കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വൈദികര്‍ പരസ്യ സമരത്തിലേക്ക്…

Print Friendly, PDF & Email

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക… 14 കേസ്സുകളില്‍ പ്രതി ആയ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലയില്‍ നിന്നും മാറ്റി പൊതുസമ്മതനായ ഒരു അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കുക… സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ ഉടന്‍ തിരിച്ചെടുക്കുക… ഓഗസ്റ്റില്‍ ചേരുന്ന സന്പൂര്‍ണ്ണ സിനഡില്‍ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് ആലഞ്ചേരിയെ മാറ്റി അപ്പസ്തോലിക നിരീക്ഷകന്റെ സാന്നിധ്യത്തില്‍ സിനഡ് യോഗം ചേരുക…എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യപ്രതിഷേധവുമായി വൈദികര്‍ അനിശ്ചിതകാല ഉപവാസ സമരത്തിലേക്ക്.

കര്‍ദ്ദിനാള്‍ താമസിക്കുന്ന ബിഷപ് ഹൗസില്‍ തന്നെയാണ് വൈദികര്‍ ഉപവാസ സമരം നടത്തുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും അതുവരെ പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധം നടത്തുന്ന വൈദികര്‍ പറയുന്നു. കര്‍ദ്ദിനാള്‍ വിളിച്ചുചേര്‍ത്ത ഫൊറോന വികാരിമാരുടെ യോഗത്തിന് പിന്നാലെയാണ് വൈദികര്‍ കര്‍ദിനാളിനെതിരായ പ്രതിഷേധം കടുപ്പിച്ചത്. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കര്‍ദിനാള്‍ ഉത്തരം നല്‍കുന്നില്ല എന്നും നല്‍കിയ ഉത്തരങ്ങളിലാകട്ടെ വ്യക്തതയില്ലെന്നുമാണ് വൈദികര്‍ പറയുന്നത്.

സഭാചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ കാഴചക്കാണ് എറണാകുളം-അങ്കമാലി രൂപത ആസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശക്തമായ ഹയരാര്‍ക്കി നലനില്കുന്ന കത്തോലിക്ക സഭയില്‍ മേധാവികള്‍ക്കെതിരെ തുറന്ന സമരവുമായി വൈദികര്‍ രംഗത്തുവരുന്ന സംഭവം അത്യപൂര്‍വ്വമാണ്. ഈ സാഹചര്യത്തിലാണ് രൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും അനിശ്ചിതകാല ഉപവാസ പ്രാര്‍ത്ഥന എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും പ്രത്യക്ഷസമരത്തിലേക്ക് കടന്നിരിക്കുന്നത്. അഞ്ച് മെത്രാന്മാരടങ്ങിയ സ്ഥിരം സെനഡ് ചര്‍ച്ചക്ക് വൈദികരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും സ്ഥിരം സെനഡിന്‍റെ അദ്ധ്യക്ഷനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തിയുള്ള ഒരു ചര്‍ച്ചക്കേ തങ്ങള്‍ പങ്കെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് സമരം നടത്തുന്ന വൈദികര്‍.

  •  
  •  
  •  
  •  
  •  
  •  
  •