കത്തോലിക്ക സഭയില്‍ പൊട്ടിത്തെറി. വത്തിക്കാനെ പരസ്യമായി ചോദ്യം ചെയ്ത് വൈദികര്‍

Print Friendly, PDF & Email

ഭൂമിവില്പനയെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കും മുൻപേ കർദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി രൂപതയുടെ ചുമതല എൽപിച്ചതിലും, സഹായമെത്രാൻമാരെ നീക്കിയതിലും അതൃപ്തി പരസ്യമാക്കി ഒരു വിഭാഗം വൈദികർ രംഗത്ത്. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കമാണ് മറ നീക്കി പുറത്തുവരുന്നത്. കർദ്ദിനാളിനെതിരെ ഞായറാഴ്ച ഇടവകകളിൽ പ്രമേയം പാസ്സാക്കും. ഒപ്പം വിവരങ്ങൾ മാർപ്പാപ്പയെ അറിയിക്കുകയും ചെയ്യും. പ്രതിഷേധ പരിപാടികൾ ശക്തമാക്കാൻ അതിരൂപത സംരക്ഷണ സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നൽകിയിട്ടുണ്ട്. 319 ഇടവകകളാണ് അതിരൂപതയിലുള്ളത്. ഓരോ ഇടവകയിൽ നിന്നും രണ്ടു പേരെ വീതം ഉൾപ്പെടുത്തിയായിരിക്കും സംരക്ഷണ സമിതി രൂപീകരിക്കുക. പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാൻ ബാങ്ക് അക്കൗണ്ടും തുറന്നു.

ചരിത്രത്തിലാദ്യമായി കേരളത്തിലെ സീറോ-മലബാര്‍ കത്തോലിക്ക സഭയുടെ രണ്ടു മെത്രാന്മാരെ അച്ചടക്ക നടപടികളുടെ പേരില്‍ പുറത്താക്കിയതിനു പിന്നാലെയാണ് വത്തിക്കാനെതിരെ യോഗം കൂടാന്‍ വലിയ ഒരു വിഭാഗം വൈദീകര്‍ തയ്യാറായിരിക്കുന്നത്. മാര്‍പാപ്പയുടെ നേരിട്ടുള്ള ഇടപെടല്‍ കാര്യങ്ങള്‍ക്ക് ശമനം ഉണ്ടാക്കും എന്ന ധാരണ അസ്ഥാനത്താണ് എന്നാണു പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ കത്തോലിക്ക സഭയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നീറിപുകയുന്ന പ്രശ്നങ്ങള്‍ക്ക് അന്തിമ വിരാമം എന്ന നിലയിലാണ് ഒരു വിഭാഗം വൈദികര്‍ക്കെതിരെ ഏതാനം ദിവസങ്ങള്‍ക്കു മുന്‍പ് റോമില്‍ നിന്നും അച്ചടക്ക നടപടികള്‍ ഉണ്ടായത്.

സഭാനേതൃത്വത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകർ നടത്തിയ പ്രാർത്ഥന സംഗമo

251 വൈദികരാണ് കൊച്ചിയിലെ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തത്. അങ്കമാലി അതിരൂപതയില്‍ 450തോളം വൈദികരാണ് സജീവരായുള്ളത്. വരാത്തവര്‍ പലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സമ്മേളനത്തില്‍ പങ്കെടുത്ത വൈദികര്‍ പറയുന്നു. അതിനാല്‍ തങ്ങള്‍ വിമത വൈദികരല്ല എന്നും തങ്ങളെ വിമതരായി പ്രചരിപ്പിക്കുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും വൈദികര്‍ പറയുന്നു. തങ്ങള്‍ ചെയ്യുന്നത് തങ്ങളുടെ കടമമാത്രമാണ്. സത്യത്തിനായി ഒരുമിച്ചു കൂടണമെന്നത് വത്തിക്കാൻ പ്രമാണമാണെന്നും വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമി വിൽപന നടത്തുമ്പോൾ സിനഡിൽ ആലോചിച്ചില്ല. നിയമം പാലിച്ചെങ്കിൽ ഇപ്പോഴത്തെ കേസുണ്ടാകില്ലായിരുന്നു. ഒരു വിശദീകരണവും ഇല്ലാതെയാണ് സഹായമെത്രാൻമാരെ ഇറക്കി വിട്ടത്. സഹായമെത്രാന്മാരെ മാറ്റിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണെന്നാണ് വൈദികര്‍ ആരോപിക്കുന്നു. മെത്രാൻമാരുടെ തെറ്റെന്തെന്ന് കാനോനിക സമിതിയിൽ പറയണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. കാനോനിക നിയമം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ലംഘിച്ചെന്ന രൂക്ഷമായ വിമർശനമാണ് വിമത വൈദികര്‍ ഉയര്‍ത്തുന്നത്. തർക്ക വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിർവഹിക്കാൻ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലീത്തയെ നിയമിക്കണമെന്നും എറണാകുളം അങ്കമാലി രൂപത വൈദിക നേതൃത്വം ആവശ്യപ്പെട്ടു. ഇപ്പോള്‍ കൈകൊണ്ടിട്ടുള്ള നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭാ സ്ഥിരം സിനഡിന് ഉടൻ കത്തു നല്കും. ഭൂമിവില്പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണമെന്നും വൈദീകര്‍ ആവശ്യപ്പെട്ടു.

മാര്‍പാപ്പ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, കര്‍ദിനാള്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ ആണ് പുറത്തു വരുന്നത്. കേരള ‍ കത്തോലിക്ക സഭയിലെ ചില മെത്രാന്മാര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ സ്ഥാനപതി വഴിവിട്ടു അധികാരം ദുര്‍വിനയോഗം ചെയ്യുകയാണ് എന്നു ഒരു വിഭാഗം വൈദികര്‍ ആരോപിക്കുന്നു. അതിരൂപത ഭരണകേന്ദ്രം അധര്‍മികളുടെ കൂടാരമായിരിക്കുകയാണ്. മെത്രാന്മാരെയോ വൈദികരെയോ കേസില്‍ കുടുക്കിയാല്‍ വിശ്വാസികളെ കൂട്ടി തെരുവിലിറങ്ങുമെന്നും വൈദികര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേരളത്തിലെ കത്തോലിക്ക സഭ അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ചരിത്രത്തില്‍ പലതവണ ഇത്തരം രൂക്ഷമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു പിളര്‍പ്പിന്‍റെ വക്കിലേക്ക് പോകുന്നതും വത്തിക്കാന്‍റെ തീരുമാനത്തിനെതിരെ പരസ്യമായി യോഗം ചേരാനും ഔദ്യോഗികമായി കത്തോലിക്ക സഭയോട് സഹകരിക്കില്ല എന്ന് കത്തോലിക്ക സഭാധികാരികളെ അറിയിക്കുവാനും വൈദീകര്‍ തീരുമാനിക്കുന്നതും സഭയില്‍ നടക്കുന്ന അപൂര്‍വ്വ സംഭവമാണ്.  കർദിനാളിനെതിരെ പരസ്യ യോഗം ചേർന്ന വിഭാഗത്തിനെതിരെ ഔദ്യോഗിക പക്ഷം നടപടിക്കൊരുങ്ങുന്നതായാണ് പുറത്തു വരുന്ന വിവിരങ്ങള്‍. വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പത്തോളം വൈദികരെ സഭാ നടപടികളിൽ നിന്നും വിലക്കുന്നതടക്കമുള്ള നടപടികൾ എടുക്കുന്നതിനാണ് നീക്കം തുടങ്ങിയിരിക്കുന്നത്. ഇതുവഴി വിമത പ്രവർത്തനങ്ങൾക്ക് തടയിടാനാകുമെന്നാണ് കർദ്ദിനാൾ അനുകൂലികൾ കരുതുന്നത്. അത്തരം നടപടികളിലേക്ക് സഭാ നേതൃത്വം നീങ്ങിയാല്‍  ഒരു പിളര്‍പ്പിലേക്കായിരിക്കും സഭ നീങ്ങുക.

ലത്തീന്‍ സഭയുള്‍പ്പെടെ കേരളത്തിലെ മെത്രാന്മാരുടെ കോടികണക്കിന് രൂപയുടെ അനധികൃത നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്‍റെ പ്രതികാരമാണ് വത്തിക്കാന്‍റെ നിലവിലെ നടപടികള്‍ എന്നും വിമതപക്ഷത്തെ വിശ്വാസികളും പുരോഹിതരും ആരോപിക്കുന്നു. എറണാകുളം രൂപതാ അഡ്മിനിസ്റ്റേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മാനത്തോടത്തിന്‍റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടിരുന്നു, എന്നാല്‍ ഇത് വ്യാജരേഖയാണ് എന്ന പരാതിയില്‍ അതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി സഭയിലെ പ്രശ്നങ്ങങ്ങള്‍ ഗൗരവമായ രീതിയില്‍ പോപ്പിന്‍റെ സമക്ഷം എത്തിക്കുന്നില്ല എന്നും അദ്ദേഹം മെത്രാന്മാരുടെ ആഢംബര ജീവിതത്തിനും സ്വത്ത് സംബാദനത്തിനും കൂട്ടു നില്‍ക്കുകയാണെന്നും ബിഷപ്പ് ഫ്രാങ്കോയെ പോലുള്ളവരുടെ അടുത്ത സുഹൃത്താണന്നും ഒക്കെ ഉള്ള ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. വേണ്ടി വന്നാല്‍ മെത്രാന്മാര്‍ അടക്കമുള്ള വൈദികര്‍ സഭവിട്ടു മറ്റുസഭകളിലേക്ക് പോകാന്‍ ഒരുങ്ങുന്നന്‍റെ സൂചനകളും പുറത്തുവരുന്നുണ്ട്.

വൈദികര്‍ നടത്തിയ പത്രസമ്മേളനം (വീഡിയോ മനോരമ ന്യൂസ്)

Syro Malabar sabha issues

സഹായ മെത്രാന്മാർ ചെയ്ത തെറ്റ് എന്തെന്ന് കർദിനാൾ പറയണം; തുറന്നടിച്ച് വൈദികർ #SyroMalabarSabha #Cardinal #SabhaIssues #CardinalMarGeorgeAlencherry

Публикувахте от Manorama News TV в Вторник, 2 юли 2019 г.

  •  
  •  
  •  
  •  
  •  
  •  
  •