കര്‍ണ്ണാടകം: കുമാരസ്വാമിയുടെ ബ്രഹ്മാസ്ത്രത്തില്‍ അടിപതറി ബിജെപി

Print Friendly, PDF & Email

ചൊവ്വാഴ്ച വരെ കർണാടകത്തിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പുറകെ ബ്രഹ്മാസ്ത്രം പുറത്തെടുത്ത് കുമാരസ്വാമി. മന്ത്രിസഭ വിശ്വസ വോട്ട് നേടുവാന്‍ തയ്യാറാണെന്നും സമയം സ്പീക്കര്‍ക്ക് നിശ്ചയിക്കാം എന്നും പ്രഖ്യാപിച്ചാണ് കുമാരസ്വാമി അവസാന ആയുധം പ്രയോഗിച്ചത്. വിശ്വാസവോട്ട് തേടാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കികൊണ്ടാണ് ബിജെപിയുടേയും വിമത എംഎല്‍എ മാരുടേേയും എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് കുമാരസ്വാമി ബിജെപിയെ ഞെട്ടിച്ചത്. തിങ്കളാഴ്ച വിശ്വാസപ്രമേയം സഭയില്‍ വരുമെന്ന് സൂചന നല്‍കികൊണ്ട് വിമത എംഎല്‍എമാരടക്കം എല്ലാ ജെഡിഎസ് – കോൺഗ്രസ് എംഎൽഎമാർക്കും പാർട്ടി വിപ്പ് നൽകിയിരിക്കുകയാണ്. വിപ്പ് ലംഘിച്ച് വിശ്വാസ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ എല്ലാ എംഎൽഎമാരും അയോഗ്യരാകും.

വിമതഎംഎല്‍എമാരുടെ രാജ്യകാര്യത്തില്‍ ചൊവ്വാഴ്ചവരെ യാതൊരു നടപടിയും സ്പീക്കര്‍ എടുക്കരുതെന്നും ഇക്കാര്യത്തില്‍ സ്റ്റാറ്റിസ്കോ നിലനിര്‍ത്തണം എന്നും മാത്രമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. അതിനാല്‍ തന്നെ സഭയില്‍ മറ്റു നടപടികള്‍ സ്വീകരിക്കുന്നതിന് സ്പീക്കര്‍ക്ക് തടസ്സമില്ല. ഈ സാഹചര്യമാണ് കോണ്‍ഗ്രസ് ദള്‍ നേതൃത്വം വിദഗ്ത്തമായി ഉപയോഗിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കത്തും കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് നൽകി കഴിഞ്ഞു. അതിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ബിജെപി നേതാക്കളെ കൂടിക്കാഴ്ചക്ക് സ്പീക്കർ ക്ഷണിച്ചിരിക്കുകയാണ്. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഔദ്യോഗികമായി അറിയിക്കും.

ഭരണം കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ വിമത എംഎല്‍എ മാരെ ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രി കുമാര സ്വാമിയുടേയും കോണ്‍ഗ്രസ്-ദള്‍ നേതൃത്വത്തിന്‍റേയും തീരുമാനം. ഇത് മുന്നില്‍ കണ്ടായിരുന്നു തങ്ങളുടെ രാജികാര്യത്തില്‍ സ്പീക്കറോട് അടിയന്തരമായി തീരുമാനം എടുക്കുവാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ നടപടി അവര്‍ക്കുതന്നെ തിരിച്ചടി ആയിരിക്കുകയാണ്.

ഭരണഘടനയുടെ 190 (3) ബി ചട്ടം അനുസരിച്ച്, രാജി വച്ച അംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. എംഎൽഎമാർ സമ്മർദ്ദം മൂലമാണോ സ്വമേധയാ ആണോ രാജി വച്ചതെന്ന് പരിശോധിച്ച ശേഷം മാത്രം സ്പീക്കർക്ക് അന്തിമതീരുമാനം എടുത്താൽ മതി എന്ന് ഈ ചട്ടം അനുശാസിക്കുന്നു. നിയമസഭയിൽ പരമാധികാരി സ്പീക്കറാണ്. അതിൽ സുപ്രീംകോടതിയ്ക്ക് അടക്കം ഇടപെടുന്നതിന് പരിമിതികളുമുണ്ട്.ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് ഇന്ന് സ്പീക്കർ സുപ്രീംകോടതിയിൽ വാദിച്ചത്. ആ വാദങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സ്പീക്കറുടെ അധികാരപരിധിയുൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരിക്കുന്നതും അതുവരെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതും. അത്തരത്തിൽ സമയമായിരുന്നു കുമാരസ്വാമി സർക്കാരിന് വേണ്ടിയിരുന്നതും.

സഭാസമ്മേളനത്തില്‍ നിര്‍ബ്ബന്ധമായും പങ്കെടുത്ത് സര്‍ക്കാരില്‍ വിശ്വാസം രേഖപ്പെടുത്തണം എന്നുകാട്ടിഎല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയതിലൂടെ, കുമാരസ്വാമി സർക്കാർ വിമതർക്ക് കുരുക്കിടുകയായിരുന്നു. ഇപ്പോൾ മുംബൈയിലുള്ള വിമതർക്ക് വിപ്പ് ലംഘിക്കാനാകില്ല. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വരും. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ വോട്ട് രേഖപ്പെടുത്തുകയും വേണം. സഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുകയോ, സർക്കാരിനെതിരെ വോട്ട് ചെയ്യുകയോ ചെയ്താൽ ചീഫ് വിപ്പിന് ഇത് അയോഗ്യതയ്ക്കുള്ള കാരണമായി കണക്കാക്കാം. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നാൽ ഈ എംഎൽഎമാർ വിപ്പ് ലംഘിച്ചെന്ന് കാണിച്ച് സ്പീക്കർക്ക് ഇവരെ അയോഗ്യരാക്കാം. ഇത് തന്നെ കോടതിയെയും അറിയിക്കുകയും ചെയ്യാം.

വിശ്വാസവോട്ട് ആവശ്യപ്പെട്ട സര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിലെ ആദ്യ ദിവസമായ ഇന്ന് അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കൽ മാത്രമായിരുന്നു അജണ്ടയെന്നും ആ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം നിലനില്‍ക്കില്ല എന്ന് തിരച്ചറിഞ്ഞ ബിജെപി നേതൃത്വം അവരുടെ 105 എംഎൽഎമാർക്കും വിപ്പ് നൽകിയിരിക്കുകയാണ്. അതോടൊപ്പം ഇനിയും കൂടുതല്‍ കാലുവാരല്‍ ഉണ്ടാകരുതെന്ന കണക്കുകൂട്ടലില്‍ എല്ലാം രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ എംഎല്‍എ മാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ്.

  •  
  •  
  •  
  •  
  •  
  •  
  •