കാശ്മീരില്‍ നിരോധനാജ്ഞ. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കി…

Print Friendly, PDF & Email

70 വര്‍ഷത്തിലേറെ കാലം നീണ്ടു നിന്ന കാശ്മീര്‍ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യത്തിന്‍റെ 73-ാം പിറന്നാള്‍ ആഘോഷത്തോടെ കാശ്മീരില്‍ ഒരു സംമ്പൂര്‍ണ്ണ ശുദ്ധികലശത്തിനു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന സൂചന നല്‍കി കശ്മീര്‍ താഴ്വരയിലും ജമ്മുവിലും രജൗരി, ഉധംപൂർ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ നേതാക്കളെ വീട്ടുതങ്കലിലാക്കിയതായി സൂചനയുണ്ട്.

ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി

താന്‍ വീട്ടുതടങ്കലിലാണെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. മറ്റ് പ്രമുഖ നേതാക്കളെയും വീട്ടുതടങ്കലിലാക്കാൻ നീക്കമുണ്ടെന്നും ഒമർ അബ്ദുള്ളയുടെ ട്വീറ്റില്‍ പറയുന്നു. താനും വീട്ടുതടങ്കലിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്. കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദിനെയും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

38000ത്തില്‍ പരം കേന്ദ്ര സേനയെ ഇറക്കി കാശ്മീരിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങൾക്ക് ജമ്മുകാശ്മീരിലേക്കുള്ള പ്രവേശനത്തിന് നിരോധനo ഏർപ്പെടുത്തിയിരിക്കുകയാ ണ്. കൂടാതെ കാശ്മീര്‍ താഴ്വരയില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവച്ചു. തീര്‍ത്ഥാടകരും സന്ദര്‍ശകരും പൂര്‍ണ്ണമായും കാശ്മീര്‍ വിടണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനു പിന്നാലെ ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളുമാണ് കശ്മീരില്‍ ഇനി അവശേഷിക്കുന്നത്. അവരേയും പുറത്തെത്തിക്കുവാനുള്ള നടപടികള്‍ എടുത്തിരിക്കുകയാണ് സേനവിഭാഗം.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ ശരിവക്കുന്ന നീക്കങ്ങളാണ് കാശ്മീരില്‍ ഉണ്ടാകുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്. കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്നതിലൂടെ കാശ്മീര്‍ ജനതയെ രാജ്യത്തിന്‍റെ പൊതു ധാരയിലേക്ക് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഈ നീക്കത്തെ തടയും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്‍റെ പൊതു മനസ്സ് കേന്ദ്രസര്‍ക്കാരിനൊപ്പമാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷനീക്കം പരാജയപ്പെടുമെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഭരണഘടന ഭേദഗതിയിലൂടെ കാശ്മീരില്‍ ഒരു സംമ്പൂര്‍ണ്ണ ശുദ്ധികലശത്തിന് കഴിയും എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായില്ല എങ്കില്‍ കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് താല്‍പര്യമില്ല എന്ന് വരും. ഇത് രാജ്യത്തിന്‍റെ ഇതരഭാഗങ്ങളില്‍ ബിജെപിക്ക് രാഷ്ട്രീയമായി നേട്ടമാണ് കൈവരുത്തുക.

  •  
  •  
  •  
  •  
  •  
  •  
  •