കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമുള്ളത് – കേരള ഹൈക്കോടതി

Print Friendly, PDF & Email

കാണുന്നവരുടെ കണ്ണിലാണ് അശ്ലീലമുള്ളതെന്ന് കേരള ഹൈക്കോടതി. ഗൃഹലക്ഷ്മി മാസികയുടെ മുലയൂട്ടല്‍ ക്യാംപെയിനിന്റെ ഭാഗമായുള്ള പതിപ്പിന്റെ കവര്‍ ചിത്രത്തില്‍ പ്രശസ്ത മോഡല്‍ ജിലു ജോസഫ് മറയില്ലാതെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പ്രസദ്ധീകരിച്ചിരുന്നു. കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചതായിരുന്നു പ്രസ്തുത ചിത്രം. മറയില്ലാതെ മുലയൂട്ടാന്‍ ഓരോ സ്ത്രീയ്ക്കും അമ്മയ്ക്കും അവകാശമുണ്ടെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതാണ് അതെന്നായിരുന്നു മറ്റൊരു കൂട്ടരുടെ വാദം. വാദം കോടതിയിലുമെത്തി. ഇപ്പോഴിതാ അതിന്റെ വിധി വന്നിരിക്കുന്നു.

ഗൃഹലക്ഷ്മി കവര്‍ചിത്രമായ പ്രശസ്ത മോഡല്‍ ജിലു ജോസഫ് മറയില്ലാതെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം അശ്ലീലമാണെന്നും കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ച് ഫെലിക്‌സ് എംഎ കോടതിയെ സമീപിച്ചത്. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരവും (ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 45) സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള വകുപ്പുപ്രകാരവുമാണ് പരാതി നല്‍കിയിരുന്നത്. അവിവാഹിതയായ മോഡല്‍ യാതൊന്നുമറിയാത്ത പിഞ്ചു കുഞ്ഞിനെ മുല കൊടുക്കുന്നതായി അഭിനയിച്ചത് ആകുട്ടിയോടു കാട്ടിയ പീഢനമാണെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ ജിലു ജോസറഫിനെതിരേയും ചിത്രം പ്രസദ്ധീകരിച്ച മാതൃഭൂമിക്കെതിരേയും നടപടിയെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ വാദം.

എന്നാല്‍ ചിത്രത്തില്‍ യാതൊരു അശ്ലീലവുമില്ലെന്നാണ് കേരള ഹൈക്കോടതി വിലയിരുത്തി. സദാചരത്തെ മുറിവേല്‍പ്പിക്കുന്നു എന്നത് അബദ്ധമായ കാഴ്ചപ്പാടാണ്. രാജ രവിവര്‍മയുടെ ചിത്രങ്ങള്‍ കാണുന്ന അതേ കണ്ണോടെയാണ് കോടതി ആ ചിത്രം കണ്ടത്. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യവും അശ്ലീലവുമെല്ലാം. ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയാകാമെന്നും കോടതി പറഞ്ഞു. അജന്ത ഗുഹകളിലെ ചുവര്‍ ചിത്രങ്ങളിലും ഗുജരാഹോ ക്ഷേത്രങ്ങളിലെ ചുമര്‍ ചിത്രങ്ങളിലും നാം ആരും അശ്ലീലം കാണുന്നില്ല. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം തന്നെ നാം കൂടതല്‍ പക്വതയുള്ളവരായിരുന്നു. ഇന്ദ്രിയജ്ഞാനബോധത്തോടേയും വിശുദ്ധമായിട്ടുള്ളതെന്ന ബോധത്തോടെയുമായിരുന്നു നാം അവയെ സമീപിച്ചിരുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൃഹലക്ഷ്മിയില്‍ വന്ന ചിത്രത്തില്‍ യാതൊരു അശ്ലീലവും കണ്ടെത്താന്‍ കോടതിക്കു സാധിച്ചില്ല. അതിന്റെ അടിക്കുറിപ്പിലും പുരുഷന്‍മാര്‍ക്കെതിരുള്ള യാതൊന്നും കണ്ടില്ല. അതിനാല്‍ പരാതിക്കാരന്റെ പരാതിക്ക് പ്രസക്തിയില്ല എന്ന്‌കോടതി പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചതോടെ ആശ്വാസമായത് പ്രശസ്ത മോഡല്‍ ജിലു ജോസഫിനാണ്.

(Visited 18 times, 1 visits today)
  • 12
  •  
  •  
  •  
  •  
  •  
  •  
  •  
    12
    Shares