ഓഖി ചുഴലിക്കാറ്റ്: സംസഥാനത്തിന് വന്‍ നഷ്ടം.1126 വീടുകള്‍ തകര്‍ന്നു. 6335പേര്‍ ദുരുാശ്വാസ ക്യാമ്പുകളില്‍

Print Friendly, PDF & Email

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 23 കോടിയിലേറെ രൂപയുടെ നഷ്ടം വന്നതായി പ്രാഥമിക കണക്കുകള്‍. സംസ്ഥാനത്താകെ 1126 വീടുകള്‍ തകര്‍ന്നു. 1138 കര്‍ഷകര്‍ക്ക് 15 കോടിയിലേറെ കൃഷിനാശം സംഭവിച്ചു. 938 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശമുണ്ടാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചിരിക്കുന്നത്. എന്നാല്‍, അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ നഷ്ടക്കണക്ക് ഇനിയുമേറും. ദുരന്തത്തില്‍ കടലില്‍ നഷ്ടമായ ബോട്ടുകളുടെ കണക്ക് റവന്യു വകുപ്പിന്റെ നഷ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പരിശോധിച്ച് മഝ്യബന്ധന വകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. 579 വീടുകളാണു തിരുവനന്തപുരം ജില്ലയില്‍ തകര്‍ന്നത്. 55 എണ്ണം പൂര്‍ണമായും 524 എണ്ണം ഭാഗികമായും തകര്‍ന്നു. എറണാകുളം ജില്ലയില്‍ 374 വീടുകളാണ് തകര്‍ന്നത്. കൊല്ലം 138, ആലപ്പുഴ 28, കോട്ടയം ഒന്ന്, പാലക്കാട് നാല്. കാസര്‍കോട് നാല് എന്നിങ്ങനെയാണ് തകര്‍ന്ന വീടുകളുടെ പ്രാഥമിക കണക്കുകള്‍. കടലാക്രമണത്തെ തുടര്‍ന്നാണ് കൂടുതല്‍ നാശനഷ്ടം, കാറ്റില്‍ മരങ്ങള്‍ വീണും മേല്‍ക്കൂര പറന്നുപോയും മറ്റുമാണു നാശം. ദുരന്തത്തിന്റെ വിശദമായ കണക്കുകള്‍ ശേഖരിക്കാന്‍ വില്ലേജ് ഓഫിസ് അധികൃതര്‍ക്ക് റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫീസ് അധികൃതര്‍ തകര്‍ന്ന വീടുകളില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എറണാകുളം ജില്ലയില്‍ നാല് കോടിയിലേറെ രൂപയുടെ നഷ്ടവും തിരുവനന്തപുരം ജില്ലയില്‍ രണ്ടര കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക കണക്കുകള്‍. എന്നാല്‍, അനൗദ്യോഗികമായി നഷ്ടം ഇതിന്റെ ഇരട്ടിയിലേറെ വരും. ആലപ്പുഴ, കൊല്ലം, തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകളിലും കാര്യമായ നഷ്ടമുണ്ട്.

ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരും വീടുപേക്ഷിച്ച് പോകേണ്ടിവന്നവരുമടക്കം 529 കുടുംബങ്ങളിലെ 6335 പേരെ സംസ്ഥാനത്താകെ തുറന്ന 32 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 2648 പേരാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ 13 ക്യാമ്പുകളിലായി 2671 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊല്ലത്ത് 273 പേരെയും ആലപ്പുഴയില്‍ 220 പേരെയും കോട്ടയത്ത് 120 പേരെയും ക്യാമ്പുകളിലേക്ക് മാറ്റി. വയനാട് ജില്ലയിലെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 527 പേരും കണ്ണൂരില്‍ 49 പേരും കാസര്‍കോട് 27 പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. .

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം

ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സാ സഹായത്തിന് അനുവദിച്ച 5000 രൂപ ഉള്‍പ്പെടെ 15,000 രൂപ നല്‍കുമെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 5000 രൂപയും നല്‍കും. കാറ്റില്‍ ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ തുക നിശ്ചയിച്ച് നഷ്ടപരിഹാരമായി നല്‍കും. മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും നഷ്ടപരിഹാരം അനുവദിക്കുക. തീരദേശവാസികള്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കാന്‍ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 393 പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്. തിരുവനന്തപുരം 132, കോഴിക്കോട് 66, കൊല്ലം 55, തൃശൂര്‍ 40, കന്യാകുമാരി 100 എന്നിങ്ങനെയാണ് രക്ഷപ്പെടുത്തിയവരുടെ കണക്ക്. ഇതിനു പുറമെ ലക്ഷദ്വീപിലെ കല്‍പേനിയില്‍ 12 ബോട്ടുകളിലായി 138 പേര്‍ എത്തിയിട്ടുണ്ട്. ആന്ത്രോത്തില്‍ ഒരു ബോട്ടും കിത്താനില്‍ രണ്ട് ബോട്ടുകളുമാണ് എത്തിയിട്ടുള്ളത്. ചട്‌ലറ്റില്‍ 15 പേരുമായി ഒരു ബോട്ട് കരക്കെത്തി. കടലില്‍ അകപ്പെട്ടുപോയവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

(Visited 46 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.