കന്യാസ്ത്രീ സമരത്തെ പിന്തുണച്ചും വിശ്വാസികളോട് ക്ഷമചോദിച്ചും ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ്.
പീഡനകേസില്‍ ഫ്രങ്കോ മുളക്കലിനെതിരെ തെരുവിലിറങ്ങിയ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചും വിശ്വാസികള്‍ക്കുണ്ടായ വിശ്വാസതകര്‍ച്ചയില്‍ പരസ്യമായി മാപ്പ് ചോദിച്ചും കത്തോലിക്ക സഭയില്‍ നിന്ന് ആദ്യമായി ഒരു ബിഷപ്പ്. ഫരീദാബാദ് രൂപതയുടെ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങരയാണ് നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് രംഗത്തുവന്നത്. ഇതാദ്യമായല്ല സഭ തെരുവിലിറങ്ങുന്നത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തിനെതിരെ വിശ്വാസികളെ തെരുവിലിറക്കിയത് ആര്‍ച്ച് ബിഷപ്പ് ജോസഫ് കുണ്ടുകുളമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഫരീദാബാദ് രുപതയുടെ ആഭിമുഖ്യത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ മാപ്പുപറച്ചില്‍. അടുത്തിടെയുണ്ടായ പല വിവാദങ്ങളും സഭയെ പിടിച്ചുകുലുക്കിയെന്ന് കുര്‍ബാനക്കിടെ നടന്ന പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പറഞ്ഞു. ഭൂമിവിവാദം, ബലാത്സംഗക്കേസില്‍ അഞ്ച് പുരോഹിതരുടെ അറസ്റ്റ്, കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റ് തുടങ്ങിയവ ആദ്ദഹം ചൂണ്ടിക്കാട്ടി. എന്തിന് കൂദാശക്ക് പോകണം എന്ന് വിശ്വാസികള്‍ ചിന്തിക്കുന്ന നിലവരെയെത്തി. അതില്‍ താന്‍ പരസ്യമായി ക്ഷമചോദിക്കുന്നുവെന്ന് ബിഷപ്പ് വിശ്വാസികളോട് പറഞ്ഞു. നീതിക്കായി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ക്കൊപ്പമാണ് താനെന്ന് പിന്നീട് വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇതാദ്യമായാണ് കന്യാസ്ത്രീ സമരത്തെ ഒരു ബിഷപ്പ് പിന്തുണക്കുന്നത്.
9 - 9Shares