ഒടുവില്‍ പിഎസ്സി സമ്മതിച്ചു… ‘പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ക്രമക്കേട്’
പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് ഒടുവില്‍ പിഎസ്സി സമ്മതിച്ചു. പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഒന്നും രണ്ടും 28ഉം റാങ്ക് നേടിയ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ തട്ടിപ്പ് നടത്തിയാണ് ഉന്നത റാങ്ക് നേടിയതെന്ന് പി എസ് സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണ സമിതി സ്ഥിരീകരിച്ചു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന.
പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്സി ശുപാര്‍ശ ചെയ്തു. ഇവര്‍ മൂന്നുപേരെയും പിഎസ് സി റാങ്ക് പട്ടികയില്‍നിന്ന് നീക്കം ചെയ്യാനും പിഎസ് സ്സി പരീക്ഷകളില്‍ നിന്ന് ആജീവനാന്തകാലത്തേക്ക് അയോഗ്യരാക്കാനും മൂന്നുപേരുടേയും പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് ശുപാര്‍ശ ചെയ്യാനും പി എസ് സി തീരുമാനിച്ചു.
പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. യൂണിവേഴ്സിറ്റി കോളേജിലെത്തിയ ശേഷം അധ്യാപകരുടെ സഹായത്തോടെ ചോദ്യപേപ്പര്‍ ചോര്ത്തിയിരിക്കാനാണ് സാധ്യത എന്നാണ് പിഎസ്സി വിജിലന്‍സ് കരുന്നത്. ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. കേരള പൊലീസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നും സംശയിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, എന്നിവര്‍ അറസ്റ്റിലായതോടെ നടന്ന അന്വേഷണത്തിലാണ് പിഎസ്സി നടത്തിയ പോലീസ് കോണ്സറ്റബിള് പരീക്ഷയില്‍ ഇവര്‍ നേടിയ ഉന്നത റാങ്കിനെ പറ്റി സംശയം ഉണ്ടായത്. മുഖ്യമന്ത്രിയും പിഎസ്സി ചെയര്‍മാനു മടക്കം സംസ്ഥാന ഭരണ നേതൃത്വത്തിലെ പല ഉന്നതരും പിഎസ്സിയെ ന്യായീകരിച്ച് രംഗത്തു വന്നിരുന്നുവെങ്കിലും പൊതു സമൂഹത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിഎസ്സി വിജിലന്‍സ് വിഭാഗത്തെ കൊണ്ട് അന്വേഷണം നടത്തുവാന്‍ പിഎസ്സി നിര്‍ബ്ബന്ധിതരാവുകയായിരുന്നു. വരും ദിവസങ്ങളില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വിവരങ്ങളാണ് പിഎസ്സി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലൂടെ പുറത്തു വരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയാണെങ്കില് റാങ്ക്ലിസ്റ്റ് തന്നെ റദ്ദാക്കപ്പെടുവാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.