കര്‍ണ്ണാടകത്തിന് തിരിച്ചടി. ദേശീയപാത തുറക്കാന്‍ ഇടക്കാല ഉത്തരവ്

Print Friendly, PDF & Email

ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കാസര്‍കോടുനിന്ന് മംഗലാപരത്തേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്നും മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് യാത്രാതടസ്സം ഉണ്ടാക്കരുതെന്നും കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്ര സർകാറിന്റെ കീഴിലുള്ള ഹൈവേകൾ തടസ്സപെടുത്തിയാൽ നിയമ നടപടി വരെ എടുക്കാമെന്നു പറഞ്ഞ ഹൈകോടതി കര്‍ണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രോഗികളുമായി പോകുന്ന വാഹനങ്ങളെ ഒരു കാരണവശാലും തടയാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ത്യൻ യൂണിയന്റെ ഭാഗം ആയിരിക്കുന്നിടത്തോളം കാലം കർണാടക സർക്കാർ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ്. ഇക്കാര്യം കര്‍ണ്ണാടകം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ കോടതി കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും പറഞ്ഞു. റോഡുകള്‍ അടക്കുന്ന കര്‍ണ്ണാടകയുടെ നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കര്‍ണ്ണാടകയുടെ നീക്കം പിന്‍വലിക്കണം എന്നാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്.

109 ഓളം കോവിഡ്-19 ബാധിച്ച രോഗികള്‍ കാസര്‍കോട് ഭാഗത്തുണ്ട്. എന്നാല്‍ മംഗലാപുരം ഭാഗത്ത് ഇരുപതില്‍ താഴെ രോഗികള്‍ മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കാസര്‍കോട് അതിര്‍ത്തി അടച്ചതെന്നായിരുന്നു കര്‍ണ്ണാടകയുടെ വാദം. എന്നാല്‍ ഈ വാദം തള്ളികളഞ്ഞുകൊണ്ട് ഇതൊരു ദേശീയപാതയാണെന്നും അത് അടച്ചിടാനുള്ള അധികാരം കര്‍ണാടകയ്ക്കില്ലെന്നും കോടതി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണാനാവില്ലെന്നും എല്ലാവരും ഇന്ത്യ എന്ന രാജ്യത്തെ പൗരന്മാരാണെന്നും കോടതി പറഞ്ഞു. റോഡ് അടച്ച വിഷയത്തില്‍ കേന്ദ്രത്തോട് വ്യക്തമായ നിലപാട് സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഇതോടെ പന്ത് കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍ട്ടിലെത്തിരിക്കുകയാണ്. ഇനി കേന്ദ3 സര്‍ക്കാരിന്‍റെ നിലപാടുകളായിരിക്കും നിര്‍ണ്ണായകമാവുക.

  •  
  •  
  •  
  •  
  •  
  •  
  •