും അപൂര്‍ണ്ണമാണ്. കൃത്യമായ വിതരണത്തിന് പൂര്‍ണ്ണമായ മേല്‍വിലാസത്തിനോടൊപ്പം ഫോണ്‍ നമ്പറുകൂടി ചേര്‍ക്കണമെന്ന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിഷ്‌കര്‍ഷിക്കുമ്പോള്‍ പിന്‍കോഡുപോലും ഇല്ലാതെ അപൂര്‍ണ്ണമായ അഡ്രസ്സില്‍ അഭ്യര്‍ത്ഥനകള്‍ പോസ്റ്റ് ചെയ്താല്‍ കത്ത് മേല്‍വിലാസക്കാരന് ലഭിക്കില്ല എന്ന കാര്യം ഉറപ്പ്.

സേവ് കെഎന്‍ഇ ട്രസ്റ്റ് ഫോറം ബാനറില്‍ മത്സരിക്കു ന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയ വോട്ടേര്‍സ് ലിസ്റ്റ്. ഏതെങ്കിലും തരത്തില്‍ അപൂര്‍ണ്ണമായ അഡ്രസ്സുകളാണ് വൃത്തത്തില്‍ കൊടുത്തിരിക്കുന്നത്.

ഒരു കാരണവശാലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുമായി ബന്ധപ്പെടുവാന്‍ പാടില്ല എന്ന് ഉറപ്പിച്ച് കെഎന്‍ഇ ട്രസ്റ്റ് ഭാരവാഹികള്‍ നീക്കങ്ങള്‍ നടത്തുകയും നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുവാന്‍ നിയമിക്കപ്പെട്ട റിട്ടേണിങ് ഓഫീസര്‍ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്യുമ്പോള്‍ കെഎന്‍ഇ ട്രസ്റ്റില്‍ നടക്കുന്നത് ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പല്ല… തിരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണ്. അതിനാല്‍ സോഷ്യല്‍ മീഡിയകളിലൂടെ മാത്രം തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ് സേവ് കെഎന്‍ഇ ട്രസ്റ്റ് ഫോറം സ്ഥാനാര്‍ത്ഥികള്‍.

ഇതുകൊണ്ടു മാത്രം തീരുന്നില്ല പൊതു തിരഞ്ഞെടുപ്പുചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍. സാധാരണയായി ബാലറ്റുപേപ്പറില്‍ പേര് വരുന്നത് ഒന്നെങ്കില്‍ അക്ഷരമാല ക്രമത്തിലോ അല്ലങ്കില്‍ മെമ്പര്‍ഷിപ്പ് നമ്പര്‍ ക്രമത്തിലോ ആയിരിക്കും. എന്നാല്‍ ഇവിടെ യാതൊരു മാനദണ്ഡവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇരുമണ്ഡലങ്ങളിലേയും ബാലറ്റു പേപ്പറുകളില്‍ ആദ്യ നമ്പറുകള്‍ കേരള സമാജം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുകയായിരുന്നു. ഇതിനെപറ്റി ചോദിച്ചപ്പോള്‍ “നോമിനേഷന്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റുപേപ്പറില്‍ നമ്പറുകള്‍ നല്‍കിയതെ”ന്നായിരുന്നു വിശദീകരണം. എന്നാല്‍ നോമിനേഷന്‍ സമര്‍പ്പണ ദിവസം റിട്ടേണിങ് ഓഫീസറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. കെഎന്‍ഇ ട്രസ്റ്റ് ജീവനക്കാരായിരു ന്നു നോമിനേഷന്‍ സ്വീകരിച്ചത്. നോമിനേഷന്‍ പേപ്പര്‍ വാങ്ങിവച്ചതല്ലാതെ അത് രേഖപ്പെടുത്തുകയോ റിക്കാര്‍ഡാക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് പേപ്പറുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രമനമ്പര്‍ നിര്‍ണ്ണയിച്ചത് എന്നത് ദുരൂഹമായി തുടരുകയാണ്.

150 കോടിയുടെ ആസ്ഥിയും കോടികളുടെ ടേണ്‍ഓവറുമുള്ള എട്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈവിട്ടുപോകുമോ എന്ന ഭയമായിരി ക്കാം ഇത്തരം നഗ്നമായ ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് കെഎന്‍ഇ ട്രസ്റ്റ് ഭാരവാഹികളെ പ്രേരിപ്പിക്കുന്നത്. ഇവിടെയാണ് കെഎന്‍ഇ ട്രസ്റ്റ് ഭാരവാഹികളുടെ കൈകള്‍ ശുദ്ധമല്ല എന്ന സംശയം കൂടുതല്‍ ശക്തമാകുന്നത്.

(Visited 95 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...