ഒരു കേരള-ബാംഗ്ലൂർ യാത്രാവിലാപം

Print Friendly, PDF & Email

കല്ലട ട്രാവല്‍സില്‍ യാത്രക്കാരെ മര്‍ദ്ദിച്ചത് സോഷ്യല്‍ മീഡികളില്‍ വിമര്‍ശനം അഴിച്ചുവിട്ടതിന്‍റെ പന്നാലെ യാത്രക്കാര്‍ക്ക് കല്ലടബസ്സില്‍ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവങ്ങളുടെ പുതുയ പുതിയ കഥകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. അത്തരം ഒരു ഞെട്ടിപ്പിക്കുന്ന അനുഭവവുമായി വന്നിരിക്കുയാണ് ബാംഗ്ലൂരില്‍ സ്ഥിരവാസമാക്കിയ സുകന്യ കൃഷ്ണന്‍. സുകന്യ കൃഷ്ണന്‍ പുറത്തുവിട്ട അനുഭവകഥ സോഷ്യല്‍ മീഡിയയില്‍ തരംഗമാവകയാണ്. സുകന്യ കൃഷ്ണയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം..

ഒരു കേരള-ബാംഗ്ലൂർ യാത്രാവിലാപം
ഏകദേശം ഒരു വർഷത്തിന് മേലെയായി ഈ സംഭവം നടന്നിട്ട്. ഒരു പരീക്ഷയുടെ ആവശ്യങ്ങൾക്കായി ബാംഗളൂരിൽ നിന്നും തിരുവനന്തപുരം വരെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. തിരികെ വരുവാൻ ടിക്കറ്റ് ബുക്ക് ചെയ്തത് നിർഭാഗ്യവശാൽ കല്ലട ബസ്സിലാണ്. യാത്രയുടെ തലേ ദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.

രാത്രിയാത്ര ആയതിനാലും അടുത്തദിവസം ജോലിക്ക് പോകേണ്ടതിനാലും യാത്രാസൗകര്യം കണക്കിലെടുത്തും ഒരു സ്ലീപ്പർ ടിക്കറ്റ് എടുത്തു. സിംഗിൾ സ്ലീപ്പർ എല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാൽ ബസ്സിന്റെ പിൻസീറ്റിന്റെ ഭാഗത്തായി ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത് ആയിരുന്നു എനിക്ക് ലഭിച്ചത്.

എന്റെ ബർത്തിനൊപ്പമുള്ള ബർത്ത് മറ്റു സ്ത്രീകൾക്ക് ബുക്ക് ചെയ്യുവാനും സാധിക്കും. പക്ഷേ, ബസ് യാത്ര തുടങ്ങും വരെ ആ ബർത്ത് ആരും ബുക്ക് ചെയ്തിരുന്നില്ല എന്ന് ബുക്കിംഗ് ആപ്പിൾ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു.

ബസ് യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഞാൻ ഉറങ്ങാൻ കിടന്നു. ഒരുപാട് അലഞ്ഞ ഒരു ദിവസമായിരുന്നതിനാൽ നല്ല ക്ഷീണവുമുണ്ടായിരുന്നു. അതിനാൽ തന്നെ പെട്ടെന്ന് ഉറങ്ങിപ്പോയി.

ഉറക്കത്തിനിടയിൽ ആരോ എന്നെ തട്ടിയുണർത്തി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാൻ കിടക്കും മുൻപ് ഞാൻ മൂടിയ കർട്ടനുകൾ തുറന്നിരിക്കുന്നു. കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യൻ എന്റെ മുന്നിൽ… സ്ലീപ്പറിന്റെ കോണികൾ പകുതി കയറി നിൽക്കുകയാണ് അയാൾ.

ആരാണ്? എന്താണ് വേണ്ടത്? എന്നൊക്കെ ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു… “ഞാൻ ഈ ബസ്സിലെ സ്റ്റാഫ്‌ ആണ്. എന്റെ ഷിഫ്റ്റ് കഴിഞ്ഞു. ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്. എനിക്കൊന്നുറങ്ങണം… കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ…”

അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാൾ എന്നോട് സംസാരിക്കുമ്പോൾ തന്നെ മദ്യത്തിന്റെ സ്മെൽ വല്ലാതെ വരുന്നുണ്ടായിരുന്നു. സകല ധൈര്യവും എടുത്ത് ഞാൻ അയാളോട് “പറ്റില്ല” എന്ന് പറഞ്ഞു.

അയാൾ എന്നോട് കുറേ തർക്കിച്ചു. ഒടുവിൽ മുൻവശത്തെ സീറ്റുകളിൽ നിന്ന് ഒന്ന് രണ്ട് ചേട്ടന്മാർ വന്നു കാര്യം തിരക്കി. നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു. പ്രശ്നം വഷളാകും എന്ന് മനസ്സിലാക്കിയതിനാലാകണം അയാൾ ഡ്രൈവറുടെ ഭാഗത്തേക്ക് നടന്നു പോയി.

പക്ഷേ, ആ രാത്രി പിന്നീട് എനിക്ക് ഉറങ്ങുവാൻ സാധിച്ചില്ല. ആകെപ്പാടെ ഒരു പേടിയായി. അയാൾ പിന്നെയും വരുമോ എന്നായി ചിന്ത. അപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു. അടിയന്തിര സഹായം ആവശ്യപ്പെട്ടപ്പോൾ അവരുടെ മറുപടിയും വിചിത്രമായിരുന്നു. “നാളെ ബാംഗളൂരിൽ എത്തിയശേഷം വിശദമായ ഒരു ഇമെയിൽ അവർക്ക് അയച്ചാൽ, അവർ അന്വേഷിക്കാം.” എന്നായിരുന്നു അവരുടെ മറുപടി.

ഒന്ന് രണ്ട് അടുത്ത സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ വിശദമായി സംസാരിച്ചു. എന്റെ ലൈവ് ലൊക്കേഷനും ബസ്സിന്റെ വിവരങ്ങളും അവരുമായി പങ്കുവെച്ചു. കല്ലടയുടെ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.

ഒടുവിൽ ബാംഗളൂരിൽ വന്ന് ഇറങ്ങിയതും, മടിവാള പോലീസ് സ്റ്റേഷനിൽ എത്തി വണ്ടി നമ്പറും മറ്റു വിവരങ്ങളും അടക്കം പരാതി നൽകിയെങ്കിലും, അവർ എന്നെ പിന്തിരിപ്പിച്ച് അയച്ചു. മറ്റൊരു സംസ്ഥാനത്തിന്റെ പരിധിയിൽ നടന്ന സംഭവത്തിൽ അവർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുവാൻ സാധിക്കില്ല എന്നും, സംഭവം നടന്നപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു വേണ്ടതെന്നൊക്കെ പറഞ്ഞ് കുറേ ഉപദേശവും നൽകിയിരുന്നു. എന്റെ പരാതി സ്വീകരിക്കണം എന്ന് ഞാൻ വാശി പിടിച്ചു. ഒടുവിൽ എന്റെ പരാതി വാങ്ങിയെങ്കിലും, കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാം എന്നായിരുന്നു പോലീസുകാരുടെ മറുപടി. പക്ഷേ, നാളിതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല, യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന് അയച്ച കംപ്ലയിന്റ് മെയിലിനു ഇന്നുവരെ ഒരു മറുപടിയും വന്നിട്ടില്ല. ശാപമോക്ഷവും കാത്ത് ഇന്നും ആ ഇമെയിൽ അവരുടെ ഇൻബോക്സിൽ കിടക്കുന്നുണ്ടാകും…

സുകന്യ കൃഷ്ണന്‍

 

(Visited 25 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •